- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
15ാം വയസ്സിൽ പ്രണയിച്ചത് 40 വയസ്സുള്ള തന്റെ അദ്ധ്യാപികയെ; മൂന്നു മക്കളുള്ള ടീച്ചറെ വിവാഹം കഴിച്ചത് 14 വർഷത്തെ കാത്തിരിപ്പിനു ശേഷം; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ് രാഷ്ട്രീയത്തിൽ; ഒരു വർഷം കൊണ്ട് അധികാരത്തിൽ; നെപ്പോളിയനു ശേഷം ഫ്രാൻസ് കണ്ട പ്രായം കുറഞ്ഞ ഭരണാധികാരി; ഇസ്ലാമിസ്റ്റുകളുടെ ആഗോള ശത്രു; മാക്രോണിന്റെ അസാധാരണ ജീവിതം
ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ്, സാമ്പത്തിക ഉദാരീകരണത്തിൽ സോഷ്യലിസം ചാലിച്ച ഒരു പാർട്ടിയുണ്ടാക്കി, രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ആ ചെറുപ്പക്കാരന് ഭ്രാന്താണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഒരു വർഷം കൊണ്ട് അയാൾ രാജ്യം പിടിച്ചു. വെറും 39ാമത്തെ വയസ്സിലാണ് അയാൾ സ്വതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ ഫ്രാൻസ് എന്ന മഹത്തായ രാഷ്ട്രത്തിന്റെ പ്രസിഡന്റ് ആവുന്നത്. ഇപ്പോഴിതാ ഇസ്ലാമിക ഭീകരവാദികൾ ഉയർത്തിയ വെല്ലുവിളിയെ തുടർന്ന്, വളരെ പെട്ടെന്ന് വളർന്ന വലതുപക്ഷത്തിന്റെ ശക്തമായ കാമ്പയിൻ അതിജീവിച്ച്, അയാൾ വീണ്ടും പ്രസിഡന്റ് ആയിരിക്കയാണ്്. അതാണ് ഇമ്മാനുവൽ മാക്രോൺ എന്ന ഫ്രഞ്ച് പ്രസിഡന്റ്!
2002 ന് ശേഷം ഫ്രാൻസിൽ തുടർ ഭരണം നേടുന്ന ആദ്യത്തെ പ്രസിഡണ്ട് എന്ന ഖ്യാതിയും മാക്രോണിന് സ്വന്തം. എന്നിരുന്നാൽ പോലും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ജനപിന്തുണ വളരെ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണയും ലെ പെൻ തന്നെയായിരുന്നു മാക്രോണിന്റെ എതിരാളി. അന്ന് 66% വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു മാക്രോൺ ജയിച്ചതെങ്കിൽ ഇത്തവണ അത് 28% ആയി കുറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയം പിറന്നുവീണ ഫ്രാൻസിന്റെ മണ്ണിൽ വലതുപക്ഷ ചിന്താഗതിക്ക് ശക്തികൂടി വരുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്.
ഫലം പുറത്തുവന്നതോടെ ഭാര്യാ സമേതനായി ഈഫൽ ഗോപുരത്തിനു കീഴിലെത്തി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത മാക്രോൺ പറഞ്ഞത് ഇനി താൻ ഒരു പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയല്ലെന്നും, മുഴുവൻ ഫ്രഞ്ചുകാരുടെ പ്രസിഡണ്ടാണെന്നും ആയിരുന്നു. ആരേയും വേർതിരിച്ചു കാണില്ല എന്നും അദ്ദേഹം ഉറപ്പു നൽകി. ഒത്തൊരുമിച്ച് നമുക്ക് ഫ്രാൻസിനേയും യൂറോപ്പിനേയും കൂടുതൽ ശക്തിപ്പെടുത്താം എന്ന് ആഹ്വാനം നൽകിയ അദ്ദേഹം ഫ്രാൻസിനെ മഹത്തായ ഒരു ഹരിത രാഷ്ട്രമാക്കി മാറ്റാമെന്നും പറഞ്ഞു.
15ാം വയസ്സിൽ ടീച്ചറെ പ്രണയിക്കുന്നു
കോളജ് ടീച്ചറെ പ്രണയിച്ച വിദ്യാർത്ഥിയുടെ കഥ നാം സൂപ്പർ ഹിറ്റായ 'പ്രേമം' സിനിമയിലൊക്കെ മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാൽ ഇമ്മാനുവേൽ മാക്രോണിന്റെ ജീവിതത്തിൽ അത് സംഭവിച്ചതാണ്.
ഫ്രാൻസിയലെ ആമിയൻസിൽ ഒരു മിഡിൽക്ലാസ് ഫാമിലിയിലായിരുന്നു മാക്രോണിന്റെ ജനനം. അമ്മ ഫ്രാങ്കോയിസ് നോഗൂസ് സാമൂഹിക സുരക്ഷാവകുപ്പിൽ ഡോക്ടർ. പിതാവ് ജീൻ മൈക്കൽ, പിക്കാർഡ് സർവകലാശാലയിലെ പ്രൊഫസസർ. 2010ൽ ഇവർ ബന്ധം വേർപരിഞ്ഞു. മാക്രോണിന് രണ്ടുസഹോദരങ്ങൾ കൂടിയുണ്ട്. ഇളയസഹോദരൻ ലോറന്റും, അനുജത്തി എസ്റ്റെല്ലും. ലോറന്റും മാക്രോണും ഒരുമിച്ച് വളർന്നു. ലോറന്റനും നന്നായി പഠിച്ച് റേഡിയോളജിസ്റ്റായി. വിവാഹിതയായ സഹോദരിയും മാക്രോണിന് സഹായിയായി ഇപ്പോഴും കുടെയുണ്ട്.
പഠനത്തിലും സംഗീതവും നാടകവുംപോലുള്ള പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു മാക്രോൺ. ആമിയൻസിലെ ജെസ്യൂട്ട് ഹൈസ്കൂളായ ലൈസി ലാ പ്രൊവിഡൻസിൽ വെച്ച് വെറും 15ാം വയസ്സിലാണ്, അയാളുടെ പ്രണയം തുടങ്ങുന്നത്. 1993ൽ അവിടെ ഫ്രഞ്ച് പഠിപ്പിക്കാൻ എത്തിയ ടീച്ചർ ആയിരുന്നു, 39കാരിയായ ബ്രിജിറ്റ് ഓസിയർ എന്ന ഫ്രാൻസിന്റെ ഇപ്പോഴത്തെ ഫസ്റ്റ് ലേഡി. 'ലൗ അറ്റ് ദ ഫസ്റ്റ് സൈറ്റ്' എന്നാണ് ഇതേക്കുറിച്ച് മാക്രാൺ പിന്നീട് പറഞ്ഞത്. ടീച്ചറെ ആദ്യമായി കണ്ടപ്പോൾ തന്നെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത അസാധാരണമായ എന്തോ ഒന്ന് തന്റെ ഉള്ളിൽ തുടക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ മാക്രോൺ തുറന്ന് പറയുന്നു.
ബ്രിജിറ്റിന്റെ സാഹിത്യ ക്ലാസുകൾ അവന്് എറെ ഇഷ്ടമായിരുന്നു. അവൻ പങ്കെടുത്ത നാടക ക്ലാസ്സിന്റെ ചുമതലയും ബ്രിജിറ്റിനായിരുന്നു. അവിടെ വച്ചാണ് അവർ കൂടുതൽ അടുത്തത്. തനിക്കും മാക്രോണിനോട് വല്ലാത്ത ഒരു ആകർഷണീയത തോന്നിയിരുന്നെങ്കിലും അത് വെളിപ്പെടുത്തിയില്ലെന്ന് ബ്രിജിറ്റ് പിന്നീട് പറയുകയുണ്ടായി. കാരണം അവന് അന്ന് പ്രായപൂർത്തിയായിട്ടില്ല. പകത്വയില്ലാത്ത ഒരു കുട്ടിയുടെ ചാപല്യമായെ ഇതിനെയൊക്കെ കാണാൻ കഴിയൂവെന്ന് അവർക്ക് തോന്നി. മാത്രമല്ല അവർ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായി കേസായാൽ പോക്സോ കുറ്റത്തിന് ടീച്ചർ അകത്താവുകയും ചെയ്യുമായിരുന്നു.
1974 തന്നെ ബ്രിജിറ്റ് വിവാഹിതായായിരുന്നു. ബാങ്കർ ആന്ദ്രേ-ലൂയിസ് ഔസിയാണ് ഭർത്താവ്. അവർക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഇളയ പെൺകുട്ടി ലോറൻസ്, അതേ സ്കൂൾ വിദ്യാർത്ഥിയും മാക്രോണിന്റെ സഹപാഠിയുമായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും തങ്ങൾക്ക് പ്രണയം തടുത്തുനിർത്താൻ കഴിഞ്ഞില്ല എന്നാണ് ബ്രിജിറ്റ് പറയുന്നത്. വൈകാതെ അവർ കടുത്ത അനുരാഗത്തിലായി.
വരന്റെ പ്രായം 29, വധുവിന് 53!
പക്ഷേ ഈ ബന്ധം അർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. മാക്രോണിന്റെ രക്ഷിതാക്കൾ അയാളെ ഇതിൽനിന്ന് മോചിപ്പിക്കാൻ കൂടി ഫ്രാൻസിലേക്ക് പഠിക്കാൻ വിട്ടു. പക്ഷേ കത്തുകളിലുടെയും ഫോണുകളിലുടെയും ഇരുവരും അനുഭാഗം തുടർന്ന്. ഒടുവിൽ 2006 ജനുവരിയിൽ ഭർത്താവിനെ ബ്രിജിറ്റ് ഡിവേഴ്സ് ചെത്തു. 2007 ഒക്ടോബറിൽ മാക്രോണിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ സമയത്ത് വരന്റെ പ്രായം 29, വധുവിന് പ്രായം 53! പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. ''പരസ്പരം പറയാതെ കണ്ണുകളിലെ തിളക്കം കണ്ടാണ് ഞങ്ങൾ പ്രേമം അറിയുന്നത്. ആ തിളക്കം ഇപ്പോഴും നിലനിൽക്കുന്നു.''- തന്റെ വിവാഹത്തെക്കുറിച്ച് മാക്രോൺ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്.
അപ്പോഴേക്കും ഇമ്മാനുവേൽ മാക്രാൺ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ബാങ്കർ എന്ന നിലയിലേക്ക് വളർന്നിരുന്നു. ഇവിടെയൊക്കെ മാക്രേണിന്റെ ഗോഡ് ഫാദറപ്പോലെ പ്രവർത്തിച്ചത് ഭാര്യയായ പഴയ ടീച്ചർ തന്നെ ആയിരുന്നു. മാക്രാണിലുള്ള വിശ്വാസം ഒന്നുകൊണ്ടാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പിന്തുണച്ചത് എന്നും അത് ശരിയായ തീരുമാനം ആയിരുന്നുവെന്ന് തെളിഞ്ഞെന്നും ബ്രിജിറ്റ് പറയുന്നു. മാക്രോണിന്റെ ഇലക്ഷൻ തന്ത്രങ്ങളുടെയും കാമ്പയിനിന്റെയുമൊക്കെ നേതൃത്വവും ടീച്ചർക്കുതന്നെ.
ഇന്ന് ഫ്രഞ്ച് ജനയുടെ മാതൃക ദമ്പതികളാണ് ഇവർ. സത്രീലമ്പടത്തം കൊണ്ട് പേരു കേൾപ്പിച്ചവർ ആയിരുന്നു മുൻ ഫ്രഞ്ച് പ്രസിഡന്റുമാർ ഏറെയും. പക്ഷേ മാക്രോണിണ് പ്രണയം ടീച്ചറോട് മാത്രമായിരുന്നു. ഈ ദമ്പതികൾക്ക് കുട്ടികൾ ഇല്ല. ബ്രിജിറ്റിന്റെ ആദ്യ വിവാഹത്തിലുള്ള മക്കളെയാണ് ഇവർ ഔദ്യോഗിക അവകാശികൾ ആക്കിയിരിക്കുന്നത്. മാക്രോണിന്റെ സഹോദരനും സഹോദരിയും അടക്കമുള്ളവരും ഇവരും തികഞ്ഞ സ്നേഹത്തോടെ കഴിയുന്നു. എന്തിന് ബ്രിജിറ്റിന്റെ ആദ്യ ഭർത്താവിന്റെ കുടുബപോലും മാക്രോണിന് ഒപ്പമാണ്. ഇന്ത്യയിൽ നമുക്ക് ഇതുപോലെ ഒന്ന് സങ്കൽപ്പിക്കാൻ കഴിയുമോ?
ഇപ്പോൾ മാക്രോണിന് 44 വയസ്സായി. ടീച്ചർക്ക് 68 ഉം. എന്നിട്ടും അവർ ഒന്നിച്ച് ഒറ്റക്കെട്ടായി രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മാംസ നിബന്ധമല്ല രാഗം എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണോ. എന്നാൽ അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് ഇസ്ലാമിക ഭീകരതക്കെതിരെ കർശന നടപടി എടുത്തപ്പോൾ, വ്യക്തി ജീവിതത്തിന്റെ പേരിൽ മാക്രോണിനെ പ്രതിക്കൂട്ടിൽ കയറ്റാനാണ് ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചത്. 15ാം വയസ്സിൽ സഹപാഠിയുടെ അമ്മയെ അടിച്ചുമാറ്റി ഒളിച്ചോടിയവാനാണ് മാക്രോൺ എന്നാണ് ഈ കൊച്ചു കേരളത്തിൽ അടക്കം ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിച്ചത്.
ആം ആദ്മിപോലെ എൻ മാർഷെ
അരവിന്ദ് കെജ്രിവാളിനോട് പലരീതിയിലും സാമ്യം തോനുന്നതാണ് മാക്രോണിന്റെ ജിവിതം. രണ്ടുപേരം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ. വൻ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയവരും. പാരീസ് നാന്റേർ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രത്തിൽ ബിരുദം നേടിയ മാക്രോൺ, പിന്നീട പബ്ലിക് അഫയേഴ്സിൽ ബിരുദാനന്തര ബിരുദം നേടി. 2004ൽ നാഷണൽ അഡ്മിനിസ്ട്രേഷനിൽ നിന്നും ബിരുദം നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസിലും പിന്നീട് സീനിയർ സിവിൽ സർവീസായും ജോലി ചെയ്തു. റോത്ത്ചൈൽഡ് ആൻഡ് കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ ബാങ്കറായി. ജോലിചെയ്തിടത്തെല്ലാം മാക്രോണിന് വെച്ചടിവെച്ചടി കയറ്റമായിരുന്നു.
2012 മെയ് മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് ഫാങ്സ്വ ഓലൻഡ് മാക്രോണിനെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചു. ഒരു ധനകാര്യ വിദഗ്ധൻ എന്ന നിലയിൽ മാക്രോൺ അപ്പോഴേക്കും പ്രശ്സ്തനായിരുന്നു. ഫ്രാൻസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഉപയോഗിക്കപ്പെടും എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ഇതാണ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായത്. പിന്നീട് മാക്രോണിനെ പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേശകരിൽ ഒരാളാക്കി. 2014 ഓഗസ്റ്റിൽ പ്രധാനമന്ത്രി മാനുവൽ വാൾസ് അദ്ദേഹത്തെ ഫ്രഞ്ച് കാബിനറ്റിലേക്ക് സാമ്പത്തിക, വ്യവസായ, ഡിജിറ്റൽ കാര്യ മന്ത്രിയായി നിയമിച്ചു. ഈ റോളിൽ, മാക്രോൺ നിരവധി ബിസിനസ്സ് സൗഹൃദ പരിഷ്കാരങ്ങൾ നടത്തി. 2016 ഓഗസ്റ്റിൽ അദ്ദേഹം ക്യാബിനറ്റിൽ നിന്ന് രാജിവച്ചു, 2017 ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. മാക്രോൺ 2006 മുതൽ 2009 വരെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നെങ്കിലും, 2016 ഏപ്രിലിൽ എൻ മാർഷെ എന്ന പാർട്ടിയുണ്ടാക്കി. ആ ബാനറിന് കീഴിലാണ് അദ്ദേഹം 2017ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിപോലെ വെറും ഒരു വർഷം കൊണ്ട് തെരഞ്ഞെടുപ്പ് ജയിച്ചാണ് മാക്രോൺ അധികാരത്തിലേറുന്നത്. എൻ മാർഷെ എന്ന പുത്തൻ രാഷ്ട്രീയ പ്രസ്ഥാനവുമായിട്ടായിരുന്നു വരവ്. താഴേത്തട്ടിലുള്ള പ്രവർത്തകരുടെ ശക്തി തന്നെയായിരുന്നു മാക്രോണിന്റെ പിൻബലം. ആറ് പതിറ്റാണ്ടുകാലം ഫ്രഞ്ചിൽ അടക്കി വാണ ഇടതു വലതു പാർട്ടികളെ നിഷ്പ്രഭരാക്കി മറ്റു രണ്ടു പാർട്ടികൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുന്നിലെത്തുന്നത് ആദ്യമായാണ്. എല്ലാ മതസ്ഥർക്കും തുല്യ പരിഗണനയോടെ ജീവിക്കാൻ അനുവദിക്കുകയെന്ന യൂറോപ്യൻ പാരമ്പര്യത്തിന്റെ പൊതുതത്വം അന്യംനിന്നുപോയെങ്കിലും ഫ്രാൻസിൽ ആ ആശയമാണ് മാക്രോൺ പ്രചാരണത്തിന് ഉയർത്തിയത്. സാമ്പത്തിക ഉദാരീകരണത്തെ പിന്തുണക്കുന്ന ഇടത് അനുഭാവിയാണ് മാക്രോൺ എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ ഒറ്റവാചകത്തിൽ വിവക്ഷിക്കാം .
പ്രസിഡന്റായാൽ യൂറോപ്യൻ യൂണിയനിൽ നിന്നും യൂറോ നാണയത്തിൽ നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്ന വലതുപക്ഷ നേതാവ് മാരിൻ ലെ പെനിന്റെ നിലപാടുകൾ ഫ്രഞ്ച് ജനത തള്ളി. ദേശീയ തെരഞ്ഞെടുപ്പുകളിൽ ഇടപെടാത്ത യൂറോപ്യൻ യൂണിയനും പിന്തുണച്ചത് മാക്രോണിനെ ആയിരുന്നു. യൂറോപ്പിലെ ഏറ്റവും കരുത്തയായ ജർമൻ ചാൻസലർ ആംഗലേയ മെർക്കൽ, യൂറോപ്യൻ യൂണിയന്റെ മുഖ്യചർച്ചക്കാരൻ മിഷേൽ ബാർണിയർ എന്നിവർ അടക്കം ഒട്ടേറെ പേർ മാക്രോണിനെ പിന്തുണച്ചു രംഗത്തെത്തി. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും മാക്രോണിന് വോട്ടു ചെയ്യണമെന്നു ഫ്രഞ്ച് ജനതയോട് ആവശ്യപ്പെട്ടു. കടുത്ത ദേശീയവാദിയായ മറീൻ ലെ പെനിന്റെ വിജയം യൂറോപ്പിന്റെയും നാറ്റോ ഉൾപ്പെടെയുള്ള പാശ്ചാത്യ സഖ്യങ്ങളുടെയും അടിത്തറയിളക്കുമെന്ന് യൂറോപ്പാകമാനം ഭയപ്പെട്ടതാവാം മക്രോണിന് ലഭിച്ച കൂട്ടപിന്തുണയുടെ കാരണം.
നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഭരണകാലത്തിനു ശേഷം ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി എന്ന കീർത്തിയോടെയാണ് 2017ൽ, 39കാരനായ ഇമ്മാനുവൽ മാക്രോൺ അധികാരത്തിലേറ്റിയത്. 1958ൽ ഫ്രഞ്ച് ഭരണഘടന നിലവിൽ വന്നതു മുതൽ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കൻ പാർട്ടികളാണ് മാറിമാറി രാജ്യം ഭരിച്ചിരുന്നത്. എന്നാൽ, മക്രോണിന്റെ വിജയത്തോടെ ഇത് പഴങ്കഥയായി.
ഇസ്ലാമിക ലോകത്തിന്റെ ശത്രു
എന്നാൽ 2017ൽ പ്രസിഡന്റായതോടെ വൻവെല്ലുവിളികളാണ് മാക്രേണിനെ കാത്തിരുന്നത്. കുടിയേറി എത്തിയ ഇസ്ലാമിസ്റ്റുകൾ ആണ് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്. അവർ മതനിന്ദാകുറ്റം ആരോപിച്ച് സാമുവൽ പാറ്റിയെന്ന അദ്ധ്യാപകന്റെ തലവെട്ടുകയും നിരവധി ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്തതോടെ മാക്രോൺ ശക്തമായി നിലപാട് എടുത്തു. അതോടെ ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളുടെ കടുത്ത ശത്രുവായും അദ്ദേഹം മാറി.
ഭീകരതയെ നേരിടാൻ ലിബറൽ ജനാധിപത്യത്തിനാവില്ല എന്ന പൊതുധാരണയെ തിരുത്തിയെഴുതിയ പ്രസിഡന്റാണ് ഇമ്മാനുവൽ മാക്രാൺ. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ വിറങ്ങലിച്ചു നിന്ന ഫ്രാൻസിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാൻ അസാധാരണ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം മടികാട്ടിയില്ല. നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2015ൽ ഷാർലി എബ്ദോ ജേർണലിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത മതതീവ്രവാദികളുടെ വിചാരണ തുടങ്ങിയപ്പോഴാണ് മതനിന്ദാ സ്വാതന്ത്ര്യത്തെ അസന്ദിഗ്ധമായി പിൻതുണച്ച് മാക്രോൺ രംഗത്ത് വന്നത്.
ഫ്രാൻസിന്റെ ഒരുപറ്റം ധീരരായ മാധ്യമപ്രവർത്തകരുടെ ജീവനെടുക്കുന്നതിന് കാരണമായ വിവാദ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ് ഷാർലി എബ്ദോ വാരിക കൊലയാളികളെ വീണ്ടും വെല്ലുവിളിച്ചപ്പോൾ അവർക്ക് സമ്പൂർണ്ണ പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റും കൂടെയുണ്ടായിരുന്നു. വിശ്വസിക്കാനും വന്ദിക്കാനുമുള്ള അവകാശവും അവിശ്വസിക്കാനും നിന്ദിക്കാനുമുള്ള അവകാശവും പരസ്പര പൂരകങ്ങളാണെന്ന് തിരിച്ചറിയുന്ന ഉദാത്ത ജനാധിപത്യ മതേതര സംസ്ക്കാരത്തിന്റെ പ്രതീകപ്രകാശമാണ് അയാൾ. വിലപേശൽ ശേഷി നേടിയെടുത്ത വർഗീയ വോട്ടുബാങ്കുകളെ പരമാവധി പ്രീണിപ്പിച്ച് സെക്കുലറിസം വളർത്താൻ ശ്രമിക്കുന്ന ഇന്ത്യയിലെ ലിബറൽ വേഷക്കാർ മാക്രോണിനെ കണ്ടുപഠിക്കണം.
ആവിഷ്ക്കാര സ്വതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഷാർലി ഹെബ്ദോയുടെ കാർട്ടുണുകൾ കാട്ടിയ അദ്ധ്യാപകൻ സാമുവൽ പാറ്റിയുടെ തലയറുത്ത ഇസ്ലാമിക ഭീകരനെ മാക്രോൺ ശരിക്കും കൈകാര്യം ചെത്തു. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചു.'സ്വാതന്ത്യം സമത്വം, സാഹോദര്യം'.... ഫ്രഞ്ച് വിപ്ലവം ലോകത്തിന് നൽകിയ നവോത്ഥാനത്തിന്റെ പുതിയ പദാവലികൾ ആയിരുന്നു അവ. അതിനുമുമ്പ് എല്ലാമനുഷ്യരും തുല്യരാണ് എന്ന ധാരണ ലോകത്തിന് ഉണ്ടായിരുന്നില്ല. അതുപോലെ ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന ഒരു വാക്കാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 'മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്. നിങ്ങൾക്ക് മതങ്ങളെ വന്ദിക്കുന്നതുപോലെ ഞങ്ങൾക്ക് വിമർശിക്കാനും അവകാശമുണ്ട്. അതാണ് ഫ്രാൻസ്'- അദ്ദേഹം പറയുന്നു.. ലോകം മഴുവൻ മതത്തെ പ്രീണിപ്പിക്കാൻ മൽസരിക്കുമ്പോഴാണ്, മതത്തെ വിമർശിക്കാനുള്ള തന്റെ പൗരന്മാരുടെ അവകാശത്തിനുവേണ്ടി ഒരു ഭരണാധിപൻ രംഗത്ത് എത്തുന്നത്.
അതുപോലെ മദ്രാസാ പഠനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും, ഇസ്ലാമിക പ്രഭാഷകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയുമൊക്കെ ഭീകരതയെ തുടച്ചുകളയാൻ മാക്രോൺ അങ്ങേയറ്റം ശ്രമിച്ചു. പക്ഷേ അതോടെ അയാൾ ഇസ്ലാമിക ലോകത്തിന്റെ ശത്രുവായി. തുർക്കി മുതൽ സൗദിവരെ മാക്രോണിനെതിരെ അണിനിരന്നു. പക്ഷേ അയാൾ കുലുങ്ങിയില്ല. പക്ഷേ അപ്പോഴേക്കും മറ്റൊരു മാറ്റം ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തിന് വലിയ പിന്തുണകിട്ടുന്നു. മാക്രോൺ പൊളിറ്റിക്കൽ ഇസ്ലാമിനെയാണ് വിമർശിക്കുന്നത്. മുസ്ലീങ്ങളെയല്ല. പക്ഷേ തീവ്ര വലതുപക്ഷത്തിന്റെ കാമ്പയിൻ കടുത്ത മുസ്ലിം വിരുദ്ധതയായിരുന്നു.
ജയിപ്പിച്ചത് സംവാദത്തിലെ നിലപാട്
തനിക്ക് മതമില്ലെന്നും താൻ ഒരു അജ്ഞേയവാദിയാണെന്നും മാക്രോൺ പലതവണ പറഞ്ഞതാണ്. എന്നാൽ മാക്രോണിനെ ക്രിസ്ത്യൻ വർഗീയവാദിയാക്കി ചിത്രീകരിക്കയാണ് ഇസ്ലാമിക ലോകം. പക്ഷേ അവർ പെട്ടത് യാഥാർഥ വർഗീയവാദികൾ വന്നപ്പോഴാണ്. അതിതീവ്ര വലതുപക്ഷ നിലപാടുകളുള്ള മറൈൻ ലെ പെൻ ഇസ്ലാം ഭീതി ഉയർത്തിയാണ് വോട്ട് ഉയർത്തിയത്.
ഒരുഘട്ടത്തിൽ ലി പെ ജയിക്കുമെന്നുപോലും പ്രചാരണം വന്നിരുന്നു. പക്ഷേ ഇവർ തമ്മിൽ നേരിട്ട് നടന്ന സംവാദമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.ഫ്രാൻസിൽ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ഹിജാബും ചർച്ചാ വിഷയമാവയിരുന്നു. ഇസ്ലാമിസ്റ്റുകൾ നിർബന്ധമാക്കിയ യൂണിഫോമാണ് ഹിജാബ് എന്നായിരുന്നു ലി പെൻ ഒരു ടെലിവിഷൻ സംവാദത്തിൽ പറഞ്ഞത്. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് പല യുവതികളും ഇത് ധരിക്കുന്നതെന്നും അവർ പറഞ്ഞു. അതിനു മറുപടിയായിട്ട് ഹിജാബ് നിരോധനം ഫ്രാൻസിനെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് മാക്രോൺ പറഞ്ഞു.
താൻ ഒരിക്കലും മത വസ്ത്രങ്ങൾ നിരോധിക്കുകയില്ല എന്ന് മാക്രോൺ വ്യക്തമാക്കി. എന്നാൽ, തീവ്ര ഇസ്ലാമിക സംഘടനകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി മോസ്കുകളും ഇസ്ലാമിക പാഠശാലകളും മാക്രോൺ അടച്ചുപൂട്ടിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദം ഫ്രാൻസിന്റെ മണ്ണിൽ നിന്നും തുടച്ചു നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇസ്ലാമിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനുള്ള നീക്കത്തിനെതിരെ കഴിഞ്ഞവർഷം മാക്രോൺ ഭരണകൂടം ഒരു വിവാദ നിയമം കൊണ്ടു വരികയും ചെയ്തിരുന്നു.
എന്നാൽ, പൊതു ഇടങ്ങളിൽ മതപരമായ വേഷങ്ങൾ നിരോധിക്കണമെന്നാണ് ല പെൻ പറഞ്ഞത്.കാറിൽ സീറ്റ് ബെൽറ്റ് ധരിക്കണം എന്നതുപോലെ പൊതു ഇടങ്ങളിൽ മതപരമായ വസ്ത്രധാരണം പാടില്ല എന്നൊരു നിയമം കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. 2004-ൽ ക്ലാസ്സ് മുറികളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനും 2010-ൽ തെരുവുകളിൽ മുഖം മറയ്ക്കുന്ന ബുർക്ക നിരോധിച്ചുകൊണ്ടുള്ള നിയമത്തിനും പിന്നാലെ മറ്റൊരു കടുത്ത നിയമകൂടി വേണമെന്നായിരുന്നു അവരുടെ നിലപാട്. കുടിയേറ്റം നിയന്ത്രിക്കുമെന്ന് പറഞ്ഞ ലീ പെൻ, മതപരമായ രീതിയിലുള്ള കശാപ്പും നിരോധിക്കുമെന്ന് പറഞ്ഞു.
എന്നാൽ ലീ പെന്നിന്റെ റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടി മാക്രോൻ അതിനിശതമായി വിമർശിച്ചു.'' നിങ്ങൾ റഷ്യയുടെ പിടിയിലാണ്. ഫസ്റ്റ് ചെക്ക്- റഷ്യൻ ബാങ്കിൽ നിന്നും 2014-ൽ നിങ്ങൾ വായ്പയെടുത്തു, സിറിയൻ യുദ്ധത്തിൽ പങ്കെടുത്തവരുമായി നേരിട്ട് ഇടപാടുകൾ നടത്തി'' മാക്രോൺ ആരോപിച്ചു. 2017- തെരഞ്ഞെടുപ്പിനെ ഓർമ്മിപ്പിച്ചുകൊണ്ട് തന്നെ അസ്ഥിരപ്പെടുത്താനും റഷ്യ ലീ പെന്നിനൊപ്പം ശ്രമിച്ചു എന്നും മാക്രോൺ പറഞ്ഞു. സംവാദം അവസാനിച്ചതോടെ മാക്രേണിന്റെ ലിബറൽ നിലപാടിനാണ് ഭൂരിപക്ഷം ലഭിച്ചത്. അങ്ങനെ അദ്ദേഹം ചെറിയ മാർജിനിൽ ജയിച്ച് കയറുകയും ചെയ്തു. ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയും, കുടിയേറ്റ പ്രശ്നങ്ങളും അടക്കം വലിയ പ്രതിസദ്ധിയാണ് മാക്രോണിനെ കാത്തിരിക്കുന്നതും.
വാൽക്കഷ്ണം: നമ്മുടെ ജോസഫ് മാഷിന്റെ കൈവെട്ടിന് സമാനമായ സംഭവമായിരുന്നു ഫ്രാൻസിൽ നടന്ന സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ ഇസ്ലാമിസ്റ്റുകൾ തലവെട്ടി കൊന്നതും. പക്ഷേ കേരളത്തിൽ ചോദ്യപേപ്പർ വിവാദം ഉണ്ടായപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞത,് അദ്ധ്യാപകൻ ഒരു മഠയൻ ആണെന്നാണ്. എന്നാൽ ഫ്രഞ്ച് പ്രസിഡന്റ്് വിമർശിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്നാണ് മാക്രോൺ പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത പുരസ്ക്കാരം കൊടുത്താണ് മരിച്ച അദ്ധ്യാപകനെ അവർ ആദരിച്ചത്. ഇവിടെയോ, അറ്റുപോയ കൈയുമായി മരണാസന്നനായ ജോസഫ് മാഷിന് സസ്പെൻഷനാണ് കിട്ടിയത്. ഇമ്മാനുവൽ മാക്രോണിൽനിന്ന് നമ്മുടെ എം എ ബേബിപോലെയുള്ള സോഷ്യലിസ്റ്റുകളിലേക്കുള്ള ദൂരം പ്രകാശവർഷങ്ങളാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ