നടന്‍ ബാലയ്ക്കെതിരെ പരാതിയുമായി മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു അമൃതയുടെ പരാതി. മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഭാഗത്താണ് ബാല കൃത്രിമത്വം കാണിച്ചതെന്നും തന്റെ വ്യാജ ഒപ്പിട്ടുവെന്നും അമൃത പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അമൃതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്' എന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണം.

എന്നാല്‍ ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഈ ചീപ്പ് പിആര്‍ വര്‍ക്ക് നിര്‍ത്തണമെന്നും വ്യാജ രേഖയുണ്ടാക്കിയതിനാണ് കേസ് കൊടുത്തതെന്നും അമൃത വ്യക്തമാക്കി.

'ഇന്‍ഷുറന്‍സ് തുക ഞാന്‍ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോര്‍ജറി (വ്യാജ രേഖകള്‍) & എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ PR വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണം നിര്‍ത്തുക. Please STOP these cheap PR games !,' അമൃത സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'വേണ്ടാത്ത ആളുടെ പൈസയും വേണ്ടാന്ന് വെക്കുന്നതല്ലേ നല്ലത്' എന്ന വാചകവുമായി വിവിധ പേജുകളില്‍ വന്നിട്ടുള്ള സമാനമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടും അമൃത പങ്കുവെച്ചിട്ടുണ്ട്. വ്യാജമായ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആരാണെന്ന് അറിയാമെന്നും ഇത് ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അമൃത സുരേഷ് പറയുന്നു. വ്യാജ ആരോപണങ്ങളുമായി നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് കേരള പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.