ന്യൂഡൽഹി: യുഎസിൽനിന്ന് അടുത്തിടെ വാങ്ങിയ ആയുധശേഖരങ്ങൾ ചൈനീസ് അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. അതിർത്തിയെച്ചൊല്ലി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിർണായകനീക്കം നടത്തിയത്. ഭൂട്ടാനുമായും ടിബറ്റുമായും ചേർന്നു നിൽക്കുന്ന തവാങ് പീഠഭൂമി പ്രദേശത്താണ് ഇന്ത്യ ആയുധ വിന്യാസം നടത്തിയത്. കിഴക്കൻ ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ പ്രദേശത്ത് യുഎസ് നിർമ്മിത ചിനൂക് ഹെലികോപ്റ്റർ, പീരങ്കികൾ, തോക്കുകൾ എന്നിവയും ഇന്ത്യയിൽ നിർമ്മിച്ച സൂപ്പർസോണിക് ക്രൂസ് മിസൈലുകളും പുത്തൻ നിരീക്ഷണ സംവിധാനങ്ങളുമായിരിക്കും അതിർത്തി സംരക്ഷണത്തിന് ഇനി ഉപയോഗിക്കുക.

ദോക്ലായിൽ സംഘർഷമുണ്ടായ സംഭവത്തിനു ശേഷമാണ് ഇന്ത്യ ആയുധ, സൈനിക വിന്യാസങ്ങൾ വേഗത്തിലാക്കിയത്. ദോക്ലാ വിഷയത്തിൽ ഇന്ത്യചൈനീസ് സൈനികർ തമ്മിലുള്ള ചർച്ചകൾ മാസങ്ങളായി തുടരുകയാണ്. ചൈനീസ് ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്നാണ് ഇന്ത്യ ആയുധ വിന്യാസവുമായി മുന്നോട്ടു പോയതെന്ന് ന്യൂഡൽഹി ഒബ്‌സർവർ റിസർച് ഫൗണ്ടേഷൻ സെന്റർ ഫോർ സെക്യൂരിറ്റി, സ്ട്രാറ്റജി ആൻഡ് ടെക്‌നോളജി ഡയറക്ടർ രാജേശ്വരി പിള്ള രാജഗോപാലൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇന്ത്യ ചൈന തർക്കങ്ങൾക്കിടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുഎസിൽനിന്ന് വാങ്ങിയ ആയുധങ്ങളാണിത്. കഴിഞ്ഞ ആഴ്ച ഇന്ത്യൻ സൈനികരോടൊപ്പം മാധ്യമ പ്രവർത്തകരുടെ സംഘവും മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. മേഖലയിൽ മൗണ്ടൻ സ്‌ട്രൈക്ക് കോർ തയാറായിക്കഴിഞ്ഞതായി ഇസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റ്‌നന്റ് ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.കിഴക്കൻ അതിർത്തിയിലെ നിയന്ത്രണ രേഖയിൽ ചൈനീസ് പട്രോളിങ് വർധിച്ചിട്ടുണ്ട്. ലഡാക്കിലെ സംഘർഷത്തിന് പിന്നാലെയാണ് ചൈനയും പട്രോളിങ് വർധിപ്പിച്ചത്.

ഇന്ത്യയ്ക്കു നിലവിൽ ആവശ്യമുള്ളത്രയും സൈനികർ മേഖലയിലുണ്ടെന്ന് ജനറൽ പാണ്ഡെ വ്യക്തമാക്കി. ഏറ്റുമുട്ടലുണ്ടായാൽ തവാങ്ങിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ഏവിയേഷൻ ബ്രിഗേഡും ഇന്ത്യയ്ക്കു കരുത്താകും. രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയിലെ ജാപ്പനീസ് സൈന്യത്തിനെതിരെ യുഎസ് സേനാ നീക്കം നടത്തിയത് ഇവിടെനിന്നാണ്. ഇവിടെയാണ് ചിനൂക് ഹെലികോപ്റ്ററുകളുള്ളത്.പർവത മേഖലയിൽ ആയുധങ്ങളും സൈനികരെയും അതിവേഗം എത്തിക്കാൻ ഇതു സഹായകമാകും. ഇസ്രയേൽ നിർമ്മിത ആളില്ലാ വിമാനങ്ങളും ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളെ ശക്തമാക്കുന്നു.

അതിർത്തിയിലേക്ക് എളുപ്പം എത്താവുന്ന രീതിയിൽ 13,000 അടി ഉയരത്തിൽ തുരങ്കപാതയും ഇന്ത്യ നിർമ്മിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇരട്ട ലൈൻ തുരങ്കമാണിത്. അടുത്ത ജൂണോടെ പ്രവർത്തന ക്ഷമമാകുമെന്ന് ടണലിന്റെ പ്രോജക്ട് ഡയറക്ടറായ കേണൽ പ്രക്ഷിത് മേത്ത പറഞ്ഞു. തുരങ്കം വഴിയുള്ള യാത്രയിലൂടെ സൈന്യത്തിന് യാത്രാദൈർഘ്യം മണിക്കൂറുകളോളം കുറയ്ക്കാം. ചൈന അറിയാതെ സൈനികനീക്കം സാധ്യമാക്കാം. ചൈനീസ് അതിർത്തിയിൽ റോഡുകളുടെ നിർമ്മാണവും ഇന്ത്യ സജീവമാക്കി.

അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കാൻ ചൈന പുതിയ നിയമം കൊണ്ടുവന്നതും ഇന്ത്യൻ നീക്കത്തിനു കാരണമായതായി അവർ പറഞ്ഞു. കഴിഞ്ഞ ആഴ്ച ചൈന പാസാക്കിയ നിയമം അതിർത്തി പ്രശ്‌നങ്ങളെ ബാധിച്ചേക്കാമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനീസ് അതിർത്തിയിലേക്ക് അയയ്ക്കുന്ന സൈനികരുടെ എണ്ണവും ഇന്ത്യ വർധിപ്പിച്ചു. 1962ൽ ചൈന തവാങ്ങിലേക്കു കടന്നുകയറിയ സംഭവവും കേന്ദ്രസർക്കാരിനു മുന്നിലുണ്ട്.

ഈ സമയത്ത് ഇന്ത്യൻ സൈന്യത്തിലെ പോരായ്മകൾ ചൈനയ്ക്കു മുൻതൂക്കം നൽകിയിരുന്നു. ആവശ്യം വന്നാൽ ചൈനയ്ക്കിട്ട് തവാങ്ങിൽതന്നെ 'ആദ്യ ഇടി' നൽകാൻ ഇന്ത്യ പദ്ധതിയിടുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സേനയ്ക്ക് ഏറെ നിർണായകമായ പ്രദേശമാണിത്. വിവിധ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിനൊപ്പം മധ്യഇന്ത്യയെയും വടക്കു കിഴക്കൻ ഇന്ത്യയെയും ബന്ധിപ്പിക്കുന്ന മേഖല കൂടിയാണിത്.

ഏറെക്കാലമായി ചൈന അവകാശവാദം ഉന്നയിക്കുന്ന മേഖലയാണിത്. 1959ൽ ചൈനീസ് സൈനിക നീക്കത്തെ തുടർന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലേക്കു രക്ഷപ്പെട്ടത് ഇതിനു സമീപത്തെ പർവതം വഴിയാണ്. മൂന്ന് വർഷത്തിനു ശേഷം ഇതേ മേഖലയിൽ ഇന്ത്യ ചൈന ഏറ്റുമുട്ടലും നടന്നു.