'ഒരിടത്തൊരിടത്ത് ഒരു ദൈവം ജീവിച്ചിരുന്നു. ആ ദൈവത്തിന് മക്കളുണ്ടായിരുന്നു, വലിയ സൈന്യമുണ്ടായിരുന്നു, സ്തുതി പാടാന്‍ ഒരു മാലാഖ കൂട്ടവുമുണ്ടായിരുന്നു...' അതേ ലൂസിഫര്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ ഓവര്‍സെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാര്‍സ് ഫിലിംസ് ആണ് റീ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 നാണ് ലൂസിഫര്‍ റീ റിലീസിനെത്തുന്നത്.

മുന്‍പ് എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫര്‍ റീ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. എന്തായാലും ലൂസിഫറിന്റെ തിയറ്ററുകളിലേക്കുള്ള ഈ രണ്ടാം വരവ് മോഹന്‍ലാല്‍ ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ലൂസിഫറിലെ മോഹന്‍ലാലിന്റെയുള്‍പ്പെടെയുള്ള പല നടന്‍മാരുടെയും ഡയലോഗുകള്‍ പോലും പലര്‍ക്കും കാണാപാഠമാണ്. ഇന്നലെ എമ്പുരാനിലെ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ഖുറേഷി അബ്രാമിന്റെ ലോകമാണ് എമ്പുരാനില്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്‌നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.

ഖുറേഷി അബ്രാമിന്റെ അഥവ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ഈ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തില്‍ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാന്‍ സാധിക്കും', എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ ഇന്നലെ വിഡിയോയില്‍ പറഞ്ഞത്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിങ്, ജെറോം ഫ്‌ലിന്‍ തുടങ്ങി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എമ്പുരാന്‍ എത്തും.