- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2028ൽ ചൈന യുഎസിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും; കോവിഡ് പ്രതിസന്ധി യുഎസിനെ തളർത്തിയപ്പോൾ നേട്ടമുണ്ടാക്കിയത് ചൈന തന്നെ; ഇന്ത്യയും സാമ്പത്തിക രംഗത്ത് കുതിപ്പിൽ തന്നെ; സാമ്പത്തിക ശക്തിയിൽ 2030-ൽ ലോകത്ത് മൂന്നാമതെത്തും; വരുന്ന പതിറ്റാണ്ട് ലോകം ഭരിക്കുക ഏഷ്യൻ രാജ്യങ്ങൾ
ലണ്ടൻ: ലോകത്ത് കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റിയ രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് ചൈന. കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈന ആണെങ്കിലും അത് ലോകത്തെ മുഴുവൻ സാരമായി ബാധിച്ചു. അമേരിക്കയുടെ സാമ്പത്തി ശേഷിയെ അപ്പാടെ തകർക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെയും കോവിഡ് സാരമായി ബാധിച്ചു. മിക്ക രാജ്യങ്ങളെുയും പ്രതിസന്ധി തുറിച്ചു നോക്കിയപ്പോൾ ഇപ്പോൾ ചൈനയിൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ട്.
ലോകത്ത് സമ്പത്തിന്റെ കണക്കിൽ ലോകത്തെ ഭരിക്കുന്ന അമേരിക്കയെ ചൈന കടത്തിവെട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായ അമേരിക്കയെ ചൈന എട്ട് വർഷത്തിനകം മറികടക്കുമെന്ന് പഠന റിപ്പോർട്ട്. സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് നടത്തിയ പഠനത്തിലാണ് ഇങ്ങനെ തെളിഞ്ഞത്. മുൻപ് നടന്ന പഠനങ്ങളെക്കാൾ അഞ്ച് വർഷം മുൻപെ തന്നെ ചൈന ഒന്നാമനാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് പ്രതിസന്ധിയിലാക്കിയ സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാൻ ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ സെന്റർ പഠനവിധേയമാക്കി.
ഇതിൽ ചൈന, അമേരിക്കയെ ബഹുദൂരം പിന്നിലാക്കിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ കുറച്ച് കാലമായി ആഗോള സാമ്പത്തിക രംഗത്തിന്റെ ചലനങ്ങൾ എന്നത് ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, അധികാര തർക്കങ്ങളായിരുന്നു. കോവിഡ് മൂലമുണ്ടായ തകർച്ച തീർച്ചയായും ചൈനയ്ക്ക് അനുകൂലമായി കാര്യങ്ങൾ മാറ്റി മറിച്ചു എന്ന് കരുതണമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.നിർബന്ധിത ലോക്ഡൗണും, സാമ്പത്തിക രംഗത്തെ മാറ്റങ്ങളും നിപുണതയോടെ കോവിഡ് രോഗത്തെ കൈകാര്യം ചെയ്ത രീതിയും ചൈന സാമ്പത്തിക രംഗത്ത് മുന്നേറാൻ കാരണമായി.
2021-25 കാലയളവിൽ 5.7 ശതമാനം സാമ്പത്തിക വളർച്ച നേടാനാണ് ചൈന ശ്രമിക്കുന്നത്. ശേഷം 2026-30ൽ ഇത് 4.5 ആയി കുറയ്ക്കാനുമാണ് രാജ്യത്തിന്റെ തീരുമാനം. കോവിഡ് ഏറ്റവും ശക്തിയായി ബാധിച്ച അമേരിക്ക രോഗത്തിൽ നിന്ന് തിരികെയെത്തുമ്പോൾ 2022-24 കാലത്ത് 1.9 ശതമാനവും അതിന് ശേഷം 1.6 ശതമാനവും വളർച്ച മാത്രമേ നേടൂ എന്നാണ് കണക്കുകൂട്ടുന്നത്. ഇക്കാലയളവിലെല്ലാം ജപ്പാൻ മൂന്നാമത് വലിയ സാമ്പത്തിക ശക്തിയായി തുടരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2030 ആരംഭത്തിൽ ഈ സ്ഥാനം ഇന്ത്യ നേടുമെന്നാണ് നിലവിലെ സൂചന.
അപ്പോഴേക്കും നിലവിൽ നാലാമതായ ജർമ്മനി അഞ്ചാം സ്ഥാനത്തേക്ക് മാറ്റപ്പെടും. 2024ൽ യു.കെ ആറാമതായി മാറും.യൂറോപ്യൻ യൂണിയനിൽ നിന്നും യു.കെ അടുത്ത വർഷം പുറത്ത് കടക്കുമെങ്കിലും രാജ്യത്തെ ആഭ്യന്തര ഉൽപാദന നിരക്ക് 2035ൽ ഫ്രാൻസിനെക്കാൾ ഉയരത്തിലാകും. ലോക വിപണിയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി വളർച്ചാ നിരക്ക് കുറയുന്ന തരത്തിലല്ല പ്രതിഫലിക്കുക മറിച്ച് മിക്ക രാജ്യങ്ങളിലും വലിയ വിലക്കയറ്റം അനുഭവപ്പെടും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ലോകരാജ്യങ്ങൾക്ക് വൻ തോതിൽ കടമെടുക്കേണ്ടി വരുമെന്നും സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് നടത്തിയ പഠനത്തിലുണ്ട്.
ഇന്ത്യക്കും കുതിപ്പുണ്ടാക്കാൻ സാധിക്കുമെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. 2025 ഓടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പുതിയ പഠനം. നിലവിൽ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2025 എത്തുമ്പോഴേക്കും ബ്രിട്ടണിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയരും. തുടർന്ന് 2030 ഓടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ചുവടുവെയ്ക്കുമെന്നും സിഇബിആർ വാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.
2019 -ൽ ബ്രിട്ടണിനെ പിന്നിലാക്കി ഇന്ത്യ അഞ്ചാമതെത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ സമ്പദ്വ്യവസ്ഥ താറുമാറായതോടെ ഇന്ത്യ വീണ്ടും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞത് ബ്രിട്ടണിന് കാര്യങ്ങൾ എളുപ്പമാക്കി. എന്തായാലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്നാണ് സിഇബിആർ പ്രവചിക്കുന്നത്. 2021 ഓടെ രാജ്യത്തെ സമ്പദ്ഘടന 9 ശതമാനം വികസിക്കും. 2022 -ൽ വളർച്ചാ നിരക്ക് ഏഴു ശതമാനം തൊടുമെന്നാണ് വിലയിരുത്തൽ. 2025 -ൽ ബ്രിട്ടണിനെയും 2027 -ൽ ജർമ്മനിയെയും 2030 -ൽ ജപ്പാനെയും ഇന്ത്യ പിന്നിലാക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കോവിഡ് പ്രതിസന്ധിക്ക് മുൻപുതന്നെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നതായി സിഇബിആർ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 2019 -ൽ കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും താഴ്ച്ചയിലാണ് ആഭ്യന്തര ഉത്പാദനം എത്തി നിന്നത്. 2018 -ൽ 6.1 ശതമാനം കുറിച്ച ജിഡിപി 2019 പിന്നിട്ടപ്പോൾ 4.2 ശതമാനമായി ചുരുങ്ങി. 2016 കാലഘട്ടത്തിൽ 8.3 ശതമാനമായിരുന്നു ഇന്ത്യയുടെ ആഭ്യന്തര വളർച്ച. ബാങ്കിങ് വ്യവസ്ഥയിലെ തകർച്ചയും രാജ്യാന്തര വ്യാപാരത്തിൽ സംഭവിച്ച മെല്ലപ്പോക്കും ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
മറുനാടന് ഡെസ്ക്