ന്യൂഡൽഹി: കർഷക സമരത്തെ എങ്ങനെ പൊളിക്കുമെന്ന ആലോചനയിലാണ് കേന്ദ്രം ഭരിക്കുന്നവർ. രാഷ്ട്രീയ ചാണക്യനായ അമിത്ഷാക്ക് പോലും ഈ സമരത്തെ പൊളിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കും തോറും സമരത്തിന്റെ വീര്യം കൂടുന്ന അവസ്ഥയുമാണ് ഉണ്ടാക്കുന്നത്. ഡൽഹിയെ ഒറ്റപ്പെടുത്തി വളയുക എന്ന തന്ത്രം സ്വീകരിക്കുന്ന കർഷകർ കൂടുതൽ ഇടങ്ങളിൽ സമരം ആരംഭിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ 2 സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ ഒരുങ്ങുകയാണ് ഇവർ. ഹാജഹാൻപുർ (രാജസ്ഥാൻ), പൽവൽ (ഹരിയാന) എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ പരമാവധി പേരെ എത്തിക്കാൻ കർഷക സംഘടനകൾ നീക്കം തുടങ്ങി.

ഡൽഹി ജയ്പുർ, ഡൽഹി ആഗ്ര ദേശീയപാതകൾ തടയുകയാണു ലക്ഷ്യം. ഷാജഹാൻപുരിലേക്കെത്തുന്ന കർഷകരോടു ജയ്പുർ പാത തടയാൻ കർഷക സംഘടനാ നേതാക്കൾ നിർദേശിച്ചു. പൽവലിൽനിന്ന് ഡൽഹി ആഗ്ര പാതയിലേക്കു കയറി തടസ്സം തീർക്കും. ഡൽഹിയെ കത്രിക പൂട്ടിലേക്കാണ് കർഷക സമരം കൊണ്ടുചെന്നെത്തിക്കുന്നത്. ഡൽഹിക്കു പുറമേ ഉത്തരേന്ത്യയിലെ പ്രധാന പാതകളും ഉപരോധിച്ച് കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ശക്തമാക്കുകയാണു ലക്ഷ്യം. ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി, യുപി അതിർത്തിയിലെ ഗസ്സിപ്പുർ എന്നിവിടങ്ങളിലാണു നിലവിൽ കർഷകർ തമ്പടിച്ചിരിക്കുന്നത്.

രാജസ്ഥാനിൽ ഭരണകക്ഷി കോൺഗ്രസായതിനാൽ ഷാജഹാൻപുരിലെ പ്രക്ഷോഭത്തിനു കാര്യമായ എതിർപ്പുണ്ടായേക്കില്ലെന്നാണു വിലയിരുത്തൽ. എന്നാൽ, ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ പൽവലിൽ വൻ പൊലീസ് സന്നാഹത്തെ മറികടക്കേണ്ടി വരും. മധ്യപ്രദേശിൽനിന്നുള്ള കർഷകരെയാണു പൽവലിലേക്കെത്തിക്കുക.

മുംബൈ ന്മ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നിരാഹാരസമരം ആരംഭിക്കുമെന്നറിയിച്ച് ഗാന്ധിയൻ അണ്ണാ ഹസാരെ, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനു കത്തെഴുതി. കഴിഞ്ഞ വർഷം തന്റെ അനിശ്ചിതകാല നിരാഹാരസമരം പിൻവലിക്കാനായി കേന്ദ്രം നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. കർഷകർക്കു പിന്തുണയുമായി അദ്ദേഹം 8ന് ഏകദിന ഉപവാസനം നടത്തിയിരുന്നു.

പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘുവിൽ മുപ്പതോളം നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം നൂറുകണക്കിനു കർഷകർ നിരാഹാരം ഇരുന്നു കൊണ്ടും സമരം തുടങ്ങിയിട്ടുണ്ട്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആം ആദ്മി നേതാക്കളും നിരാഹാര സമരം നടത്തി. പിന്തുണയറിയിച്ചു സാമൂഹിക പ്രവർത്തക ദയാബായിയും എത്തി. ഡൽഹി ജയ്പുർ ദേശീയപാതയിൽ ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു.

നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ, കേരളത്തിൽനിന്നടക്കം പിന്തുണയ്ക്കുന്ന കർഷക സംഘടനകളെ അണിനിരത്തി. അഖിലേന്ത്യാ കർഷക ഏകോപന സമിതിക്കു (എഐകെസിസി) കീഴിൽ കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലുള്ള സംഘടനകൾ നിയമങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച കത്ത് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പുറത്തുവിട്ടു.

രാജ്യത്തെ ഭൂരിഭാഗം കർഷകരും ഒപ്പമുണ്ടെന്ന നിലപാട് ആവർത്തിച്ച കേന്ദ്രം, സമരക്കാരുമായി തുടർചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ ഇന്നലെയും തുടർന്നു. പ്രക്ഷോഭം അവസാനിപ്പിച്ചു ചർച്ചയ്ക്കു തയാറാവണമെന്നു കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നരേന്ദ്ര സിങ് തോമർ എന്നിവർ ആവശ്യപ്പെട്ടു. നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് തുടരുന്ന കേന്ദ്രവുമായി ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നു കർഷകർ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായി തോമർ കൂടിക്കാഴ്ച നടത്തി.

ഒരുപാട് സമരങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, ഇത്രയും ഐക്യം കാണുന്നത് ഇതാദ്യം' സിംഘുവിലെ പ്രക്ഷോഭവേദിയിൽ കർഷകർക്കൊപ്പമിരുന്ന് നിറകണ്ണുകളോടെ ദയാബായി പറഞ്ഞു. സാമൂഹിക പ്രവർത്തകയും മലയാളിയുമായ ദയാബായി മധ്യപ്രദേശിലെ ചിന്ത്‌വാഡയിൽ നിന്ന് ഇന്നലെ രാവിലെയാണു സിംഘുവിലെത്തിയത്. ടിവിയും പത്രങ്ങളുമില്ലാത്തതിനാൽ പ്രക്ഷോഭത്തെക്കുറിച്ച് അറിയാൻ വൈകിയെന്ന് ദയാബായി പറഞ്ഞു. കർഷകരുടെ ആവശ്യങ്ങളോടു കേന്ദ്ര സർക്കാർ മുഖംതിരിച്ചു നിൽക്കുന്നതിൽ സങ്കടമുണ്ട്. അതേസമയം, കർഷകരുടെ ഐക്യവും നിശ്ചയദാർഢ്യവും കാണുമ്പോൾ സന്തോഷമുണ്ട്. ഏതാനും മാസങ്ങൾ മുൻപ് കോവിഡ് ബാധിച്ച ദയാബായി, അനാരോഗ്യം അവഗണിച്ചാണു പ്രക്ഷോഭത്തിനെത്തിയത്.

അതേസമയം റോഡുകൾ തടസ്സെടുത്തേണ്ടി വരുന്നതിൽ ജനങ്ങളോട് ക്ഷമാപണവും നടത്തുന്നുണ്ട് സമരക്കാർ. 'ഞങ്ങൾ കർഷകരാണ്. അന്നദാതാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത്. പ്രധാനമന്ത്രി പറയുന്നത് ഇത് ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ്. ഞങ്ങൾക്ക് പറയാനുള്ളത് ഇത് സമ്മാനമല്ല, ശിക്ഷയാണെന്നാണ്. നിങ്ങൾ ഞങ്ങൾക്ക് സമ്മാനം തരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുടെ വിളകൾക്ക് വില നൽകൂ', കർഷകർ സമരസ്ഥലത്ത് പതിച്ച നോട്ടീസിൽ പറയുന്നു.

 റോഡ് ബ്ലോക്ക് ചെയ്യാനോ പൊതുജനങ്ങളെ ബുദ്ധിക്കാനോ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്നും കർഷകർ പറഞ്ഞു. എന്നാൽ തങ്ങൾ കാരണം ആരേലും വേദനിക്കുന്നുണ്ടെങ്കിൽ കൈകൂപ്പി മാപ്പപേക്ഷിക്കുന്നുവെന്നും കർഷകർ പറഞ്ഞു. തങ്ങൾക്ക് സഹതാപം വേണ്ടെന്നും വിലയാണ് വേണ്ടതെന്നും നോട്ടീസിൽ പറയുന്നു. സമരത്തിൽപ്പെട്ട് ഏതെങ്കിലും വയോധികർക്കോ രോഗികൾക്കോ ആംബുലൻസുകൾക്കോ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കിൽ തങ്ങളുടെ വളന്റിയർമാരുമായി ബന്ധപ്പെടണമെന്നും നോട്ടീസിൽ പറയുന്നു.