തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം നാളെ.രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും. ആദ്യഫല സൂചനകൾ വോട്ടെണ്ണൽ തുടങ്ങിയാലുടൻ ലഭിക്കും.രാവിലെ 11ഓടെ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും. മുഴുവൻ ഫലങ്ങളും ഉച്ചയോടെ ലഭ്യമാകും. 22,000ത്തോളം വാർഡുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. ഫലപ്രഖ്യാപനത്തിനായി വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ളത്. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക് തല വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും.

വളരെ സൂക്ഷ്മതയോടെയാണ് വരണാധികാരികൾ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കുന്നത്. കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. കൗണ്ടിങ് ഓഫിസർമാർ, സ്ഥാനാർത്ഥികൾ, കൗണ്ടിങ് ഏജന്റുമാർ എന്നിവർക്കെല്ലാം കയ്യുറ, മാസ്‌ക് എന്നിവ നിർബന്ധമാണ്. ഫെയ്സ് ഷീൽഡും തിരഞ്ഞെടുപ്പ് കമ്മിഷൻ ലഭ്യമാക്കുന്നുണ്ട്. വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. അതത് വിതരണസ്വീകരണ കേന്ദ്രങ്ങളിൽവച്ചാണു വോട്ടെണ്ണൽ. സാമൂഹിക അകലം പാലിച്ചു വേണം കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കേണ്ടതെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്‌കരൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ 244 വോട്ടണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കൊല്ലം 16 വീതം, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട്, കണ്ണൂർ 20 വീതം, വയനാട് 7, കാസർകോട് 9 എന്നിങ്ങനെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഡിസംബർ 21നാണ് തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ.

കോവിഡ് മാനദണ്ഡങ്ങൽ പാലിക്കേണ്ടതുകൊണ്ടുതന്നെ വിപുലമായ രീതിയിലാണ് ഇത്തവണ സന്നാഹങ്ങൾ. വോട്ടെണ്ണലിന്റെ നടപടി ക്രമങ്ങൾ ഇങ്ങനെ..

അകലം നിർബന്ധം.. ഹാളുകളിൽ ആരൊക്കെ?

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളുമാണ് സജ്ജീകരിക്കുക. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാൾ ഉണ്ടാകും. റിട്ടേണിങ് ഓഫിസർക്കൊപ്പം മേശയിൽ 2 പോളിങ് അസിസ്റ്റന്റുമാർക്കും സീറ്റുണ്ടാകും. സമീപത്തെ മേശയിൽ സ്ഥാനാർത്ഥികളും ഇലക്ഷൻ ഏജന്റുമാരും ഉണ്ടാകും.ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേ
ഷൻ സ്ഥാനാർത്ഥികൾക്ക് ഓരോ കൗണ്ടിങ് ഏജന്റിനെക്കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് ഓരോ ഗ്രാമപ്പഞ്ചായത്തിനും ഓരോ കൗണ്ടിങ് ഏജന്റിനെ വീതം ചുമതലപ്പെടുത്താം. പരമാവധി 8 പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിങ് ടേബിൾ എന്ന രീതിയിലാകും സാമൂഹിക അകലം പാലിച്ചുള്ള മേശ ക്രമീകരണം.ഒരു ടേബിളിൽ ഒന്നുവീതം കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും. ത്രിതലപഞ്ചായത്തുകളിൽ ഓരോ ടേബിളിനും ഒരു കൗണ്ടിങ് സൂപ്പർവൈസറും 2 കൗണ്ടിങ് അസിസ്റ്റന്റുമാരും. മുനിസിപ്പാലിറ്റികളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും.

ആദ്യം എണ്ണുക തപാൽ വോട്ട്

ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത് കോവിഡ് സ്‌പെഷൽ വോട്ടർമാരുടെ ഉൾപ്പെടെ 2,11,846 തപാൽ വോട്ടുകളാണ് ഇത്തവണയുള്ളത്.ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണു വോട്ടെണ്ണൽ. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. സത്യപ്രസ്താവനയില്ലാത്തവ, വോട്ട് രേഖപ്പെടുത്താ
ത്തവ, അവ്യക്തമായവ തുടങ്ങിയ തപാൽ വോട്ടുകൾ എണ്ണില്ല. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ തപാൽ വോട്ടുകൾ അതത് കേന്ദ്രങ്ങളിലെ വരണാധികാരിക
ളാണ് എണ്ണുക.

പോസ്റ്റൽ വോട്ട് എണ്ണിത്തീരാൻ കാത്തിരിക്കാതെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും. ഇതിനായി വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ സ്‌ട്രോങ് റൂമുകളിൽ നിന്നു പുറത്തെത്തിക്കും.വോട്ടെടുപ്പിനു ശേഷം പൊലീസ് കാവലിലാണ് സ്‌ട്രോങ് റൂമുകളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. വോട്ടെണ്ണുന്ന മേശയിലേക്ക് സീൽ ചെയ്ത കൺട്രോൾ യൂണിറ്റ് മാത്രമാണ് കൊണ്ടു വരുന്നത് (ബാലറ്റ് യൂണിറ്റിലാണ് നാം വോട്ടു ചെയ്യുക. അതിനു പക്ഷേ വോട്ടെണ്ണലിൽ റോളില്ല. വോട്ടുകളെല്ലാം കൺട്രോൾ യൂണിറ്റിൽ ഭദ്രമായിരിക്കും). കൺട്രോൾ യൂണിറ്റിനൊപ്പം രണ്ട് കവറും വരും. 24എ (അക്കൗണ്ട് ഓഫ് വോട്ട്‌സ്), കാൻസൽ ചെയ്ത ബാലറ്റ് ലേബൽ എന്നിവയാണ് അതിലുണ്ടാകുക. സീൽ പൊട്ടിയില്ലെന്ന് ഉറപ്പാക്കി കൺട്രോൾ യൂണിറ്റുകൾ ടേബിളിലേക്കു നൽകുന്നത് റിട്ടേണിങ് ഓഫിസറാണ്.


അറിയാം വോട്ടെണ്ണൽ എങ്ങനെയെന്ന്

ആദ്യം കാരിയിങ് കെയ്‌സിലെ സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തിറക്കും. കൺട്രോൾ യൂണിറ്റിന്റെ നമ്പറും സ്ട്രിപ് സീലിന്റെയും ഗ്രീൻ പേപ്പർ സീലിന്റെയും നമ്പറുകൾ പരിശോധിച്ചശേഷം കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് മെഷീൻ സ്വിച്ച് ഓൺ ചെയ്യും. മെഷീനിലെ സ്‌ക്രീനിൽ ഇലക്ഷൻ കമ്മിഷനെന്ന വാചകവും തീയതിയും സമയവും മറ്റു വിവരങ്ങളും തെളിയും. ത്രിതല പഞ്ചായത്തിൽ ഉപയോഗിച്ച മെഷീനാണെങ്കിൽ സ്‌ക്രീനിൽ വോട്ടുകളുടെ എണ്ണം 3 എന്നു കാണിക്കും. അതായത് പഞ്ചായത്ത്, ബ്ലോക്ക്, ജില്ല. ഓരോ തലത്തിലേക്കും ഓരോ ഐഡി മെഷീനിൽ ഉണ്ടാകും. സ്ഥാനാർത്ഥികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും ബാറ്ററി ചാർജും ഡിസ്‌പ്ലേയിൽ കാണിക്കും.

റിട്ടേണിങ് ഓഫിസർ മെഷീനിലെ സ്ട്രിപ് സീലും പുറകിലെ സീലും മാറ്റി മുകൾഭാഗത്തെ കവർ ഊരും. പ്രതലത്തിൽ റിസൾട്ട് 1, 2 എന്നു രേഖപ്പെടുത്തിയ രണ്ട് ബട്ടൺ ഉണ്ടാകും. അതിൽ റിസൾട്ട് 1 ബട്ടൺ പേപ്പർ സീലിനെ തുളച്ചു കൊണ്ട് അമർത്തുമ്പോൾ വോട്ടെണ്ണൽ ആരംഭിച്ച സമയവും അവസാനിച്ച സമയവും, വോട്ടർമാരുടെ എണ്ണം, ഏത് തലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്, എത്ര വോട്ടർമാർ, എത്രപേർ വോട്ടു ചെയ്തു, എൻഡ് ബട്ടൻ എത്രപേർ ഉപയോഗിച്ചു, എത്ര സ്ഥാനാർത്ഥി തുടങ്ങിയ വിവരങ്ങൾ കാണിക്കും. ഇതിനുശേഷം, ഓരോ തലത്തിലും ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്തിയിരുന്ന ക്രമത്തിൽ സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ട് മെഷീനിൽ തെളിയും.

പോസ്റ്റ് 1 പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഓരോ ഘട്ടമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഒരു വോട്ടു മാത്രമായതിനാൽ ഒരു ഫലം മാത്രം. കൺട്രോൾ യൂണിറ്റിൽ തെളിയുന്ന ഫലം അതതു സമയത്തുതന്നെ കൗണ്ടിങ് ഏജന്റുമാരും സ്ഥാനാർത്ഥികളും കാണും. ഈ ഫലവും തപാൽ വോട്ടിന്റെ എണ്ണവും ചേർത്തു വിജയിയെ പ്രഖ്യാപിക്കുന്നത് റിട്ടേണിങ് ഓഫിസറാണ്. അവിടെവച്ചുതന്നെ വിജയിക്കു സർട്ടിഫിക്കറ്റ് നൽകും. സംശയമുണ്ടെങ്കിൽ എത്രതവണ വേണമെങ്കിലും റിസൽട്ട് പരിശോധിക്കാം.

വോട്ടെണ്ണൽ പൂർത്തിയായാൽ

കൗണ്ടിങ് അസിസ്റ്റന്റ് ഫലം ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തും. തുടർന്ന് വോട്ടെണ്ണൽ രേഖകൾ സീൽ ചെയ്യലാണ്അതിന് പാക്കിങ് ആൻഡ് സീലിങ് യൂണിറ്റുമുണ്ട്. മെഷീൻ ഓഫ് ചെയ്ത് ബാറ്ററി ഭാഗം തുറന്ന് സീൽ ഇളക്കി ബാറ്ററി മാറ്റും. ഡിഎംഎം (ഡിറ്റാച്ചബിൾ മെമറി മൊഡ്യൂൾ) ഇളക്കി ഓരോ തലത്തിലും ഉപയോഗിക്കേണ്ട കവറിൽ ആക്കി റിട്ടേണിങ് ഓഫിസർ ഒപ്പിട്ട് സീൽ ചെയ്യും. കൺട്രോൾ യൂണിറ്റിന്റെ മെമറി കാർഡിനു കേടുവന്നാൽ പകരം സംവിധാനമായാണ് ഡിഎംഎം ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കും. ഒരു പഞ്ചായത്തിലെ എല്ലാ ഡിഎംഎമ്മും ഒരു കവറിലാക്കി സീൽ ചെയ്ത് ട്രഷറിയിലേക്കു മാറ്റും. കൺട്രോൾ യൂണിറ്റ് ഗോഡൗണിലേക്കും മാറ്റും. കനത്ത കാവലിലായിരിക്കും ഇത് സൂക്ഷിക്കുക. ഓരോ വാർഡിലെ കൗണ്ടിങ് കഴിഞ്ഞാൽ ആ വാർഡിലെ സ്ഥാനാർത്ഥിയും ഏജന്റും പുറത്തു പോകണം.

ഓരോ വാർഡിലെയും ലീഡ് നില അപ്പപ്പോൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ട്രെൻഡ് യൂണിറ്റുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെൻഡ് വെബ്സൈറ്റിലൂടെ പൊതുജനത്തിന് ഫലമറിയാനാകും.

കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതലുകൾ പാലിച്ച് മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ 76.18 ശതമാനമാണ് പോളിങ്.ഒന്നാം ഘട്ടത്തിൽ 73.12 ശതമാനം, രണ്ടാംഘട്ടത്തിൽ 76.78 ശതമാനം, മൂന്നാംഘട്ടത്തിൽ 78.64 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. കോവിഡ് സാഹചര്യത്തിലും ജനം ആവേശപൂർവം ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.2015ലെ തെരഞ്ഞെടുപ്പിൽ 77.76 ശതമാനമായിരുന്നു പോളിങ്.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 77.68 ശതമാനമായിരുന്നു പോളിങ്.