തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറായിരുന്ന എംബി രശ്മി സിപിഎമ്മിലേയ്ക്ക്. മഹിളാ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും ജനശ്രി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

ജെഎസ്എസ് പ്രതിനിധിയായി കമലേശ്വരം വാർഡിൽ നിന്നാണ് എംബി രശ്മി 2010 ൽ വിജയിച്ചത്. ആ കൗൺസിലിലെ ജെഎസ്എസിന്റെ ഏക കൗൺസിലറായിരുന്നു രശ്മി. എന്നാൽ കാലാവധി തികയും മുമ്പ് കോൺഗ്രസിൽ ചേരുകയായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പിൽ അതേ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച രശ്മി പരാജയപ്പെട്ടു. കുറച്ചുകാലമായി സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

തിരുവനന്തപുരത്ത് സിപിഎമ്മിലേയ്ക്കുള്ള ഒഴുക്ക് കോൺഗ്രസ് ഗൗരവകരമായാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ട് പ്രമുഖ നേതാക്കളാണ് സിപിഎമ്മിലേയ്ക്ക് പോയത്. യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ സോളമൻ അലക്‌സും കെപിസിസി സെക്രട്ടറിയായിരുന്ന പിഎസ് പ്രശാന്തും അപ്രതീക്ഷിതമായി പാർട്ടി വിട്ടത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.