ന്യൂഡൽഹി: മൂന്നുദിവസത്തിനിടെ രണ്ടാമത്തെ കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി വീണ്ടും കൂടിയാലോചന നടത്തിയതാണ് ഡൽഹിയിലെ രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചാ വിഷയം. സോണിയുടെ 10 ജൻപഥിലെ വസതിയിൽ, മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ദൈർഘ്യമേറിയ യോഗവും തിങ്കളാഴ്ച നടന്നു. പ്രിയങ്ക ഗാന്ധി, മുകുൾ വാസ്‌നിക്. രൺദീപ് സിങ് സുർജേവാല, കെ സി വേണുഗോപാൽ, അംബികാ സോണി എന്നിവരൊക്കെ യോഗത്തിൽ ഉണ്ടായിരുന്നു. പിഡിപി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തിയുമായി സോണിയ പ്രത്യേകം ചർച്ചയും നടത്തി.

ശനിയാഴ്ചയാണ് 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കി പ്രശാന്ത് കിഷോർ വിശദമായ പദ്ധതി കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചത്. 370 പാർലമെന്റ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പ്രശാന്ത് കിഷോറിന്റെ മുഖ്യനിർദ്ദേശം. യുപിയിലും ബിഹാറിലും ഒഡിഷയിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും, മഹാരാഷ്ട്രയിലും സഖ്യം രൂപീകരിക്കണം. രാഹുൽ ഗാന്ധി പ്രശാന്തിന്റെ പോയിന്റുകളോട് യോജിച്ചുവെന്നാണ് സൂചന.

പ്രശാന്തിന്റെ പദ്ധതിയെ കുറിച്ച് വിശദമായ ചർച്ച ആവശ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. ഒരു ചെറിയ ഗ്രൂപ്പിനെ നിയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വാങ്ങി തീരുമാനം എടുക്കുകയാണ് സോണിയയുടെ ലക്ഷ്യം. പ്രശാന്ത് കിഷോർ കോൺഗ്രസിൽ, ചേരുമെന്ന അഭ്യൂഹവും ഉയർന്നിരുന്നു.

ണ്ടുവർഷമായി ചർച്ച തുടരുന്നു

രണ്ടുവർഷമായി പ്രശാന്ത് കിഷോറും ഗാന്ധി കുടുംബവുമായി ചർച്ച തുടങ്ങിയിട്ട്. 90 ശതമാനം പ്രശ്‌നങ്ങളിലും ഇരുകൂട്ടരും യോജിച്ചു. 10 ശതമാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സെപ്റ്റംബറിൽ ചർച്ച മുറിഞ്ഞത്. ഇപ്പോൾ വീണ്ടും ചർച്ച സജീവമായിരിക്കുന്നു.

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നാൽ, ഗാന്ധി കുടുംബത്തിന്റെ മേലുള്ള വലിയൊരു സമ്മർദ്ദം ഒഴിവാകും. തിരഞ്ഞെടുപ്പിൽ മാജിക് വാൻഡുണ്ടെന്ന് പലരും വിശ്വസിക്കുന്ന പ്രശാന്തിന്റെ സാന്നിധ്യം, കോൺഗ്രസിനെ എഴുതി തള്ളിയവരെ പോലും ഇരുത്തി ചിന്തിപ്പിക്കുമെന്നാണ് പ്രതീക്ഷ.

എന്താണ് പ്രശാന്തിന്റെ കോൺഗ്രസ് പ്ലാൻ?

പലതവണ അഭിമുഖങ്ങളിലും മറ്റുമായി ഇക്കാര്യം പ്രശാന്ത് വ്യക്തമാക്കി കഴിഞ്ഞു. എന്താണ് ബിജെപിയുടെ തുടർവിജയങ്ങൾക്ക് കാരണം? പ്രശാന്തിന്റെ അഭിപ്രായത്തിൽ ഹിന്ദുത്വ, അതിദേശീയത, ക്ഷേമ പരിപാടികൾ. എങ്ങനെ കോൺഗ്രസിന് ഈ മൂന്നിനെയും നേരിടാം? പൊതുജനമധ്യേ കൃത്യമായ ഉത്തരങ്ങൾ നൽകുന്നില്ല പ്രശാന്ത്. 'ഹിന്ദുത്വയ്ക്ക് പരിമിതികൾ ഉണ്ട്. ഹിന്ദുത്വയുടെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് 50-55 ശതമാനം ഹിന്ദുക്കളെ കൊണ്ടുവരാം. എന്നാൽ, തുറന്ന മനസ്സുള്ള ലിബറലായ ഹിന്ദുക്കൾ ഏറെയുണ്ട്. ഹിന്ദൂയിസത്തെയും ഹിന്ദുത്വയെയും കുറിച്ച് തർക്കത്തിൽ ഏർപ്പെടുന്നത് വ്യഥാവ്യായാമമാണ്', പ്രശാന്ത് പറയുന്നു.

പ്രതിപക്ഷത്തിന് എതിരെയുള്ള ബിജെപിയുടെ ദേശീയ വിരുദ്ധരെന്ന പ്രചാരണത്തെയും കോൺഗ്രസ് നേരിടണം. സർദാർ പട്ടേലിനെ പോലെ ഒരു അതികായനെ ബിജെപിക്ക് വിട്ടുകൊടുക്കാൻ എങ്ങനെ കോൺഗ്രസിന് കഴിഞ്ഞു? എത്ര കോൺഗ്രസുകാരാണ് യഥാർത്ഥത്തിൽ ജവഹർലാൽ നെഹ്‌റുവിന് വേണ്ടി പോരാടുന്നത്? അതുകൊണ്ട് തന്നെ പ്രശാന്ത് വന്നാൽ, കോൺഗ്രസിന്റെ ദേശീയ മുഖം വീണ്ടെടുക്കാൻ ചില തുടരൻ നമ്പരുകൾ പ്രതീക്ഷിക്കാം.

ഗാന്ധി കുടുംബം ഇല്ലാതെ എങ്ങനെ?

ബിജെപിയെയാണ് ഇക്കാര്യത്തിൽ പ്രശാന്ത് റോൾ മോഡലാക്കുന്നത്. ജെപി നഡ്ഡ മോഡൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ബിജെപിയെ യഥാർത്ഥത്തിൽ ഭരിക്കുന്നതെങ്കിലും, നഡ്ഡയാണ് പാർട്ടി പ്രസിഡന്റ്. പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്താൻ, എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന പ്രതിച്ഛായ നഡ്ഡ മോഡൽ ബിജെപിക്ക് നൽകുന്നു. ഒരു ബൂത്ത് തല പ്രവർത്തകന് വരെ പാർട്ടി അദ്ധ്യക്ഷൻ ആകാമെന്ന സന്ദേശം ഇതിലൂടെ നൽകുന്നു. അവരത് ആയാലും ഇല്ലെങ്കിലും, പൊതുജനത്തിന് കിട്ടുന്ന സന്ദേശം അതാണ്.

പാർട്ടിയെ നയിക്കുന്ന ആളാവരുത് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നാണ് പ്രശാന്ത് കിഷോറിന്റെ നയം. രണ്ടും രണ്ടുപണിയാണെന്ന് ചുരുക്കം. ഒരു കുടുംബം നയിക്കുന്ന പാർട്ടി എന്ന ഇമേജുമായി ഒരു മുഖ്യ രാഷ്ട്രീയ ശക്തിയായി ദീർഘനാൾ നിൽക്കാനാവില്ല, പ്രശാന്ത് കിഷോർ പറയുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി മടങ്ങി എത്തിയാൽ തന്നെ അദ്ദേഹം ആയിരിക്കരുത്, പ്രധാനമന്ത്രി സ്ഥാനാർത്ഥി. പ്രശാന്ത് പറയുന്നതൊക്കെ കോൺഗ്രസ് അംഗീകരിക്കുമോ എന്ന് കണ്ടറിയണം. നഡ്ഡ മോഡൽ കോൺഗ്രസും പിന്തുടർന്നാൽ, വരിക വലിയൊരു മാറ്റമായിരിക്കും. കുടുംബാധിപത്യ പാർട്ടി എന്ന ബിജെപി ആരോപണത്തിന്റെ മുന ഒടിക്കാനും കഴിയും.