- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിലെ 50000 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതിയായ ബി.ആർ.ഷെട്ടി ഇന്ത്യയിൽ; എൻഐഎ അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി യുഎഇയിലും; ഇരു രാജ്യങ്ങളും തമ്മിലുള്ളത് കുറ്റവാളികളെ കൈമാറാനുള്ള കരാറും; ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ യുഎഇ ഉപാധി വെച്ചോ? ഫരീദിനെ എത്തിക്കാൻ ഷെട്ടിയെ കൈമാറേണ്ടതുണ്ടോ? അറസ്റ്റ് നടന്നു ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാത്തതിന് പിന്നിലെന്ത്? എൻഐഎയുടെ നീക്കം വഴിമുട്ടുന്നുവോ?
തിരുവനന്തപുരം: യുഎഇ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാനുള്ള എൻഐഎയുടെ നീക്കം വഴിമുട്ടുന്നതായി സൂചന. യുഎഇ മുന്നോട്ടു വെച്ച ഉപാധിയിൽ വഴിമുട്ടിയാണ് ഫരീദിന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഫരീദിനെ കൈമാറും മുൻപ് ബി.ആർ.ഷെട്ടിയെ കൈമാറണമെന്ന ആവശ്യമാണ് യുഎഇ ഉന്നയിച്ചത്. യുഎഇ യിൽ നിന്നും 50000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങിയതാണ് ബി.ആർ.ഷെട്ടി. നയതന്ത്ര തലത്തിൽ ഈ കാര്യത്തിൽ ചർച്ചകൾ ആവശ്യമായതിനാൽ ഫരീദിന്റെ വരവ് വൈകുകയാണ്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യുഎഇയും തമ്മിൽ 1999 ൽ തന്നെ കരാർ ഒപ്പ് വെച്ചിട്ടുണ്ട്. കുറ്റവാളികളെ നാടുകടത്താൻ ഇന്ത്യ അഭ്യർത്ഥിച്ചാൽ യുഎഇ വേഗത്തിൽ നടപടിയെടുക്കാറുണ്ട്. എന്നിട്ടും ഫരീദിന്റെ വരവ് വൈകുകയാണ്. ഇതിനു പിന്നിൽ ഷെട്ടി പ്രശ്നമാണ് യുഎഇ ഉയർത്തുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണം കടത്ത് കേസിൽ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. കഴിഞ്ഞ മാസം അറസ്റ്റിൽ ആയപ്പോൾ യുഎഇയിൽ നിന്നും താമസം വിനാ പ്രതിയെ എത്തിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാൻ ആഭ്യന്തര-വിദേശ കാര്യമന്ത്രാലയത്തിന്റെ യോജിച്ചുള്ള നീക്കത്തിന് കഴിഞ്ഞിട്ടില്ല. ഇതിനു പിന്നിൽ ഷെട്ടിയെ യുഎഇയിൽ എത്തിക്കണം എന്ന ആവശ്യമാണ് മുഴങ്ങുന്നത് എന്നാണ് അറിയുന്നത്. സ്വർണ്ണക്കടത്ത് കേസ് വന്നപ്പോൾ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.
ദുബായ് റാഷിദിയയിൽ ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം എൻഐഎ മുന്നോട്ടു നീക്കുമ്പോൾ ഫൈസൽ ഇപ്പോഴും ദുബായിൽ തന്നെ തുടരുകയാണ്. യുഎഇയിൽ 50000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ഇന്ത്യൻ വ്യവസായി ബി.ആർ.ഷെട്ടി ഇന്ത്യയിലാണ് ഉള്ളത്. യുഎഇയിൽ നിന്നുള്ള അറസ്റ്റ് ഭയന്നാണ് ഷെട്ടി ഇന്ത്യയിൽ അഭയം തേടിയത്. ഷെട്ടിക്ക് എതിരെ നിയമനടപടികൾ തുടരണമെങ്കിൽ യുഎഇയ്ക്ക് ഷെട്ടിയെ വിട്ടുകിട്ടെണ്ടതുണ്ട്. അതിനു ഇന്ത്യയിൽ നിന്നുള്ള അനുവാദം ആവശ്യമുണ്ട്. . ഈ ആവശ്യം മുന്നിൽ നിൽക്കെയാണ് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് വെളിയിൽ വരുകയും സ്വർണം അയച്ചതിൽ ഫരീദിനുള്ള ബന്ധം വെളിയിൽവന്നത്. എൻഐഎ സംഘം കഴിഞ്ഞയാഴ്ചയാണ് ഫരീദിനെ ചോദ്യം ചെയ്തത്. അന്വേഷണം മുന്നോട്ടു നീക്കാൻ ഫരീദിനെ എൻഐഎ കസ്റ്റഡിയിൽ ആവശ്യമുണ്ട്. ഫരീദിനെ വിട്ടുകൊടുക്കണമെങ്കിൽ ഷെട്ടിയെ വിട്ടു നൽകണം എന്ന ആവശ്യമാണ് യുഎഇ ഉയർത്തുന്നത്.
ഇന്ത്യയും യുഎഇയും തമ്മിൽ ഊഷ്മളമായ സൗഹൃദമാണ് നിലനിൽക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി കേരളത്തിലേക്ക് ഫരീദ് സ്വർണം അയച്ചത് കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷാർഷ് ദ് അഫയ്ര് റാഷിദ് ഖമീസ് അലി മുസാഖിരി അൽ ഷെമെയ്ലിയുടെ വിലാസത്തിലാണ്. അതുകൊണ്ട് തന്നെ കേസിൽ ഷെമെയ്ലിയെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിക്കും. എന്നാൽ സ്വർണം വന്ന വിലാസത്തിന്റെ ഉടമയായ കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷെമെയ്ലി ഇന്ത്യയുടെ അനുമതിയോടെ തന്നെ യുഎഇയിലേക്ക് മടങ്ങി.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ തെളിവ് തന്നെയാണ്. എന്നിട്ടും ഫരീദിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയാത്തത് ഒട്ടുവളരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഷെട്ടി പ്രശ്നമാണ് ഫരീദിന്റെ വരവിൽ കെട്ടുപിണയുന്നത് . ചെറിയ കേസ് അല്ല ഷെട്ടിക്ക് എതിരെ യുഎഇയിലുള്ളത്. 50000 കോടിയുടെ തട്ടിപ്പ് കേസ് ആണ്. 1974 ൽ അബുദാബിയിൽ സ്ഥാപിച്ചതാണ് എൻഎംസി കമ്പനി. യുഎഇ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണിത് ലണ്ടൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തിയ കമ്പനി ആണിത്. തട്ടിപ്പ് വെളിയിൽ വന്നതോടെ എൻഎംസി തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്. നിയമനടപടികൾ തുടരുകയും ചെയ്യുന്നുണ്ട്.
എൻഎംസിയിൽ കണ്ണുവെച്ച അമേരിക്കയിലെ മഡി വാട്ടേഴ്സ് സ്ഥാപകൻ കർസൻ ബ്ലോക്ക് കമ്പനി മൂല്യം ഉയർത്തിക്കാണിക്കാൻ എൻഎംസി വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. എൻഎംസി ഓഹരികൾ കൈവശമുള്ള കമ്പനിയാണ് മഡി വാട്ടേഴ്സ്. ഇതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഇതോടെയാണ് 50000 കോടി രൂപയുടെ തട്ടിപ്പ് വെളിയിൽ വന്നത്. എന്നാൽ തന്നെ ചതിച്ചതാണ് എന്ന ആരോപണവുമായും ഷെട്ടിയും രംഗത്തുണ്ട് വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും ചെക്കുകൾ നൽകുകയും ചെയ്തത് പഴയതും പുതിയതുമായ ഒരു ചെറിയ ഗ്രൂപ്പ് എക്സിക്യൂട്ടീവുകളാണെന്നാണ് ഷെട്ടിയുടെ വാദം.
തന്റെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജഇടപാടുകളും ഒരിക്കലും തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ്. വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ. തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത്.- ഷെട്ടി പറയുന്നു. പക്ഷെ യുഎഇ ഇതൊന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഷെട്ടിയെ അവർക്ക് അന്വേഷണം മുന്നോട്ടു നീക്കാൻ ആവശ്യമുണ്ട്.
യുഎഇയ്ക്ക് ഷെട്ടി വേണമെങ്കിൽ ഇതേ രീതിയിൽ ഇന്ത്യയ്ക്ക് ഫൈസൽ ഫരീദിനെയും ആവശ്യമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പങ്കാണ് ഫരീദിനു ഉള്ളത്. അറ്റാഷെയുടെ പേരിൽ സ്വർണം അയച്ചത് ഫരീദാണ്. അതുകൊണ്ട് തന്നെ ഫരീദിനെ അന്വേഷണത്തിൽ ആവശ്യമുണ്ട്. സ്വർണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റമായി കണ്ടാണ് എൻഐഎ അന്വേഷണം മുന്നോട്ടു നീക്കുന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് . കൂട്ട് പ്രതികളായ സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരുടെയും പേരിൽ എൻഐഎ ചുമത്തിയത് യുഎപിഎ വകുപ്പുകളാണ്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ കെ.ടി.റമീസും ചൂണ്ടിക്കാണിച്ചത് സ്വർണം കടത്തിലെ ഫരീദിന്റെ പങ്കാണ്. അതുകൊണ്ട് തന്നെ ഫരീദിനെ എൻഐഎയ്ക്ക് ആവശ്യമുണ്ട്. ഇപ്പോൾ എൻഐഎ ചോദ്യം ചെയ്ത് വന്നെങ്കിലും ഇതുവരെ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.