ദുബായ്: ദുബായ് ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. രാവിലെ 11.50 ഓടെയാണ് ദുബായ് സിവില്‍ ഡിഫന്‍സിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.

തീപിടിത്ത വിവരം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സംഘം മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയനമാക്കി. 12:24ഓടെ സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.