- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി ട്വന്റി പ്രവർത്തകർക്ക് കോൺഗ്രസ്സുകാരുടെ മർദ്ദനം; പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകളിൽ കോളനികളിൽ ഭവന സന്ദർശനം നടത്തവേ കോൺഗ്രസ്സിന് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മർദ്ദിച്ചു; പിന്തിരിപ്പിച്ചത് പൊലീസ് ഇടപെട്ട്; പരാജയ ഭീതി മുന്നിൽ കണ്ടുള്ള കോൺഗ്രസ് അതിക്രമമെന്ന് സാബു ജേക്കബ്
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ ട്വന്റി ട്വന്റി പ്രവർത്തകർക്ക് കോൺഗ്രസ്സുകാരുടെ മർദ്ദനം. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകളിൽ കോളനികളിൽ ഭവന സന്ദർശനം നടത്തി പ്രചരണം നടത്തുകയായിരുന്ന പ്രവർത്തകരെയാണ് കോൺഗ്രസ്സിന് മുദ്രാവാക്യം വിളിച്ചെത്തിയ ഒരുസംഘം ആളുകൾ മർദ്ദിച്ചത്. ട്വന്റി ട്വന്റിക്കെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു മർദ്ദനം നടത്തിയതെന്ന് മർദ്ദനത്തിനിരയായവർ പറഞ്ഞു.
ഇന്ന് വൈകിട്ടാണ് സംഭവം. വീടുകളിൽ ഭവന സന്ദർശനം നടത്തിവരികയായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകരെ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ ഓടിച്ചിട്ട് തല്ലിയത്. ട്വന്റി ട്വന്റിയുടെ പോസ്റ്ററുകളും ബാനറുകളും മറ്റും ഇവർ തീയിട്ടു നശിപ്പിച്ചു. പൊലീസ് ഉണ്ടായിട്ടും അവരുടെ മുന്നിൽ വച്ചായിരുന്നു അക്രമം നടത്തിയത്. മധുവിനെ അതിക്രൂരമായാണ് മർദ്ദിച്ചത്. പൊലീസ് ഇടപെട്ടാണ് മർദ്ദനത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്. മർദ്ദനത്തിനിരയായവരെ വടവുകോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദ്ദനത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിലെ ട്വന്റി ട്വന്റി പ്രവർത്തകർ ഇന്ന് രാത്രിയിൽ കോലഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. മെഴുകുതിരി കത്തിച്ചുകൊണ്ടായിരുന്നു പ്രകടനം. മർദ്ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പരാജയ ഭീതി മുന്നിൽ കണ്ടാണ് കോൺഗ്രസ്സുകാർ ഇത്തരത്തിൽ ഒരു അക്രമം നടത്തിയതെന്ന് ട്വന്റി ട്വന്റി പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു.
സമാധാന പൂർവ്വം വീടുകളിൽ കയറി പ്രചരണം നടത്തുകയായിരുന്ന പ്രവർത്തകരെ അകാരണമായി മർദ്ദിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകിയതായും ഇവർക്കെതിരെ ശക്തമായി നിയമ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.