- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം ചെയ്യുന്ന ഇടതു പക്ഷക്കാരെ പിടിച്ച് ചർച്ച നടത്തി മാനം രക്ഷിക്കാൻ നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവ് റഹീം; ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; ചർച്ചയ്ക്ക് പോയവർ ഫോണിൽ വിളിച്ച് അഭിപ്രായം ചോദിച്ചതിൽ രാഷ്ട്രീയം കണ്ട് ഇടതു പക്ഷം; ഉദ്യോഗാർത്ഥികളുടെ സമരം തിരിഞ്ഞു കൊത്തുമെന്ന് അറിഞ്ഞുള്ള സിപിഎമ്മിന്റെ ചടുല നീക്കം പാളുമ്പോൾ
തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുമായി രാത്രി അടിയന്തര അനൗദ്യോഗിക ചർച്ചയ്ക്കു പിന്നിൽ ചരടു വലികൾ നടത്തിയത് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ റഹീം. എങ്ങനേയും സമരം അവസാനിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച നിലപാടുകൾ തുടർന്നതിനാൽ സമരം പാളി. ചർച്ചയ്ക്കിടെ പുറത്തുള്ളവരുമായി സമരക്കാർ ഫോണിൽ സംസാരിച്ചിരുന്നു. ഈ സംസാരത്തെയാണ് സമരം തുടരുന്നതിന് കാരണമായി ഇപ്പോൾ സർക്കാരും സിപിഎമ്മും കാണുന്നത്. സമരം തുടരാൻ ബാഹ്യസമ്മർദ്ദം ഉണ്ടായെന്നാണ് അവരുടെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ സാധാരണ അനൗദ്യോഗിക ചർച്ചകൾ നടക്കാറില്ല. അങ്ങനെ മുഖ്യമന്ത്രിയുടെ സ്വന്തം ഓഫീസിൽ ആരോ അനൗദ്യോഗിക ചർച്ച നടത്തിയെന്ന തരത്തിലും വാദങ്ങൾ സജീവമാണ്.
പിഎസ് സി ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ചയിൽ എന്തു സംഭവിച്ചെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിക്കുന്നില്ല. സമരത്തിനെതിരെയാണ് ഇപ്പോഴും മന്ത്രിമാർ പരസ്യമായി പ്രതികരിക്കുന്നത്. ഈ സമരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് സിപിഎം ചർച്ചയെന്ന ചടുല നീക്കം നടത്തിയത്. അതും പാളുമ്പോൾ ഇനി ഒന്നും ചെയ്യാനില്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ ചർച്ച നടത്തിയതും വിവാദമാവുകയാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന ജില്ലാ നേതാക്കൾ, മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ രണ്ടു പേർ എന്നിവരാണ് ഉദ്യോഗാർഥികളുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
ബാഹ്യ ഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന ആരോപണവും അവർ ഉയർത്തുന്നു. എന്നാൽ ഇത് ഉദ്യോഗാർഥികൾ പൂർണമായും തള്ളുന്നു. സർക്കാരിനെ അനുകൂലിച്ചവരുടെ ഭാഗത്തു നിന്ന് വിശ്വസനിയമായ ഉറപ്പുകൾ ലഭിച്ചില്ല. 14 ജില്ലകളിൽ നിന്നുള്ളവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഉദ്യോഗാർഥി പ്രതിനിധികളായ 4 പേർ മാത്രമാണു ചർച്ചയിൽ പങ്കെടുത്തത്. എന്തെങ്കിലും തീരുമാനം എടുക്കുന്നതിനു മുൻപു പുറത്തുള്ളവരുമായി സംസാരിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ അവരുമായി ഫോണിൽ സംസാരിച്ചതിനെയാണ് ബാഹ്യ ഇടപെടലെന്ന് ആക്ഷേപിച്ചതെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇതൊന്നും സമര വീര്യത്തെ കുറയ്ക്കില്ലെന്ന് അവർ പറയുന്നു. സർക്കാർ പരസ്യമായി ഇതിൽ പ്രതികരണവും നടത്തുന്നില്ല.
സിപിഎം നേതാക്കളിൽ പലരും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്കു തയാറാണെന്ന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷക്കാരായ ചില ഉദ്യോഗാർഥികൾ മുൻകയ്യെടുത്താണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കു വഴിയൊരിക്കിയത്. ഇതേ തുടർന്ന് ഉച്ചയ്ക്ക് 3 മണി മുതൽ പുലർച്ചെ ഒന്നേ മുക്കാൽ വരെ പത്തു മണിക്കൂർ 3 ഘട്ടങ്ങളായാണ് ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്. ഇതാണ് പരാജയമായത്.
വൈകിട്ട് 3 മണിയോടെ ആദ്യഘട്ടമെന്ന നിലയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ ഓഫിസിൽ വച്ചായിരുന്നു ചർച്ച. ഇവിടെ വച്ച് ആവശ്യങ്ങൾ ഉദ്യോഗാർഥികൾ എഴുതി നൽകി. മുഴുവൻ അംഗീകരിക്കാൻ കഴിയില്ലെന്നും 9 എണ്ണം അനുഭാവപൂർവം പരിഗണിക്കാമെന്നുമായിരുന്നു വാഗ്ദാനം. തുടർന്ന് ഡിവൈഎഫ്‌ഐ നേതൃത്വം മുഖ്യമന്ത്രി ഓഫിസുമായി ചർച്ച ചെയ്‌തോടെ ആവശ്യങ്ങളിൽ 5 എണ്ണം പൂർണമായും തള്ളി. ബാക്കി 4 എണ്ണം മാത്രം പരിഗണിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിൽ ചർച്ച നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ ചർച്ചയ്ക്ക് ഔദ്യോഗിക സ്വഭാവം നൽകാൻ ആരും തയ്യാറായില്ല.
എത്രയും പെട്ടെന്നു സമരം അവസാനിപ്പിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടതോടെയാണ് അർധരാത്രിയും ചർച്ച നീണ്ടത്. പ്രമോഷൻ നടപടികൾ വേഗത്തിലാക്കും, ഒഴിഞ്ഞു കിടക്കുന്ന ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യും, ആശ്രിത നിയമനത്തിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ റിപ്പോർട്ട് ചെയ്യും, ജിഎസ്ടി വകുപ്പിലെ നിയമനങ്ങൾക്കു വഴിയൊരുക്കാം എന്നിവ മാത്രമാണ് സർക്കാർ അനുകൂലികൾ മുന്നോട്ടു വച്ചത്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതൊക്കെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നും അറിയിച്ചു. ഇക്കാര്യങ്ങളിൽ ഉറപ്പ് നൽകാനുള്ള അധികാരവും ചർച്ചയിൽ പങ്കെടുത്ത സർക്കാരിന്റെ അനൗദ്യോഗിക പ്രതിനിധികൾക്കുണ്ടായിരുന്നില്ല.
എന്നാൽ ഈ ആവശ്യങ്ങൾ സമരം നടത്തിയില്ലെങ്കിലും സ്വാഭാവികമായും അംഗീകരിക്കപ്പെടുന്നവയാണെന്ന് ഉദ്യോഗാർഥികൾ നിലപാടെടുത്തു. അടുത്ത റാങ്ക് പട്ടിക വരുന്നതുവരെ നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നത് ഉൾപ്പെടെ ആവശ്യങ്ങളിൽ തീരുമാനവും ഉണ്ടായില്ല. തുടർന്ന് രാത്രി 1 മണിയോടെ പുറത്തുള്ള ഉദ്യോഗാർഥികളുമായി ഫോണിൽ സംസാരിച്ച ശേഷമാണ് സമരം തുടരാമെന്ന് ഉദ്യോഗാർഥികൾ നിലപാടെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ