വാഷിങ്ടൻ : ചൈനയുമായി നേരിട്ടുള്ള പോരാട്ടം തന്നെയാണ് അമേരിക്കയുടെ ലക്ഷ്യം. ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമെന്നു യുഎസ് പറയുമ്പോൾ അത് യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന ആശങ്കയും ശക്തമാണ്.. ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങളാണ് ദ്വീപിന് അടുത്ത് നിലയുറപ്പിച്ചിട്ടുള്ളതെന്ന് അമേരിക്ക പറയുന്നു. കൃത്യമായ മുന്നറിയിപ്പും ചൈനയ്ക്ക് അമേരിക്ക നൽകിയിട്ടുണ്ട്. അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആവേശം എത്തുമ്പോഴാണ് ചൈനയിലെ യുഎ ഇടപെടൽ.

ഇതു വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോടു സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും പോംപെയോ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും തർക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി കഴിഞ്ഞദിവസം പ്രകോപനമുണ്ടായിരുന്നു. പ്രദേശത്ത് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചു. ദക്ഷിണ ചൈനാക്കടലിൽ നാലു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് ചൈന ഇതിനു മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ചൈനയുടെ അനധികൃത നീക്കങ്ങളിൽ അമേരിക്ക നിലപാട് വ്യക്തമാക്കുന്നത്.

അതിനിടെ ചൈന തൊടുത്ത നാല് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ദക്ഷിണ ചൈനാകടലിലെ യുഎസ് വിമാനവാഹിനി കപ്പലുകൾക്കും സൈനിക താവളങ്ങൾക്കുമുള്ള കൃത്യമായ താക്കീതാണെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രഹരശേഷിയും വൈവിധ്യവുമുള്ള മിസൈൽ ശേഖരമാണ് ചൈനയ്ക്കുള്ളത്. ഡിഎഫ്-21ഡി 1500 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഡിഎഫ്-26ന് 4000 കിലോമീറ്റർ വരെ പോർമുന വഹിക്കാനുള്ള ശേഷിയുണ്ട്.

ഡിഎഫ്-21ഡി, ഡിഎഫ്-26ബി എന്നിവയും ബുധനാഴ്ച തൊടുത്ത മിസൈലുകളിൽ ഉണ്ടായിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. കിഴക്കൻ തീരത്തെ സൈനിക ഭീഷണികൾ തകർക്കാനുള്ള ചൈനയുടെ തന്ത്രപ്രധാനമായ ആയുധങ്ങളാണിവ. ഇതിൽ ഡിഎഫ്-24 ആണവപോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. അമേരിക്ക വിന്യസിച്ചിരിക്കുന്ന വിമാനവാഹിനി കപ്പലുകൾക്ക് ഉത്തരമുണ്ടെന്ന കൃത്യമായ സന്ദേശമാണ് മിസൈലുകളിലൂടെ ചൈന നൽകിയിരിക്കുന്നതെന്നു പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎസ് രണ്ട് വിമാനവാഹിനി കപ്പലുകൾ അയച്ചാൽ അവയെ തകർക്കാനുള്ള മിസൈലുകൾ അയയ്ക്കുമെന്ന സന്ദേശമാണ് ചൈന നൽകുന്നത്.

ബുധനാഴ്ച സൈനിക അഭ്യാസത്തിന്റെ ഭാഗമായി ചൈന തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ ഹയ്നാൻ ദ്വീപിനും വിയറ്റ്നാമിനു സമീപത്തെ തർക്ക പ്രദേശമായ പരാസെൽ ദ്വീപിനും ഇടയിലാണു പതിച്ചത്. ആഴ്ചകൾക്കു മുമ്പ് അമേരിക്കൻ യുദ്ധക്കപ്പലുകൾ സൈനികാഭ്യാസത്തിനെത്തിയ പ്രദേശത്തിന് സമീപത്താണിത്. അതിനിടെ മിസൈൽ പരീക്ഷണം ഉൾപ്പെടെയുള്ള ചൈനീസ് നടപടികൾ സ്ഥിതിഗതികൾ വഷളാക്കുമെന്നും പെന്റഗൺ മുന്നറിയിപ്പു നൽകി. 2019-ലും ചൈന സമാനമായ പരീക്ഷണം നടത്തിയിരുന്നു. ചൈനീസ് മേഖലയിൽ യുഎസ് ചാരവിമാനം നിരീക്ഷണപ്പറക്കൽ നടത്തിയെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ മിസൈൽ പരീക്ഷണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെടുകയാണെന്നും ജോ ബൈഡനെ വിജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നുമാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ട്രംപ് കടുത്ത നടപടികൾ എടുക്കുന്നത്.

തർക്ക മേഖലയിൽ ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ദക്ഷിണ ചൈനാ കടലിൽ നാല് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികഅഭ്യാസത്തിന്റെ ഭാഗമായിരുന്നു നടപടി. ഹൈനാൻ ദ്വീപിനും പരാസെൽ ദ്വീപിനുമിടയ്ക്ക് കടലിലാണ് മിസൈലുകൾ പതിച്ചത്. അമേരിക്കയുടെ വാദങ്ങൾ അംഗീകരിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ചൈന നൽകുന്നത്. വിയറ്റ്‌നാം, മലേഷ്യ, തയ്വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായിട്ടായിരുന്നു ചൈനയുടെ സൈനികാഭ്യാസം.

ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി പാരസെൽ ദ്വീപിൽ സൈനിക പരിശീലനം നടത്തുന്നുവെന്നും ഈ പരിശീലനം മേഖലയിലെ മറ്റു രാജ്യങ്ങൾക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് മേഖലയിൽ യുഎസ് സൈനിക നീക്കം ശക്തമാക്കിയത്. അമേരിക്കയുടെ പടക്കപ്പലുകൾ വെല്ലുവിളിയുമായി എത്തിയതോടെയാണു ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകൾ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തയ്വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ എതിർക്കുന്നതാണ് ഇവിടെ സംഘർഷം മുറുകാൻ കാരണം. വൻതോതിൽ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. വിലപിടിച്ച വ്യാപാരപാത കൂടിയാണ് ഇവിടം

ചൈന മേഖലയിൽ യുഎസ് നടത്തുന്ന ഇടപെടലുകളിൽ അസ്വസ്ഥരാണ്. ദക്ഷിണ ചൈന കടൽ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് മേഖലയിൽ ചൈന ചുവടുറപ്പിക്കുന്നത്. ദക്ഷിണ ചൈന കടലിലെ സമുദ്രാതിർത്തികളിൽ മിക്കതിലും ചൈനീസ് അവകാശവാദത്തെ നിരസിക്കുന്ന നിലപാടാണ് യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്. ദക്ഷിണ ചൈനാ കടലിൽ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകൾ പിടിച്ചെടുക്കുമെന്ന് നേരത്തേ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യാന്തര പാതകൾ കടന്നു പോകുന്ന ഇടമായതിനാലും ധാരാളം മത്സ്യസമ്പത്തുള്ളതിനാലുമാണ് ചൈന ഈ പ്രദേശം നോട്ടമിടുന്നതെന്നും മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും യുഎസ് മുൻപു വ്യക്തമാക്കിയിരുന്നു. ദക്ഷിണ ചൈനാ കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കാൻ ചൈനയെ അനുവദിക്കില്ലെന്നും യുഎസ് പറയുന്നു.

ദക്ഷിണ ചൈനാ കടലിൽ ചൈനീസ് അവകാശവാദം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. കഴിഞ്ഞ മാസം ആദ്യമായി ചൈനയുടെ അവകാശവാദം തള്ളിയ ട്രംപ് ഭരണകൂടം മേഖലയിലേക്ക് വിമാനവാഹിനി കപ്പലുകൾ അയയ്ക്കുകയും ചെയ്തിരുന്നു.