- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരം കിട്ടാൻ വേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനം പങ്കു വച്ചു; പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയാറാകാതെ സിപിഎം; ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിന്റെ പാതയിൽ; ബഹിഷ്കരണവുമായി സിപിഐ അംഗങ്ങൾ
തിരുവല്ല: പറഞ്ഞ വാക്കു പാലിക്കാത്ത സിപിഎമ്മിനെതിരേ പരസ്യ പ്രതിഷേധവുമായി സിപിഐ രംഗത്ത്. എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുമ്പോൾ ഇരവിപേരൂർ പഞ്ചായത്തിൽ സിപിഐയും സിപിഎമ്മും ഏറ്റുമുട്ടലിന്റെ പാതയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തിലേറുമ്പോൾ ഒരു വർഷത്തിന് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നൽകാമെന്ന് ഒരു വാക്ക് പറഞ്ഞിരുന്നു സിപിഎം നേതൃത്വം. വർഷമൊന്ന് കഴിഞ്ഞിട്ടും പലവിധ മുട്ടാന്യായം പറഞ്ഞ് സ്ഥാനമൊഴിയാണ് വിസമ്മതിക്കുകയാണ് സിപിഎമ്മിൽ നിന്നുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ്..
സിപിഎം-സിപിഐ ഭിന്നത രൂക്ഷമായതോടെ ബുധനാഴ്ച രാവിലെ നടന്ന 14-ാം പഞ്ചവത്സര പദ്ധതി വർക്കിങ് ഗ്രൂപ്പ് യോഗവും ഉച്ചയ്ക്ക് ശേഷം നടന്ന പഞ്ചായത്ത് കമ്മറ്റി യോഗവും സിപിഐ അംഗങ്ങൾ ബഹിഷ്കരിച്ചു.
17 അംഗ പഞ്ചായത്ത് കമ്മറ്റിയിൽ എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-അഞ്ച്, ബിജെപി-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫിൽ സിപിഎമ്മിന് ഏഴും സിപിഐക്ക് രണ്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ രണ്ടു ടേമായി സിപിഎം കൈവശം വച്ചു പോരുകയാണ്. കഴിഞ്ഞ ടേമിൽ സിപിഐ വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. ഇക്കുറി വീണ്ടും ആവശ്യമുന്നയിച്ചപ്പോൾ ഒരു വർഷത്തിന് ശേഷം നൽകാമെന്ന് ധാരണയുണ്ടായിരുന്നു.
നിലവിൽ കെ.ബി ശശിധരൻ പിള്ള, കെ.കെ. വിജയമ്മ എന്നിവരാണ് യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലുള്ളത്. ഇതിൽ കെ.കെ. വിജയമ്മ റിട്ട. അദ്ധ്യാപികയാണ്. വയനാട്ടിലെ നെന്മേനിയിൽ 1999 മുതൽ പ്രസിഡന്റായിരുന്നിട്ടുണ്ട്. ചീരാൽ ജെയുപിഎസിൽ അദ്ധ്യാപികയായിരിക്കേയാണ് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. ജനകീയാസൂത്രണ മികവിന് ഒന്നാം സമ്മാനം പഞ്ചായത്തിന് നേടിക്കൊടുത്തയാളാണ് വിജയമ്മ. അദ്ധ്യാപകനായിരുന്ന ഭർത്താവ് കെഎൻ രാജപ്പൻ വിരമിച്ച ശേഷവും വയനാട്ടിൽ തുടർന്നു. 2005 ൽ വിജയമ്മയും വിരമിച്ച ശേഷം ഇരുവരും 2014 ൽ വള്ളംകുളത്ത് തിരിച്ചു വന്നു.
അന്നു മുതൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. 14-ാം വാർഡിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് പ്രസിഡന്റായി പരിചയമുള്ളതിനാലാണ് വിജയമ്മയെ സിപിഎം വൈസ് പ്രസിഡന്റാക്കിയത്. കഴിഞ്ഞ ഭരണ സമിതിയുടെ അവസാനത്തിൽ കോൺഗ്രസ് വിട്ട് വന്ന സാലി ജേക്കബിന് വേണ്ടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ ആവശ്യപ്പെടുന്നത്. സാലിയുടെ സിറ്റിങ് വാർഡായ ആറ് കിട്ടുന്നതിന് വേണ്ടിയായിരുന്നു കോൺഗ്രസ് വിട്ടത്.
ആദ്യം സിപിഎമ്മിലേക്ക് പോകാനാണ് സാലി തീരുമാനിച്ചിരുന്നത്. അപ്പോഴാണ് ആറാം വാർഡ് സിപിഎം ഘടക കക്ഷിയായ സിപിഐക്ക് വിട്ടു കൊടുക്കുമെന്ന് അറിഞ്ഞത്. ഇതോടെ സാലി സിപിഐയിലെത്തി. വിജയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കാത്ത സിപിഎം നിലപാടിനെതിരേ സിപിഐ പരസ്യമായി രംഗത്തുണ്ട്. അതേ സമയം, വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നൽകുമെന്നും പാർട്ടി സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കണമെന്നുമാണ് സിപിഎം നിലപാട്. പാർട്ടി ജില്ലാ സമ്മേളനം കഴിഞ്ഞിട്ടും സിപിഎം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബഹിഷ്കരണവും മറ്റും നടക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്