കൊച്ചി: പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി തൂങ്ങി മരിച്ചു. ആലുവ എടയപ്പുറത്താണ് സംഭവം. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയ പർവീൺ ആണ് ജീവനൊടുക്കിയത്. 21 വയസ്സായിരുന്നു. ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയ യുവതിയാണ് ആത്മഹത്യ ചെയ്തത്.

ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാൻ യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. നാളുകളായി യുവതിയും ഭർത്താവും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇവർ തമ്മിൽ കുടുംബ വഴക്ക് നിലനിന്നിരുന്നു. ഇതിൽ പരാതിപ്പെടാനാണ് യുവതി ആലുവ സിഐ ഓഫീസിലെത്തിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും സിഐ ചർച്ചയ്ക്ക് വിളിച്ചു. ചർച്ച നടക്കുന്നതിനിടെ യുവതി ഭർത്താവിനോട് മോശമായി പെരുമാറിയതായി പൊലീസുകാർ സൂചിപ്പിച്ചു.

എന്നാൽ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തിൽ വ്യക്തമാക്കി.

എന്നാൽ പൊലീസ് ഇതുനിഷേധിച്ചു. ചർച്ചയ്ക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയ യുവതിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗാർഹികപീഡനത്തിന് പൊലീസ് കേസെടുത്തു.