- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയെ പൂർണ്ണമായും തള്ളാതെ യൂറോപ്യൻ യൂണിയൻ; ഉപരോധത്തിൽ വീഴാതെ റഷ്യയെ ചൈന താങ്ങി നിർത്തും; എണ്ണയും ഗ്യാസും മുടങ്ങാതെ വാങ്ങി ചൈന സൂക്ഷിക്കും; നാറ്റോ മൗനം പാലിച്ചതോടെ ജനങ്ങൾക്ക് തോക്ക് നൽകി റഷ്യൻ സൈന്യത്തിനു മുൻപിൽ പിടിച്ചു നില്ക്കാൻ യുക്രൈൻ പരിശ്രമം
മോസ്ക്കോ: ലോകത്തിലെ എറ്റവും വലിയ പണമിടപാട് സംവിധാനത്തിൽ നിന്നും റഷ്യയെ പുറത്താക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തിൽ യൂറോപ്യൻ യൂണിയനിൽ കടുത്ത മർഷം. അന്താരാഷ്ട്ര പണമിടപാടുകളിൽ പകുതിയോളവും നടക്കുന്ന സ്വിഫ്റ്റിൽ നിന്നും റഷ്യയെ പുറത്താക്കുവാൻ ഇന്നലെ ജി 7 രാജ്യങ്ങളോട് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. എന്നാൽ, നിരവധി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തി. എന്നാൽ, എതൊക്കെ രാജ്യങ്ങളാണ് ഈ നിർദ്ദേശത്തെ എതിർത്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയില്ല.
അതേസമയം, റഷ്യയെ സ്വിഫ്റ്റിൽ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി എതിർപ്പ് വന്നത് യൂറോപ്യൻ യൂണിയനിൽ നിന്നായിരുന്നു എന്ന് ജോ ബൈഡൻ വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു നിർദ്ദേശം നിലവിലുണ്ടെന്നും യൂറോപ്പ് ആഗ്രഹിച്ചാൽ അത് നടക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ബെൽജിയം ആസ്ഥാനമാക്കിയുൾല വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലിക്കമ്മ്യുണിക്കേഷൻ എന്ന സ്വിഫ്റ്റ് അന്താരാഷ്ട്ര തലത്തിൽ തന്നെ പണമിടപാടുകൾ സാധ്യമാക്കുന്ന സംവിധാനമാണ്.
പുടിൻ ഭരണകൂടത്തിനു മേൽ കനത്ത സാമ്പത്തിക ആഘാതം ഏൽപിക്കുവാൻ റഷ്യയെ സ്വിഫ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ബോറിസ് ജോൺസൺ പറയുന്നത്. അദ്ദേഹം അതിനായി തീവ്രമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദെഹത്തോടടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി തന്നെ ജി 7 രാഷ്ട്രങ്ങളുടെ യോഗത്തിൽ സമർപ്പിച്ചതായും ബോറിസ് ജോൺസന്റെ വക്താവ് അറിയിച്ചു.
അതേസമയം, ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ജർമ്മനിയും ഇറ്റലിയുമാണ് ഈ നിർദ്ദേശത്തെ എതിർത്തത് എന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയോ അല്ലെങ്കിൽ യൂറോപ്യൻ യൂണിയനോ ഈ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞതായും അവർ റിപ്പോർട്ട് ചെയ്യുന്നു. അതായത്, ഈ രണ്ടു രാജ്യങ്ങൾ എതിർത്തതിനാൽ, ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന യൂറോപ്യൻ യൂണീയന്റെ സാമ്പത്തിക ഉപരോധത്തിൽ സ്വിഫ്റ്റിൽ നിന്നും റഷ്യയെ പുറത്താക്കുന്ന നടപടി ഉണ്ടാകില്ല എന്ന് ചുരുക്കം.
അതേ സമയം ലിത്വാനിയയെ പോലുള്ള ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഇതിനായി കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. പാശ്ചാത്യരുടെ നിഷ്ക്രിയത്വം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബോറിസ് ജോൺസൻ കഴിഞ്ഞദിവസം ഒലാഫ് ഷോൾസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതേസമയം റഷ്യയിൽ നിന്നുള്ള പ്രകൃതിവാതകം ലഭ്യമല്ലാതെ ആയാൽ അത് തങ്ങളുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് യൂറോപ്യൻ രാജ്യങ്ങൾ റഷ്യയൊട് കൂടുതൽ മൃദു സമീപനം സ്വീകരിക്കുവാൻ കാരണമാകുന്നത്.
അതേസമയം യൂറോപ്യൻ രാജ്യങ്ങൾ പ്രകൃതിവാതകത്തിനും മറ്റും മറ്റ് സ്രോതസ്സുകൾ തേടിപ്പോയാലും റഷ്യയെ സഹായിക്കുവാൻ ചൈന എത്തുമെന്നും നിരീക്ഷകർ കരുതുന്നു. റഷ്യയിൽ നിന്നും പ്രകൃതിവാതകവും എണ്ണയുമെല്ലം അധികമായി വാങ്ങി ശേഖരിക്കാൻ ചൈനയ്ക്ക് കഴിയും. അതേസമയം, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകരാതിരിക്കാൻ വളരെ സൂക്ഷിച്ചു മാത്രമെ ചൈന ഇക്കാര്യത്തിൽ ഇടപെടുകയുള്ളു.
അടുത്ത കാലത്തായി ചൈനയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ബന്ധം കൂടുതൽ ശക്തമായി വരുന്നുണ്ട്. പല ലോകരാജ്യങ്ങളും നയതന്ത്രപരമായി ബഹിഷ്കരിച്ച ബെയ്ജിങ് വിന്റർ ഒളിമ്പിക്സിൽ പുടിൻ പങ്കെടുത്തിരുന്നത് ഇതിനുള്ള തെളിവാണ്. അത്തരത്തിൽ റഷ്യയെ സഹായിക്കാൻ ചൈന മുന്നിട്ടിറങ്ങിയാൽ പാശ്ചാത്യ ശക്തികളുടെ ഉപരോധം വലിയൊരു അളവ് വരെ ഫലം കാണാതെ പോകും. എന്നാൽ, പാശ്ചാത്യരുമായുള്ള ബന്ധം തകർത്തുകൊണ്ട് ചൈന അതിന് ശ്രമിക്കുമോ എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.
അതിനിടയിൽ, നാറ്റോ സഖ്യത്തിൽ നിന്നും കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കാനില്ലെന്ന് തിരിച്ചറിഞ്ഞ യുക്രെയിൻ തങ്ങളുടേ പൗരന്മാർക്ക് ആയുധം നൽകി റഷ്യൻ സൈന്യത്തെ ചെറുക്കാനുള്ള പരിശ്രമത്തിലാണ്. യുക്രെയിൻ നാറ്റോ അംഗമല്ലാത്തതിനാൽ നേരിട്ട് യുദ്ധത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് നാറ്റോയ്ക്കുള്ളത്. അതേസമയം, നാറ്റോ അംഗരാജ്യങ്ങളുടെ അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ അമേരിക്ക ശക്തമായി തിരിച്ചടിക്കുമെന്ന് ജോ ബൈഡനും പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്