റാസൽ ഖൈമ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും തുടരുന്നു. കിഴക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച മഴ രാജ്യത്തിന്റെ പല മേഖലകളിലും വാദികൾ നിറഞ്ഞൊഴുകാൻ കാരണമായി. ഡിസംബർ 19 വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാലാവസ്ഥാ പ്രതിഭാസത്തെ തുടർന്ന് റാസൽ ഖൈമയിൽ ഗോഡൗണുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ഉമ്മുൽ ഖുവൈൻ, ഖോർ ഫക്കാൻ, കോർണിഷ്, കോറൽ ഐലൻഡ് തുടങ്ങിയ നഗരപ്രദേശങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെട്ടു. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും വ്യത്യസ്ത തീവ്രതയിലുള്ള ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

താപനിലയിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജെയ്‌സ് പർവതത്തിൽ പുലർച്ചെ 3:45ന് 9.2°C ആയിരുന്നു താപനില. അബൂദബിയിൽ 19°Cനും 28°Cനും ഇടയിലും ദുബൈയിൽ 19°Cനും 27°Cനും ഇടയിലും ഷാർജയിൽ 18°Cനും 27°Cനും ഇടയിലുമായിരിക്കും താപനില.

അതേസമയം, ഡിസംബർ 18, 19 തീയതികളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ ജാഗ്രത പാലിക്കണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിലെ തൊഴിലിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും നിർദേശമുണ്ട്.