- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നെഹ്റുവിനെ സ്വാധീനിച്ച് ഭരണത്തിൽ ഇടപെട്ട് തുടങ്ങിയത് ഇന്ദിരാഗാന്ധി; ഇന്ദിരയെ നോക്കുകുത്തിയാക്കി അധികാരം പിടിച്ച് മകൻ സഞ്ജയ്; ജനകീയനായ പ്രണബിനെ വെട്ടി മന്മോഹൻ സിങിനെ പ്രധാനമന്ത്രിയാക്കിയതിന് പിന്നിൽ ഗാന്ധി കൂടുംബത്തോടുള്ള വിധേയത്വം മാത്രം; നരസിംഹറാവുവിന്റെ പാതി കത്തിയ മൃതദേഹം അവഗണനയുടെ സൂചകം; ആന്ധ്രയിൽ വൈഎസ്ആർ കൊൺഗ്രസ് ഉണ്ടാകാൻ കാരണവും 'മാഡ'ത്തിന്റെ അഹങ്കാരം; കോൺഗ്രസിനെ തകർത്ത കുടുംബവാഴ്ചയുടെ ചരിത്രവഴികളിലൂടെ
'കവിയും കാൽപ്പികനും സോഷ്യലിസ്റ്റുമായ ജവഹർലാൽ നെഹ്റുവിന്റെ പാർട്ടിയായ കോൺഗ്രസിൽ ഇപ്പോഴുള്ളത് പുർണ്ണമായും കുടുംബാധിപത്യമാണ്. അതിൽ നിന്ന് എപ്പോൾ ജനാധിപത്യത്തിലേക്ക് പോകുന്നു, അപ്പോൾ മാത്രമാണ് കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാൻ കഴിയൂ. ശാസ്ത്രത്തിന് പ്രാമുഖ്യം കൊടുക്കാൻ പറഞ്ഞ നെഹ്റുവിന് പകരം അവർ ഇപ്പോൾ മതങ്ങൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാവില്ല. അതുപോലെ ജനാധിപത്യത്തിന് പകരമാവില്ല കുടുംബാധിപത്യവും. ഇന്നത്തെ കോൺഗ്രസ് ഒരു പാർട്ടിയല്ല ഒരു കുടുംബമാണ്. ഓരോ സംസ്ഥാനത്തിലും സംഭവിക്കുന്നത് അതാണ്. നേതാക്കളെ മക്കൾ റീപ്ലേസ് ചെയ്യേണ്ട അവസ്ഥ'- പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ രാമചന്ദ്രഗുഹ ഈയിടെ ഒരു ലേഖനത്തിൽ, ഒരുകാലത്ത് ഇന്ത്യയുടെ ആത്മാവായിരുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ അവസ്ഥയെ ഇങ്ങനെ വിലയിരുത്തുന്നു.
രാമചന്ദ്രഗുഹ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തെ നന്നായി പഠിച്ച ഡൊമിനിക്ക് ലാപ്പിയർ ഉൾപ്പെടെയുള്ള പല എഴുത്തുകാരും പൊളിറ്റിക്കൽ ഗവേഷകരും ചൂണ്ടിക്കാട്ടിയ ഒരു കാര്യം, കോൺഗ്രസിന്റെ തകർച്ചക്കും ബിജെപിയുടെ വളർച്ചക്കും ഇടയാക്കിയത് കോൺഗ്രസിലെ കുടുംബാധിപത്യവും മക്കൾ രാഷ്ട്രീയവും അതിന്റെ ഉപോൽപ്പന്നമായ അഴിമതിയും സ്വജനപക്ഷപാതിത്വവും തന്നെയാണ്. മുൻകാലങ്ങളിലൊക്കെ ഗാന്ധി കുടുംബത്തിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവർ ഒക്കെയും ചവിട്ടിപ്പുറത്താക്കപ്പെടുന്ന അവസ്ഥയായിരുന്നു. എന്നാൽ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായി കോൺഗ്രസിൽ നെഹ്റുകൂടുംബത്തിനെ ചോദ്യം ചെയ്യാൻ ധൈര്യമുള്ളവർ ഉണ്ടായിരിക്കുന്നു.
ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള 23 നേതാക്കളാണ് കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് ഇപ്പോൾ സോണിയ ഗാന്ധിക്ക് കത്തയച്ചത്. ഇതിന് പിന്നാലെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടത്. കത്തയച്ച സമയത്തെ ചോദ്യം ചെയ്ത രാഹുൽ, കത്ത് ബിജെപിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന ഗുരുതര വിമർശനവും ഉന്നയിച്ചിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ വിമത നീക്കങ്ങളിൽ പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോഴും സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ എന്തിനാണ് കത്ത് അയച്ചത്, ബിജെപിയുമായുള്ള രഹസ്യധാരണയിലൂടെയാണ് കത്ത് തയ്യാറാക്കിയത് എന്നായിരുന്നു കത്തിനെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. തങ്ങളെ ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനെയിരെ പ്രവർത്തക സമിയിയിൽ ഗുലാംനബി ആസാദും കബിൽ സിബലും പൊട്ടിത്തെറിക്കയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ തിരുവായ്ക്ക് എതിർവാ ഇല്ല എന്ന രീതിയിലുള്ള കുടുംബ വാഴ്ചക്ക് കോൺഗ്രസിൽ എതാണ്ട് അന്ത്യം കുറിച്ചിരിക്കുന്നുവെന്ന് ചുരുക്കം.
പക്ഷേ അപ്പോൾ ഉയരുന്ന വലിയൊരു പ്രശ്നം പകരം ആര് എന്നതാണ്. ശരത് പവാറിനേയൊ, പ്രണബ് മുഖർജിയെയോ പോലുള്ള ജനകീയരായ നേതാക്കൾ ഇപ്പോൾ കോൺഗ്രസിന് ഇല്ല. മല്ലികാർജുൻ ഖാർഗെ തൊട്ട് എകെ ആന്റണിവരെയുള്ളവർ അത്രമാത്രം ജനകീയരും പൊതുസമ്മതരും അല്ല. തങ്ങളുടെ കൈയിലുള്ള ഏറ്റവും മികച്ച ഓപ്ഷനായ ശശി തരൂരിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ മറ്റുള്ളവർക്കും സമ്മതമല്ല. ഗുലാം നബി ആസാദും, കബിൽ സിബലും ഏറെ കഴിവുള്ളവർ ആണെങ്കിലും അവർ പക്ഷേ പൊതു സമ്മതരല്ല. അപ്പോൾ പിന്നെ എന്തുചെയ്യും. ആര് കോൺഗ്രസിനെ നയിക്കും. ഒന്നാം യുപിഎ സർക്കാറിൽ മന്മോഹൻ സിങിന് പകരം ജനകീയനായ പ്രണബ് കുമാർ മുഖർജിയാണ് പ്രധാനമന്ത്രി ആയിരുന്നെങ്കിൽ മോദി പ്രഭാവത്തെ തടയാൻ കഴിയുമായിരുന്നു എന്ന വിമശനം ഇപ്പോഴും പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. പക്ഷേ അതുപോലുള്ള നേതാക്കൾ ഇപ്പോൾ ഇല്ല എന്നതാണ് കോൺഗ്രസ് അനുഭവിക്കുന്ന പ്രതിസന്ധി.
സോണിയയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നത് ഇത് രണ്ടാംതവണ
സോണിയാഗാന്ധിയുടെ രാഷ്ട്രീയ നേതൃത്വം കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ്. 1999 ൽ സോണിയ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനെ ഒരു വിഭാഗം നേതാക്കൾ ചോദ്യം ചെയ്തുവെങ്കിലും, അന്ന് പാർട്ടിയിൽ അതിന് പിന്തുണ ലഭിച്ചിരുന്നില്ല. ഇപ്പോൾ എതിർപ്പുയർന്നതിനെ തുടർന്ന് സോണിയാഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ തന്നെ കോൺഗ്രസിന് മുഴു സമയ പ്രസിഡന്റ് ഉടൻ ഉണ്ടാകില്ല. ഇന്ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ എല്ലാ അംഗങ്ങളോടും പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രവർത്തക സമിതിയോഗത്തിൽ സോണിയാഗാന്ധി രാജിപ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാൽ കോൺഗ്രസിന്റെ പതിവ് രീതിയനുസരിച്ച് ഈ രാജി സ്വീകരിക്കാൻ പ്രവർത്തക സമിതി തീരുമാനിക്കാനാണ് സാധ്യത. രാജിയിൽ ഉറച്ചുനിന്നാൽ രാഹുൽ ഗാന്ധിയോടോ പ്രിയങ്ക ഗാന്ധിയൊടാ സ്ഥാനമേറ്റെടുക്കാൻ ആവശ്യപ്പെടുന്ന സഹചര്യവും സ്വാഭാവികമായി ഉണ്ടാകും. ഇവരാരും സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചാൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും.
ഇതു തന്നെയായിരുന്നു കഴിഞ്ഞ വർഷവും സംഭവിച്ചത്. രാഹുൽ ഗാന്ധി ഒഴിയുന്നു.രാജി സ്വീകരിക്കുന്നില്ല, സമ്മർദ്ദം. രാഹുൽ രാജിയിൽ ഉറച്ചുനിൽക്കുന്നു. ഗാന്ധി കുടുംബത്തിൽനിന്ന് പുറത്തുള്ള നേതാവിനെ പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. എന്നാൽ ഒടുവിൽ ആരെയും കണ്ടെത്താനാകാതെ താൽക്കാലത്തേക്ക് സോണിയാഗാന്ധി ചുമതലയേൽക്കുന്നു. 2019 ഓഗസ്റ്റിലായിരുന്നു തൽക്കാലത്തേക്ക് സോണിയാഗാന്ധി ചുമതലയേറ്റത്. ഇത്തവണ സോണിയഗാന്ധി സ്ഥാനമൊഴിഞ്ഞാലും കോൺഗ്രസിന്റെ ഭരണഘടന അനുസരിച്ച് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിന് മാത്രമെ പ്രസിഡന്റിനെ നിശ്ചയിക്കാൻ കഴിയു. അതുകൊണ്ട് സമയബന്ധിതമായ പ്രസിഡന്റിനെ നിശ്ചയിക്കണമെന്ന തീരുമാനിച്ച് സോണിയാഗാന്ധി താൽക്കാലികമായി വീണ്ടും തുടരാനുള്ള തീരുമാമാകും ഇന്നുണ്ടാവാനാണ് സാധ്യത.
ഗാന്ധി കുടുംബത്തെ വിമർശന വിധേയമാക്കി കോൺഗ്രസ് നേതാക്കളിൽ ചിലർ രംഗപ്രവേശനം ചെയ്തുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 1999 ൽ സോണിയാഗാന്ധി പ്രസിഡന്റാകുന്നതിനെ അന്ന് പാർട്ടിയിലെ ശക്തനായിരുന്നു ശരത്പവാറുൾപ്പെടെയുള്ള മൂന്ന് നേതാക്കൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ അവർക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല. പി എ സംഗ്മയും തരീഖ് അൻവറിനുമൊപ്പം എൻ സി പി രൂപീകരിക്കപ്പടുകയും ചെയ്തു. പിന്നീട് എൻ സി പി കോൺഗ്രസിന്റെ ഏറ്റവും വിശ്വസ്ത ഘടക കക്ഷിയായെന്നത് മറ്റൊരു ചരിത്രം.എന്നാൽ പ്രത്യക്ഷത്തിൽ സോണിയക്കെതിരെ വിമർശനമുണ്ടായില്ലെങ്കിലും നേതൃത്വത്തിനെതിരെയായിരുന്നു വിമർശനം. പാർട്ടിക്ക് ദിശാബോധം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ് സോണിയയ്ക്ക് അയച്ച കത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയത്.ഇത്തരമൊരു വിമർശനം കോൺഗ്രസിൽ അത്യപൂർവമാണ്. അതുകൊണ്ട് നേതൃത്വ മാറ്റമെന്നത് കോൺഗ്രസ് പാർട്ടിയിൽ ഗൗരവമുള്ള വിഷയമായി വരും ദിവസങ്ങളിലും തുടരും.
കുടുംബാധിപത്യം തുടങ്ങിയത് സാക്ഷാൽ നെഹ്റുതന്നെ
കോൺഗ്രസിനെ തകർത്തുവെന്ന് പറയുന്ന കുടുംബാധിപത്യത്തിന്റെ വേരുകൾ ചെന്നു നിൽക്കുന്നത് സാക്ഷാൽ ജവഹർലാൽ നെഹ്റുവിൽ തന്നെയാണ്. മകൾ
ഇന്ദിരാഗാന്ധിയെ ഒരിക്കലും അധികാര സ്ഥാനത്തേക്ക് നെഹ്റു ഉയർത്തരുതായിരുന്നുവെന്നാണ് കാഞ്ച ഐലയ്യയെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടുന്ന്. എന്നാൽ നെഹ്റു ഇന്ദിരയെ ഉയർത്തിക്കൊണ്ടുവന്നതല്ലെന്നും, രാഷ്ട്രീയത്തിൽ ജീവിച്ച ഇന്ദിര അതിലൂടെ സ്വാഭാവികമായി വളർന്നതാണെന്നും ടിജെഎസ് ജോർജിനെപ്പോലുള്ള പലരും എഴുതിയിട്ടുണ്ട്. പക്ഷേ ഇന്ദിരാഗാന്ധിയിൽനിന്ന് മാറി സഞ്ജയ് ഗാന്ധിയെത്തിയപ്പോൾ ആണ് കുടുംബാധിപത്യം അതി രൂക്ഷമായത്. ഇന്ദിരയെ നോക്കുകുത്തിയാക്കി അടിയന്തരവസ്ഥക്കാലത്ത് ഭരിച്ചിരുന്നത് സഞ്ജയ് ഗാന്ധിയാണെന്നത് പരസ്യമായ രഹസ്യമാണ്. ഒരുവേള അടിയന്തരാവസ്ഥപോലും സഞ്ജയ് ഗാന്ധിയുടെ ആവശ്യമായിരുന്നു വെന്നുള്ള നിരീക്ഷണങ്ങളും അതിന്റെ ഭാഗമായി വന്നിരുന്നു.
രാജ്യം നെഹ്റു കുടുംബത്തെ വെറുക്കാൻ തുടങ്ങുന്നതും, ആർഎസ്എസും ജനസംഘവും പിടിമുറക്കുന്നതും സഞ്ജയിന്റെ കാലത്താണ്. ഇന്ന് അധികാരത്തിലേറാൻ കഴിഞ്ഞതിൽ സംഘപരിവാർ ശക്തികൾ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് സാക്ഷൽ സഞ്ജയ് ഗാന്ധിയോടാണ്.
അധികാരം വ്യക്തികളെ എങ്ങനെ ദുഷിപ്പിക്കും എന്നതിന് കൃത്യമായ തെളിവാണ് സഞ്ജയ് ഗാന്ധിയുടെ ജീവിതം. ജോസഫ് സ്റ്റാലിന്റെ ആരാധകൻ കൂടിയായ സഞ്ജയ് ക്രമേണ അധികാരത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കി. ഒരുവേള ഇന്ദിരാഗാന്ധിപോലും സഞ്ജയിന്റെ കൈയിലെ കളിപ്പാവയായി. ജനാധിപത്യത്തോടും അദ്ദേഹത്തിനുള്ള സമീപനം പുച്ഛമായിരുന്നു. ഒരു കൂട്ടം ആളുകൾ തീരുമാനം എടുക്കാൻ വൈകിച്ച് രാഷ്ട്രത്തെ നശിപ്പിക്കയായിരുന്നെന്നാണ് സഞ്ജയ്ഗാന്ധിയുടെ പക്ഷം. ശക്തമായ ഒരു നേതൃത്വം. അത് അനുസരിക്കുന്ന ജനം. അദ്ദേഹം ആ രീതിയിലുള്ള രാഷ്ട്രമാണ് വിഭാവനം ചെയ്തത്. ഇന്ദിരയുടെ നാവടക്കൂ പണിയെടുക്കൂ സിദ്ധാന്തം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തം.
ഹിറ്റ്ലർക്ക് സമാനമായി വംശവെറിയും അദ്ദേഹം പുലർത്തിയിരുന്നു. മുസ്ലീങ്ങൾ പെറ്റുകൂട്ടി രാജ്യത്തിന് ഭീഷണിയാവുന്നവർ ആണെന്നാണ് സഞ്ജയ് വിശ്വസിച്ചിരുന്നത്. മുസ്ലീങ്ങളുടെ നിർബന്ധിത വന്ധീകരണത്തിലും തുർക്കുമാൻഗേറ്റിലെ ചേരി പൊളിക്കലും ഒക്കെ കലാശിച്ചത് ഈ ചിന്താധാരയാണ്. നോക്കണം, സാർവദേശീയ മാനവികതക്ക് വേണ്ടി വാദിച്ച നെഹ്റുവിന്റെ കൊച്ചുമകനാണ് ഇതെന്ന് ഓർക്കണം. അതായത് ഫാസിസം എന്നത് വ്യക്തികളിലൂടെയും കടന്നുവരാം എന്ന് വ്യക്തം.
പ്രണബ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ മോദിയുഗം ഉണ്ടാകുമായിരുന്നോ?
ഗാന്ധി കുടുംബത്തിന് പുറത്ത് കോൺഗ്രസിന്റെ ഏറ്റവും വലിയ ജനകീയ നേതാവ് ആരാണെന്ന് ചോദിച്ചാൽ മറുപടി പ്രണബ് കുമാർ മുഖർജിയെന്നാവും. രണ്ടുതവണയാണ് പ്രണബിന് പ്രധാനമന്ത്രി സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽപെട്ട് നഷ്ടമാവുന്നത്. ഇന്ദിരാഗാന്ധിക്കുശേഷം ബംഗാളിന്റെ ഈ വീരപുത്രനായിരിക്കും രാജ്യത്തെ നയിക്കുക എന്ന പ്രചാരണം കോൺഗ്രസിന് അകത്തുതന്നെ ശക്തമായിരുന്നു. പക്ഷേ കുടുംബാധിപത്യത്തിലും പാരമ്പര്യത്തിലും എന്നും അടിയുറച്ച് വിശ്വസിച്ചിരുന്ന കോൺഗ്രസ് അത് ഭരണപരിചയം ഒട്ടുമില്ലാത്ത രാജീവ്ഗാന്ധിക്കുതന്നെ നീട്ടുകയായിരുന്നു. പിന്നീട് ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തും പ്രണബിന് അയോഗ്യതയായത് ആരോടും വിധേയത്വം കാട്ടാത്ത സ്വന്തം വ്യക്തിത്വം തന്നെയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നതിനേക്കാൾ ഉപരിയായി ഗാന്ധി കൂടംബത്തോടുള്ള വിധേയത്വവും, പിൻ സീറ്റ് ഡൈവ്രിങ്ങിനുള്ള സോണിയാഗാന്ധിയുടെ ത്വരയും തന്നെയാണ്, പ്രണബിന് തിരിച്ചടിയായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. പ്രണബ് മുഖർജി ധനമന്ത്രിയായിരുക്കുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഗവർണറായി മന്മോഹൻ സിങ്ങിനെ നിയമിക്കുന്നതെന്ന് ഓർക്കണം. പക്ഷേ അതൊന്നും പ്രണബ് എവിടെയും പ്രകടിപ്പിച്ചില്ല. പിന്നീട് പ്രണബിനെ രാഷ്ട്രപതിയാക്കി സോണിയാഗാന്ധി ഒതുക്കുകയായിരുന്നെന്ന് അരുൺഷൂരിയെപ്പോലുള്ളവർ ആരോപിക്കാറുണ്ട്.
അറിവ്, ഭരണപാടവം, പ്രതിസന്ധികളെ നേരിടാനുള്ള അസാധാരണ മികവ് ഇവയെല്ലാം ഒന്നിച്ച് വിളങ്ങിച്ചേർന്ന ഒരു അപൂർവ പ്രതിഭാശാലിയിരുന്നു പ്രണബ്. കോൺഗ്രസിലെ മറ്റ് നേതാക്കളെ പോലെ നെഹ്റു കുടുംബത്തിന്റെ മുന്നിൽ നട്ടെല്ല് വളച്ച് ഓച്ഛാനിച്ച് നില്ക്കുന്ന പ്രകൃതക്കാരനാല്ല പ്രണബ് കുമാർ മുഖർജി. 'മന്മോഹൻ സിങ്ങിന് പകരം പ്രണബ് മുഖർജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കോൺഗ്രസ് ഇന്നത്തെ ഗതികെട്ട രൂപത്തിലാകില്ലായിരുന്നു. മോദി എന്നൊരു പ്രതിഭാസം പോലും ഒരുപക്ഷേ ഉടലെടുക്കില്ലായിരുന്നു.'- പ്രശ്സത മാധ്യമ പ്രവർത്തകൻ കരൺഥാപ്പർ ഒരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
വിനീത വിധേയന്റെ വിഡ്ഢിവേഷം കെട്ടാൻ ഒരിക്കലും തയ്യാറാകാത്ത പ്രണബ് മുഖർജി സോണിയാ ഗാന്ധിക്ക് ഒട്ടും സ്വീകാര്യനല്ലായിരുന്നു. രാഷ്ട്രീയ മോഹങ്ങളില്ലാത്ത തിരുവായ്ക്ക് എതിർവാ ഇല്ലാത്ത മന്മോഹൻ അങ്ങനെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി കസേരയിലെത്തി. മന്മോഹൻ സാമ്പത്തിക വിദഗ്ധനാണ്, സത്യസന്ധനാണ്. പക്ഷെ അദ്ദേഹത്തിന് രാജ്യത്തിന്റെ നേതാവായി ഉയരുവാനോ ജനങ്ങളുമായി നേരിട്ട് സംവദിക്കാനോ കഴിഞ്ഞില്ല. ഈ ഗ്യാപ്പാണ് സത്യത്തിൽ മോദി മുതലെടുത്തത്. സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയുടെ വെറും പാവ മാത്രമെന്ന ഇമേജിൽ നിന്ന് പുറത്ത് കടക്കാൻ ഒരിക്കലും ഡോ. സിംങ്ങിന് കഴിഞ്ഞില്ല അദ്ദേഹം അതിനായി ഒരിക്കലും ശ്രമിച്ചതുമില്ല. നെഹ്റു ഫാമിലിയുടെ രാജപദവിക്ക് ഊനം തട്ടുമെന്നുള്ള ഹൈക്കമാൻഡ് ആശങ്കയാണ് ബംഗാളിന്റെ പ്രിയപ്പെട്ട പ്രണബ് ദായ്ക്ക് പ്രധാനമന്ത്രി സ്ഥാനം നിഷേധിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തൽഫലമോ,വിവരാവകാശ നിയമം, ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിൗ ജനപക്ഷ ഭൂമിയേറ്റെടുക്കൽ നിയമം അങ്ങനെ എത്രയോ വിപ്ലവകരമായ നിയമനിർമ്മാണങ്ങളും ക്ഷേമപദ്ധതികളും നടപ്പിലാക്കിയ യുപിഎ സർക്കാരിനെ നയിച്ച കോൺഗ്രസ് ഇന്ന് കേവലമൊരു പ്രാദേശിക പാർട്ടിയുടെ നിലയിലേക്ക് പാർലമെന്റിൽ കൂപ്പുകുത്തി വീണിരിക്കുന്നു.
ഒന്നും രണ്ടും യുപിഎ ഭരണം സോണിയാ ഗാന്ധിയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരുന്നു. പക്ഷെ ഇന്ത്യൻ ജനത അപ്പോഴേക്കും കോൺഗ്രസിനെ സമ്പൂർണ്ണമായി കൈവിട്ട് കഴിഞ്ഞിരുന്നു.പ്രണബ് മുഖർജിയെ ഒതുക്കുന്നതിൽ വിജയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് പക്ഷെ പാർട്ടിയെ രക്ഷിക്കുന്നതിൽ എല്ലാ അർത്ഥത്തിലും പരാജയപ്പെട്ടു. രണ്ടാം യുപിഎ സർക്കാറിൽ അഴിമതി സാർവത്രികമായപ്പോൾ അത് നിയന്ത്രിക്കാനുള്ള പ്രാഗൽഭ്യവും മന്മോഹന് ഇല്ലാതെപോയി. ഒടുവിൽ രാഷ്ട്രപതി ഭവനിലെ അധികാരമില്ലാ കസേരയിൽ കുടിയിരുത്തി പ്രണബ് മുഖർജിയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും നരേന്ദ്ര മോദിയുടെ വിജയകാഹളം മുഴങ്ങിക്കഴിഞ്ഞിരുന്നു. കോൺഗ്രസ് നടത്തിയ വിഡ്ഡിത്തങ്ങൾക്കുള്ള തിരിച്ചടികൂടിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം.
നരസിംഹറാവിന്റെ മൃതദേഹത്തെപോലും അപമാനിച്ചു
സാമ്പത്തിക ഉദാരവത്ക്കരണത്തിന് നേതൃത്വം കൊടുത്ത് രാജ്യത്തെ പതിനായിരങ്ങളുടെ പട്ടിണി മാറ്റിയ വ്യക്തിയായിരുന്നു, മുൻ പ്രധാനമന്ത്രി നരസിംഹ റാവു. എന്നാൽ റാവു പ്രധാനമന്ത്രിയായപ്പോൾ നെഹ്റു കുടുംബത്തിന്റെ പിൻസീറ്റ് ഡ്രൈവിങ്ങ് നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ അവസാന കാലത്ത് തീർത്തും ഒറ്റപ്പെട്ട രീതിയിലായിരുന്നു, മന്മോഹൻസിങിനൊപ്പം ചേർന്ന് രാജ്യത്തിന്റെ പട്ടിണി മാറ്റിയ ഈ മനുഷ്യൻ.
നരസിംഹറാവുവിന്റെ മൃതദേഹത്തോടുപോലും തികഞ്ഞ ആവഗണനയാണ് കോൺഗ്രസ് കാട്ടിയത്. അദ്ദേഹത്തിന്റെ ചിത പാതി കത്തിക്കിടക്കുന്നത് ഒരു പ്രദേശിക ചാനൽ
വാർത്തയാക്കിയിരുന്നു. അതിനുശേഷമാണ് കുറച്ച് കോൺഗ്രസ് പ്രവർത്തകർ എത്തി മൃതദേഹം പൂർണ്ണമായും കത്തിക്കുന്നതുപോലും. അത്രക്കും മോശമായ അനുഭവമാണ്
കോൺഗ്രസ് നേതൃത്വത്തിൽനിന്ന് അദ്ദേഹത്തിന് കിട്ടിയത്. ഇപ്പോഴും നരസിഹറാവുവിന്റെ അനുസ്മരണ പരിപാടികൾ പോലും കോൺഗ്രസ് ദേശീതയലത്തിൽ നടത്താറില്ല.
കോൺഗ്രസിന്റെ കടുംബാധിപത്യത്തിന്റെ ഫലമാണ് സത്യത്തിൽ അവർ ഇന്ന് ആന്ധ്രാപ്രദേശിൽ ഒന്നുമല്ലാതായത്. കോൺഗ്രസിന്റെ കരിസ്മാറ്റിക്ക് നേതാവായ വൈ എസ് രാജശേഖര റെഡ്ഡിക്ക്, സോണിയാ ഗാന്ധിയിൽനിന്ന് പലപ്പോഴും ഉണ്ടായിരുന്നത് മോശം അനുഭവങ്ങൾ ആയിരുന്നു. അദ്ദേഹത്തെ മരണ ശേഷം ഡൽഹിയിലെത്തിയ ഭാര്യയെയും മകനെയും കാണാൻ പോലും മാഡം കൂട്ടാക്കിയില്ലയെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിൻെയെല്ലാം തുടർച്ചയായാണ് വൈഎസ്ആർ കോൺഗ്രസ് എന്ന പാർട്ടി ഉണ്ടാകുന്നത് ജഗ്മോഹൻ റെഡ്ഡി ഇന്ന് ആന്ധ്ര മുഖ്യമന്ത്രിയായി ഇരിക്കുന്നതും. സംസ്ഥാനത്തെ വിഭജിച്ച് ആന്ധ്രയും തെലങ്കാനയും ആക്കാനുള്ള തീരുമാനത്തിനുശേഷം ഇരു സംസ്ഥാനങ്ങളലും കോണഗ്രസ് നാമാവശേഷമായി.
ഒടുവിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയും
2019 മെയ് 28ന് ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ രാഹുൽഗാന്ധിയും ആഞ്ഞടിച്ചത് മക്കൾ രാഷട്രീയത്തിന് എതിരെയായിരുന്നു. മക്കൾ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് പ്രധാന കാരണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവരുടെ മക്കൾ രാഷ്ട്രീയത്തിനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. കോൺഗ്രസിനെ മൊത്തം ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം മക്കളെ ജയിപ്പിക്കാനാണ് ഇവർ ശ്രമിച്ചതെന്നും പാർട്ടി താത്പര്യത്തിനതീതമായി മക്കൾ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. മക്കൾക്ക് സീറ്റ് നൽകുന്നതിൽ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ സീറ്റിനായി നേതാക്കൾ ശാഠ്യം പിടിക്കുകയായിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിൽ രാജിവെക്കുമെന്ന് വരെ അവർ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാർട്ടിയിലെ മറ്റു നേതാക്കളും ഈ ആരോപണം ഏറ്റുപിടിച്ചു. രാഹുൽ പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടുതൽ ആത്മപരിശോധന നടത്തണമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവും രാജസ്ഥാൻ സഹകരണ മന്ത്രിയുമായ ഉദയലാൽ അഞ്ജന, അശോക് ഗെഹ്ലോട്ടിന് മകന്റെ കാര്യം ശ്രദ്ധിക്കാനുണ്ടായിരുന്നില്ലെങ്കിൽ കുറേ കൂടി സമയം മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിന് വിനിയോഗിക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മകൻ വൈഭവ് ഗെലോട്ടിനെ വിജയിപ്പിക്കാൻ ഒരാഴ്ചയോളം അശോക് ഗെഹ്ലോട്ട് ജോധ്പൂർ മണ്ഡലത്തിൽ തങ്ങി മറ്റു മണ്ഡലങ്ങളെ അവഗണിച്ചതായി വ്യാപകമായ പരാതിയുണ്ട്. എന്നിട്ടും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് വൈഭവ് ഗെലോട്ട് 2.7 ലക്ഷം വോട്ടുകൾക്ക് തോൽക്കുകയായിരുന്നു. മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ മത്സരിച്ച മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. പക്ഷേ ഈ ചർച്ച അധികം മുന്നോട്ടുപോയില്ല്. കോൺഗ്രസ് വീണ്ടും പഴയ വഴിയിൽ തന്നെയായി.ഇപ്പോൾ ഒരോ സംസ്ഥാനങ്ങളിലെയും നേതാക്കളും അവരുടെ മക്കൾക്ക് വേണ്ടി സീറ്റൊഴിയുന്നുവെന്ന് മാത്രം. കേരളത്തിൽ കരുണാകര യുഗത്തിനുശേഷം വലിയ തോതിൽ മക്കൾ രാഷ്ട്രീയം കോൺഗ്രസിൽ പിടിമുറക്കിയിട്ടില്ലെന്ന് ആശ്വസിക്കാം.
മക്കൾ രാഷ്ട്രീയം മാത്രമാണോ പ്രശ്നം?
മക്കൾ രാഷ്ട്രീയം എതിർക്കപ്പെടേണ്ടതാണോ, ഡോക്ടറുടെ മക്കൾക്ക് ഡോക്ടറും സിനിമാക്കാരുടെ മക്കൾക്ക് സിനിമാക്കാരും ആകാമെങ്കിൽ എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് രാഷ്ട്രീയ മേഖലയിലേക്ക് കടന്നു വന്നു കൂടാ എന്നു ചോദിക്കുന്നവരുണ്ട്. ന്യായമായ ചോദ്യം. പാർട്ടി നേതാവിന്റെ മക്കളോ കുടുംബക്കാരോ ആണെന്നത് ഒരാൾക്കും പാർട്ടിയിൽ കടന്നു വരുന്നതിനോ നേതൃസ്ഥാനത്ത് അവരോധിതനാകുന്നതിനോ അയോഗ്യതയായി കണ്ടുകൂടാ. രാഷ്ട്രീയത്തിൽ കടന്നു വരാൻ ആർക്കും അവകാശമുണ്ട്. സംഘടനാ വൈഭവവും നേതൃ യോഗ്യതയുമുണ്ടെങ്കിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നതും വിമർശിക്കപ്പെടേണ്ടതല്ല. വേണ്ടത്ര യോഗ്യതയില്ലാതെ, പാർട്ടിയിൽ കഴിവു തെളിയിച്ചവരും പാരമ്പര്യമുള്ളവരുമായ നേതാക്കളെ തഴയുക, പിതാവിന്റെയോ മാതാവിന്റെയോ സ്വാധീനത്തിൽ പദവികൾ കൈയടക്കുക, കുടുംബ താത്പര്യം പ്രത്യയശാസ്ത്ര താത്പര്യത്തെ കവച്ചു വെക്കുക എന്നതൊക്കെയാണ് ആക്ഷേപകരം. മക്കൾ രാഷ്ട്രീയത്തെ സർക്കാർ സർവീസിലെ ആശ്രിതനിയമനത്തിന് സമാനമാക്കുന്നതാണ് എതിർക്കപ്പെടുന്നത്. മാത്രമല്ല, ഡോക്ടറാകണമെങ്കിൽ കൊല്ലങ്ങളോളം അധ്വാനിച്ചു പഠിക്കണം. സിനിമയിൽ വിജയിക്കണമെങ്കിൽ കലാപരമായ കഴിവും വേണം. ഇത് രണ്ടും വേണ്ടാത്ത മേഖലയാണ് രാഷ്ട്രീയം. രാജ്യത്തിപ്പോൾ ജനാധിപത്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നത് കുടംബ ബന്ധങ്ങളും ഗുണ്ടായിസവും ജാതിയുമൊക്കെയാണ്. ജനസേവനത്തിന് താത്പര്യമില്ലാത്ത മക്കളെ പോലും മാതാപിതാക്കൾ നിർബന്ധിച്ചു രാഷ്ട്രീയത്തിലേക്ക് വലിച്ചിറക്കുകയാണ്. ഇത് പ്രോത്സാഹിപ്പിക്കപ്പെടാവതല്ല.
അതേസമയം, ദേശീയ തലത്തിൽ കോൺഗ്രസിന്റെ പരാജയം മക്കൾ രാഷ്ട്രീയത്തിന്റെ മാത്രം ഫലമല്ല. രാഹുലും പ്രിയങ്കയും എല്ലാ അടവും പയറ്റിയിട്ടും അമേഠിയിൽ രാഹുൽ പരാജയപ്പെട്ടതിന് മക്കൾ രാഷ്ട്രീയത്തെ പഴിച്ചതു കൊണ്ടായില്ലല്ലോ. അതിലപ്പുറം പാർട്ടി നേതൃത്വത്തിന്റെ മൃദുഹിന്ദുത്വ നിലപാട്, സംഘടനാ സംവിധാനത്തിന്റെ കുറവ്, സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിൽ പാർട്ടി നേതൃത്വത്തിന് സംഭവിച്ച പാളിച്ച, പാർട്ടിയിലെ അച്ചടക്കമില്ലായ്മ തുടങ്ങി അതിന്റെ കാരണങ്ങൾ പലതാണ്. സംഘടനാ തലത്തിൽ അടിമുടി അഴിച്ചുപണി നടത്തിയും നയപരമായ പാളിച്ചകൾ പരിഹരിച്ചും കോൺഗ്രസ് ഒരു തിരിച്ചു വരവ് നടത്തേണ്ടത് മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. നയത്തിനിലും സമീപനത്തിലും കാര്യമായ പുതുക്കലുകൾ നടത്താൻ കോൺഗ്രസിന് കഴിയുമോ. പകരം തമ്മിലടിച്ച് തല്ലിപ്പിരിയമോ. എല്ലാം കാത്തിരുന്ന് കാണാം.
വാൽക്കഷ്ണം: കോൺഗ്രസിലെ കുടുംബ വാഴ്ചയെ രൂക്ഷമായി വിമർശിക്കുന്ന ബിജെപിയിൽ അടക്കം രാജ്യത്തെ മിക്ക കക്ഷികളിലും കുടുംബവാഴ്ചയുണ്ട്. 1999ന് ശേഷം കോൺഗ്രസിൽ കുടുംബ വാഴ്ചയിലൂടെ 36 പേർ പാർലിമെന്റിലെത്തിയപ്പോൾ, ബിജെപിയിൽ 31 പേർ എത്തിയതായി സ്വതന്ത്ര ഏജൻസിയായ ഇന്ത്യ സ്പെൻഡ് ഡോട്ട്കോം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഹരിയാനയിൽ ബിജെപി നേതാവും ഒന്നാം മോദി മന്ത്രിസഭയിലെ ഉരുക്ക് വകുപ്പ് മന്ത്രിയുമായ, ജാട്ട് നേതാവ് ബീരേന്ദർ സിംഗിനു പകരം മകൻ ബ്രിജേന്ദർ സിംഗിനാണ് സീറ്റ് നൽകിയത്. അഖിലേഷ് യാദവും ജഗന്മോഹൻ റെഡ്ഡിയും നവീൻ പട്നായികും എം കെ സ്റ്റാലിനും ജ്യോതിരാദിത്യ സിന്ധ്യയും എം കെ കനിമൊഴിയുമെല്ലാം നേതാക്കളുടെ മക്കളായതുകൊണ്ട് തന്നെയാണ് പാർട്ടിയിലെ ഉന്നതങ്ങളിലെത്തിയത്. ബീഹാറിലെ ലോക്ജനശക്തി പാർട്ടിയിൽ ചിരാഗ് പാസ്വാൻ, സഹോദരൻ രാമചന്ദ്ര പാസ്വാൻ എന്നിവർ പിതാവ് രാംവിലാസ് പാസ്വാന്റെ തണലിൽ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നവരാണ്. ആർ ജെ ഡിയിൽ ലാലുപ്രസാദ് യാദവിന്റെയും എൻ ഡി എയിലെ പ്രബല കക്ഷിയായ ശിവസേനയിൽ ബാൽതാക്കറെയുടെയും കുടുംബാധിത്യമാണ്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മാത്രമാണ് മക്കൾ രാഷ്ട്രീയവും കുടുംബാധിപത്യവും കുറവ് എന്നതും ശ്രദ്ധേയമാണ്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ