- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെലികോപ്ടർ അപകടത്തിൽ പെട്ട ജനറൽ ബിപിൻ റാവത്തിന്റെ നിലയിലും ആശങ്ക; 13 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം; റാവത്തിന്റെ വസതിയിൽ എത്തി മകളെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്; മുംബൈയിലെ ചടങ്ങ് റദ്ദാക്കി അടിയന്തരമായി ഡൽഹിയിലേക്ക് മടങ്ങി രാജ്നാഥ് സിങ്; അപകടത്തിൽ കേന്ദ്രത്തിന്റെ ഔദ്യോഗിക വിശദീകരണം നാളെ
ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറൽ ജനറൽ ബിപിൻ റാവത്തിന്റെ നിലയിലും ആശങ്ക. ഉന്നത ഉദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യും അപകടത്തിൽ മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്.
ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം നാളെയേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടം നടന്നിതനു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെ റാവത്തിന്റെ വസതിയിലെത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും കുടുംബാഗങ്ങളെ കണ്ടു. അഞ്ചു മിനിറ്റ് നേരം ചെലവഴിച്ച ശേഷം ഇവർ പാർലമെന്റിലേക്ക് മടങ്ങിയിരുന്നു. പാർലമെന്റിൽ ഇന്നു തന്നെ പ്രത്സാവന നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംഭവ സ്ഥലത്തേക്ക് തിരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് ഒഴിവാക്കി, വ്യോമസനേ മേധാവി കുന്നൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഉന്നത പദവിയിൽ ഇരിക്കുന്ന വ്യക്തി ഉൾപ്പെട്ട അപകടമായതിനാൽ അതീവ ഗുരുതരമായാണ് കേന്ദ്രസർക്കാർ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീൽ ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടിയന്തരമായി ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്:
1. ജന. ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ ഘട ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിങ്
5. എൻ കെ ഗുർസേവക് സിങ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ
ഉച്ചയ്ക്ക് 12.10-ഓടെയാണ് ഹെലികോപ്റ്റർ സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നത്. വെല്ലിങ്ടണിലെ സൈനികകോളേജിൽ ഏറ്റവും പുതിയ കേഡറ്റുകളെ കണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പുറപ്പെട്ടത്. 2.45-നായിരുന്നു ഈ പരിപാടി. സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് വെല്ലിങ്ടണിലേക്ക് വലിയ ദൂരമില്ല. എന്നാൽ വെല്ലിങ്ടണിൽ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ഇവിടെ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹെലികോപ്റ്റർ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റർ ദൂരത്ത് വച്ച് ഹെലികോപ്റ്റർ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം. മൂക്കുകുത്തിയാണ് ഹെലികോപ്റ്റർ ഭൂമിയിലേക്ക് പതിച്ചത്.
റാവത്ത് എത്തിയത് കേഡറ്റുകളുമായി സംവദിക്കാൻ
ഊട്ടി വെല്ലിങ്ടൺ കന്റോൺമെന്റിലെ ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു സംഘത്തിന്റെ യാത്ര.
മേജർ, ലഫ്റ്റനന്റ് കേണൽ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥർക്കാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് കോളജിൽ പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പൗരപ്രമുഖരും പ്രമുഖ രാഷ്ട്രീയക്കാരും കേഡറ്റുകളുമായി ആശയവിനിമനം നടത്താറുണ്ട്. ഇന്നത്തെ ആശയവിനിമയ പരിപാടിയിൽ ജനറൽ ബിപിൻ റാവത്താണ് പങ്കെടുക്കേണ്ടിയിരുന്നത്.
ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വ്യോമസേനയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററിലായിരുന്നു ബിപിൻ റാവത്ത് അടക്കമുള്ളവരുടെ യാത്ര. 12.10ന് വെല്ലിങ്ടൺ കന്റോൺമെന്റിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ സുലൂർ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റർ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.
ഹെലികോപ്റ്റർ വലിയ ശബ്ദത്തോടെ മരങ്ങൾക്കിടയിലൂടെ നിലംപതിക്കുകയായിരുന്നുവെന്നും കത്തിയമർന്ന ഹെലികോപ്റ്ററിൽ നിന്ന് മൂന്നു പേർ താഴെവീഴുന്നത് കണ്ടതായും ദൃക്സാക്ഷികളായ പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് ഡെസ്ക്