'ലൂസിഫര്‍' പുറത്തിറങ്ങി ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഭാഗമായ 'എമ്പുരാന്‍' തിയേറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്. കേരളപ്പിറവി ദിനത്തിലായിരുന്നു ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. റിലീസ് പ്രഖ്യാപനത്തിനൊപ്പം പുറത്തുവിട്ട പോസ്റ്ററിലെ തിരിഞ്ഞു നില്‍ക്കുന്ന രൂപം സിനിമയിലെ വില്ലനാകുമെന്ന ചര്‍ച്ചകളും എത്തിയിരുന്നു.

എമ്പുരാനിലെ വില്ലനെ കുറിച്ച് നടന്‍ നന്ദു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വില്ലന്‍ ആരാണ് എന്നത് നാല് പേര്‍ക്ക് മാത്രമേ അറിയൂ എന്നാണ് നന്ദു പറയുന്നത്. ''സത്യം പറഞ്ഞാല്‍ എമ്പുരാനില്‍ വില്ലന്‍ ആരാണെന്ന് എനിക്കും അറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂര്‍ ഇതിലെ നായകന്‍ മോഹന്‍ലാല്‍ ഇവര്‍ നാല് പേര്‍ക്കേ അറിയുകയുള്ളൂ.''

''മോഹന്‍ലാലിന്റെ കഥാപത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. രണ്ട് ട്രാക്ക് ഉള്ളത് കൊണ്ട് ഏതിലെയാ, എങ്ങനെയാ പോകുന്നത് എന്ന് അറിയില്ല. കാട് കയറി ചിന്തിക്കേണ്ട കാര്യം ഇല്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ. ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാന്‍ പറയൂ.'' ഇത് തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീല്‍ ചെയ്താല്‍ മതി. കഥ അറിഞ്ഞാല്‍ ആ ഫീല്‍ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള എക്സ്പീരിയന്‍സ് ആണ് വലുത്'' എന്നാണ് നന്ദു പറയുന്നത്.

അതേസമയം, യുകെ, യുഎസ്എ, മെക്‌സിക്കോ, റഷ്യ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരിച്ചത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സച്ചിന്‍ ഖേദേക്കര്‍, മനോജ് കെ. ജയന്‍, ബോബി സിംഹ, സാനിയ അയ്യപ്പന്‍ തുടങ്ങിയ താരനിര സിനിമയുടെ ഭാഗമാണ്. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്.

ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ.