യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല! ക്യാംപസ് കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമമെന്ന ഇന്റലിജൻസ് റിപ്പോർട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഎം റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി നിയമസഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ക്യാംപസ് കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകർഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി. ഇത്തരമൊരു ആരോപണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ഈ വിഷയത്തിൽ സംസ്ഥാന ഇന്റലിജൻസ് മേധാവി സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ടോ, ക്യാംപസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന ചോദ്യങ്ങൾക്കും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ പ്രൊഫഷനൽ കോളജുകൾ കേന്ദ്രീകരിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിനും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
അടുത്തിടെ കാമ്പസുകളിൽ തീവ്രവാദം വളരുന്നയായി സിപിഎം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നുണ്ടെന്നാണ് സിപിഎം പുറത്തിറക്കിയ കുറിപ്പിൽ പരാമർശിക്കുന്നത്. വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. മുസ് ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ് ലിം വർഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചു കൊണ്ടിരിക്കുന്നു.
മുസ് ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ബിജെപി ശക്തി നേടുന്നത് തടയണം. ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലും തീവ്രവാദ ചിന്തയുള്ളവർ വർധിക്കുന്നുണ്ട്. ഇതിനെതിരെ വിദ്യാർത്ഥി-യുവജന സംഘടനകൾ ജാഗ്രത പാലിക്കണമെന്നും പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിലാണ് ചൂണ്ടിക്കാട്ടിയത്. ഇതാണ് മുഖ്യമന്ത്രി സഭയിൽ തള്ളിക്കളഞ്ഞിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും വർധിച്ചു വരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ വാർത്തകളിലൂടെ വിവിധ മത വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർന്നു വരുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ മതസൗഹാർദം ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊണ്ടുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ മതസാമുദായിക വിഭാഗത്തിൽപെട്ട പ്രമുഖരെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി സഭയിലും ആവർത്തിച്ചു.
വിവിധ മതവിഭാഗങ്ങൾ തമ്മിൽ നല്ല സൗഹാർദപരമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് പൊതുവിൽ നിലനിൽക്കുന്നത്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ചു കൊണ്ടു മുന്നോട്ടു പോകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നു. അതോടൊപ്പം മതസൗഹാർദ്ദം ഉറപ്പുവരുത്തുന്നതിനുള്ള ക്രിയാത്മകമായ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും അവരെ നിരീക്ഷിക്കുന്നതിനും പൊലിസിന്റെ വിവിധ വിഭാഗങ്ങളായ സൈബർഡോം, ഹൈടെക് സെൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ, പൊലീസ് മീഡിയ സെൽ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ