- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടതി ശിക്ഷിച്ചത് സർക്കാർ സർവ്വീസിൽ നിന്നും 2013ൽ വിരമിച്ച ഗൈനക്കോളജിസ്റ്റിനെ; ചികിൽസാ പിഴവിൽ ഡോക്ടറെ കോടതി ശിക്ഷിക്കുന്നത് അത്യപൂർവ്വം; അപ്പീൽ നൽകി കുറ്റവിമുക്തി നേടുമെന്ന് ഡോ കെസി കലാകുമാരി തങ്കച്ചിയും; 2007ൽ എറണാകുളം ജനറൽ ആശുപത്രിയിൽ സംഭവിച്ചത് എന്ത്?
കൊച്ചി: ചികിത്സ നിഷേധിക്കുകയും പ്രസവം അകാരണമായി വൈകിപ്പിക്കുകയും ചെയ്തതുമൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ ഒരു വർശത്തേക്ക് കഠിന തടവിനും 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമുള്ള എറണാകുളം ജ്യുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വിധി സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ്.
മിക്കപ്പോഴും ചികിത്സാ പിഴവിനും ചികിത്സ നിഷേധിക്കുന്നതിനും എതിരെ പരാതിനൽകിയാൽ യാതൊരു നടപടിയും ഉണ്ടാകാതെ എഴുതി തള്ളുകയാണ് പതിവ്. നീതി നിഷേധിക്കിമ്പോൾ സാധാരണക്കാർ എന്തു ചെയ്യുംമെന്നറിയാതെ പതറിനിൽക്കുകയും ചെയ്യും. അവസാന പ്രതീക്ഷ എന്ന നിലയിൽ കൊടതിയെ കാണുന്നവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുകയായിരുന്നു. എന്നാൽ ഇന്നലെ കോടതി പുറപ്പെടുവിച്ച വിധി ജനങ്ങൽക്ക് പ്രതീക്ഷ പകരുന്നതായിരുന്നു. മേൽകോടതിയിൽ അപ്പീൽ നൽകാൻ ഡോക്ടർക്ക് ജാമ്യവും കോടതി അനുവദിച്ചിട്ടുണ്ട്.
എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന പൊന്നുരുന്നി ഓവർബ്രിഡ്ജിനു സമീപം മറ്റത്തുകാട് വെസ്റ്റ് ഹൗസിൽ ഡോ. കെ.സി.കലാകുമാരി തങ്കച്ചിക്കാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഒരു വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം പരാതിക്കാരിയായ സുജയ്ക്കും ഒരു ലക്ഷം രൂപ ഭർത്താവ് രാജേഷിനും നഷ്ടപരിഹാരമായി നൽകണമെന്നും വിധിയിൽ പറയുന്നു. 2013ൽ സർക്കാർ സർവ്വീസിൽ നിന്ന് ഡോക്ടർ വിരമിച്ചു. നിലവിൽ കൊച്ചിയിലെ പ്രൈവറ്റ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയാണ് ഈ ഡോക്ടർ.
2007 സെപ്റ്റംബർ 27നാണ് സുജ രാജേഷ് എന്ന യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ 30 ആയിരുന്നു നിശ്ചയിച്ച പ്രസവത്തീയതി. അവധിദിനമായിരുന്നതിനാൽ അന്ന് ഡോ. കലാകുമാരി എത്തിയില്ല. തൊട്ടടുത്ത ദിവസം സുജയെ ലേബർ റൂമിലേക്ക് കൊണ്ടുപോയെങ്കിലും തിരിച്ചു വാർഡിലേക്ക് മാറ്റി. പനിയും അനുബന്ധ പ്രശ്നങ്ങളുമുണ്ടെന്ന് ഡോക്ടറെ അറിയിച്ചിട്ട് നോക്കിയില്ലെന്നും സുജയുടെ അമ്മ ഡോക്ടറെ കണ്ട് 500 രൂപ നൽകിയെന്നും പരാതിയിൽ പറയുന്നു. ദിവസങ്ങൾ കഴിഞ്ഞ് ഒക്ടോബർ രണ്ടിനാണ് സുജയുടെ പ്രസവം നടന്നത്. പ്രസവം വൈകിയതു മൂലം ഗർഭപാത്രത്തിൽ വച്ച് കുഞ്ഞിന്റെ ശ്വാസകോശത്തിൽ മലവും മാലിന്യങ്ങളും കയറിയെന്നും തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലം കുഞ്ഞു മരിച്ചു പോകുകയായിരുന്നു.
തുടർന്ന് ചികിത്സാ പിഴവാരോപിച്ച് വലിയ പ്രതിഷേധങ്ങൾ സുജയുടെ ബന്ധുക്കൾ നടത്തി. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഫോറൻസിക് സർജൻ ഉൾപ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. 15 രേഖകളും പരിശോധിച്ചു. ഒരു പ്രൊഫഷണൽ എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും ഡോക്ടർ കാണിച്ചില്ലെന്ന് വിലയിരുത്തിയ കോടതി മാപ്പർഹിക്കാത്ത വീഴ്ചയാണ് വരുത്തിയതെന്നും അഭിപ്രായപ്പെട്ടു.
അതേ സമയം കേസിൽ താൻ കുറ്റക്കാരിയല്ലെന്നാണ് ഡോ.കലാകുമാരി പറയുന്നത്. തന്റെ ഭാഗത്ത് യാതൊരു വീഴ്ചയില്ലെന്നും അവധി ദിനത്തിൽ അവിടെ ഡ്യൂട്ടിയുണ്ടായിരുന്നവരുടെ വീഴ്ചയാണെന്നുമാണ് പറയുന്നത്. സാധാരണ പ്രസവം നടക്കുന്ന സമയത്ത് നടന്നില്ലെങ്കിലോ മറ്റെന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീയതിക്ക് മുൻപ് സിസേറിയൻ നടത്തൂ. കൂടാതെ ഇവർ പറയുന്ന സമയത്ത് യുവതിക്ക് ടെംപറേച്ചറും കൂടുതലായിരുന്നു. ഇക്കാര്യങ്ങൾ വിശദമാക്കി വിവരങ്ങൾ കൈമാറിയിട്ടും തന്റെ ഭാഗം കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നാണ് കലാകുമാരി പറയുന്നത്. ഇതിനെതിരെ അപ്പീൽ നൽകുമെന്നും അവർ പറഞ്ഞു
പ്രതീക്ഷ നൽകുന്ന വിധിയാണിതെന്നാണ് അഭിഭാഷകരും നാട്ടുകാരും പറയുന്നത്. ചികിത്സാ പിഴവ് സംഭവിച്ചാൽ ഡോക്ടർമാരെ ശിക്ഷിക്കാതെ വെറുതെ വിടുന്ന സംഭവങ്ങളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത്തരം വിധികൾ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. നിരവധി കേസുകളിൽ പലപ്പോഴും ഗുരുതരമായ ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർമാർ രക്ഷപെട്ടു പോയിട്ടുണ്ട്. ഈ വിധി കണ്ടെങ്കിലും ചികിത്സാ പിഴവ് വരുത്താതിരിക്കാൻ അവർ ശ്രമിക്കുമായിരിക്കും എന്നു കരുതുന്നതായും നാട്ടുകാർ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.