- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലും ശക്തമായ മഴ; ജാഗ്രത വേണമെന്ന് അധികൃതർ; മിന്നൽ പ്രളയത്തിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ്

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ മഴയ്ക്കും താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ NCM നിർദ്ദേശിച്ചിട്ടുണ്ട്. വാദികൾ, മലഞ്ചെരിവുകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും രാത്രി 8:30 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു. മലയോര മേഖലകളിൽ ഉച്ചയ്ക്ക് 1:15 മുതൽ രാത്രി 8:30 വരെ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.
ശക്തമായ കാറ്റ്, ഇടിമിന്നൽ, കനത്ത മഴ എന്നിവ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധിക്കണം. ബീച്ചുകളിൽ പോകുന്നതും വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ തങ്ങുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും ജനങ്ങൾ പാലിക്കണം.


