ചെന്നൈ: തെന്നിന്ത്യന്‍ സിനിമയുടെ താരറാണി തൃഷയുടെ പഴയൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തൃഷ പങ്കുവച്ചൊരു ആഗ്രഹം വൈറലാവുകയാണ്. തനിക്ക് മുഖ്യമന്ത്രിയാകണം എന്നാണ് വീഡിയോയില്‍ തൃഷ പറയുന്നത്. 2004 ല്‍ തൃഷ നല്‍കിയൊരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

മോഡലിങ്ങിലൂടെ സിനിമയിലെത്തി. ഇനി എന്താകണം എന്നാണ് അവതാരകന്‍ തൃഷയോട് ചോദിക്കുന്നത്. അതിന് തൃഷ നല്‍കിയ മറുപടി മുഖ്യമന്ത്രിയാകണം എന്നാണ്. സത്യമാണോ ഈ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അടുത്ത പത്ത് വര്‍ഷം കഴിഞ്ഞ് നോക്കിക്കോ എന്ന് ആത്മവിശ്വാസത്തോടെ പറയുന്നുണ്ട് തൃഷ. 2004ല്‍ നല്‍കിയ അഭിമുഖത്തിന്റെ ഭാഗം അഞ്ച് വര്‍ഷം മുമ്പ് സണ്‍ ടിവി യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. അതാണ് ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

വീഡിയോ വൈറലാകുമ്പോള്‍ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. തൃഷയുടെ റോള്‍ മോഡല്‍ ജയലളിതയാണെന്നും അവരെപ്പോലെ തന്നെ മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം തൃഷയുടെ മനസില്‍ ഉണ്ടായേക്കാമെന്ന് ചിലര്‍ പറയുന്നു. അതേസമയം മകളെ മുഖ്യമന്ത്രിയാക്കുക എന്നത് തൃഷയുടെ അമ്മയുടെ ആഗ്രഹം മാത്രമാണെന്നും ചിലര്‍ പറയുന്നു. ഇതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. തൃഷ ഈ അഭിമുഖം നല്‍കുന്ന കാലത്ത് അവര്‍ തുടക്കക്കാരിയായിരുന്നു, അതിന്റെ പക്വതക്കുറവോ നിഷ്‌കളങ്കതയോ ആയിട്ട് കണ്ടാല്‍ മതിയെന്നും അവര്‍ പറയുന്നു.



തൃഷയുടെ വിജയിയും അടുത്ത സുഹൃത്തുക്കളാണ്. വിജയ് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. തൃഷയും ആ വഴി പിന്തുടര്‍ന്ന് വിജയ്ക്കൊപ്പം ഇറങ്ങുമോ എന്ന ചോദ്യം കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടപ്പുണ്ട്. ഇതിനിടെയാണ് പഴയ വീഡിയോ പൊന്തി വരുന്നത്.