- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറസ്റ്റ് ഭയന്ന് അൽസാബി ആദ്യം പറന്നു; പിന്നാലെ ബാഗേജുകൾ എത്തി; വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ ബാഗ് തുറന്നപ്പോൾ കിട്ടിയത് കോൺസുൽ ജനറലിന്റെ പത്ത് ഫോണും രണ്ടു പെൻഡ്രൈവും; കോൺസുലേറ്റിലെ ദേശവിരുദ്ധ പ്രവർത്തനത്തിനുള്ള തെളിവുകൾ അതിലുണ്ടെന്ന് സൂചന; ആ ഡിജിറ്റൽ രേഖകൾ പിണറായിക്ക് വെല്ലുവിളിയാകും
കൊച്ചി : തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ സാധൂകരിക്കുന്ന തെളിവുകൾ യു.എ.ഇ കോൺസുൽ ജനറലായിരുന്ന ജമാൽ അൽ സാബിയുടെ ബാഗിൽ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈൽ ഫോണുകളിൽ നിന്നും രണ്ട് പെൻഡ്രൈവുകളിൽ നിന്നും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചുവെന്ന് സൂചന. യുഎഇയിലേക്ക് തിരിച്ചയക്കാൻ തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിൽനിന്ന് ഒരു മൊബൈൽ ഫോണും രണ്ടു പെൻ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. കോൺസൽ ജനറൽ കോവിഡ് ലോക്ക് ഡൗണിനു മുമ്പു തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. യുഎഇയിലേക്ക് തിരിച്ചയയ്ക്കാൻ എത്തിയ ബാഗേജാണ് 2021 ഫെബ്രുവരിയിൽ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതാണ് കേസിൽ നിർണ്ണായകമായത്.
സ്വർണം, ഡോളർ കടത്തിലെ നിർണായക തെളിവുകളും രാഷ്ട്രീയ ഉന്നതരുടെ ശുപാർശയിൽ അയോഗ്യർക്ക് വിസ നൽകിയതിനടക്കം ഈ മൊബൈലുകളിൽ തെളിവുണ്ട്. മൂന്നു വർഷത്തിനിടെ അൽ-സാബി ഉപയോഗിച്ചിരുന്നവയാണ് പിടിച്ചെടുത്ത പത്ത് ഫോണുകൾ. ഇടയ്ക്കിടെ ഫോൺ മാറുന്ന പതിവ് അൽ സാബിക്കുണ്ടായിരുന്നു. ഡോളർ കടത്തിലെ രേഖകളടക്കം പെൻഡ്രൈവിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഡോളർ കടത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ഈ തെളിവുകൾ നിർണായകമായി മാറും. ആരൊക്കെ ഏതൊക്കെ കാര്യങ്ങൾക്ക് സമമ്മർദ്ദം ചെലുത്തിയെന്നും ശുപാർശക്കത്ത് നൽകിയെന്നുമൊക്കെയുള്ള വിവരങ്ങൾ ഈ ഡിജിറ്റൽ രേഖകളിലുണ്ട്.
മുൻ മന്ത്രി കെ.ടി.ജലീൽ യുഎഇ കോൺസുലേറ്റുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും കോൺസുൽ ജനറലുമായി അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിയിരുന്നെന്നും സ്വപ്ന നേരത്തേ വെളിപ്പെടുത്തിരുന്നു. തനിക്ക് ജലീലുമായി ഔദ്യോഗികബന്ധം മാത്രമാണുള്ളത്. മറ്റ് ചർച്ചകളൊക്കെ അദ്ദേഹം കോൺസുലേറ്റുമായി നേരിട്ടാണ് നടത്തുക. ചടങ്ങുകൾക്ക് ജലീലിനെ അതിഥിയായി വിളിച്ചിരുന്നു. കോൺസൽ ജനറൽ ആവശ്യപ്പെടുന്ന പ്രകാരമാണ് എന്തെങ്കിലും കാര്യങ്ങൾക്കായി അദ്ദേഹത്തെ താൻ ബന്ധപ്പെടുന്നത്. കാര്യങ്ങൾ അന്വേഷിക്കാൻ ജലീൽ വിളിച്ചിരുന്നെന്നും സ്വപ്ന പറഞ്ഞു. സത്യസന്ധമായി മാത്രമാണ് താൻ പ്രവർത്തിച്ചതെന്നും അതിനാൽ ലവലേശം ഭയപ്പാടില്ലെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ ജലീൽ പ്രതികരിച്ചത്.
അസാധാരണ നീക്കത്തിലൂടെ, നയതന്ത്ര പരിരക്ഷയുള്ള യു.എ.ഇ കോൺസുൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗ് തുറന്ന് പരിശോധിച്ചാണ് കസ്റ്റംസ് ഫോണുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ കടുത്ത എതിർപ്പ് മറികടന്നായിരുന്നു ഈ നടപടി. സ്വർണം ഡോളർ കടത്ത് കേസിലെ സുപ്രധാന രേഖകൾ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് കടത്തുന്നതായ വിവരത്തെ തുടർന്ന് കോൺസുൽ ജനറലിന്റെ ബാഗ് തുറക്കാൻ കസ്റ്റംസ് നേരത്തേ കേന്ദ്രസർക്കാരിന്റെ അനുമതി നേടിയിരുന്നു. ബാഗ് പരിശോധിക്കാൻ മാത്രമാണ് അനുമതിയെന്നും ഫോണും പെൻഡ്രൈവുകളും പിടിച്ചെടുക്കാനാവില്ലെന്നും വാദിച്ച്, കോൺസുലേറ്റ് ഉദ്യോഗസ്ഥർ കസ്റ്റംസുമായി വാഗ്വാദത്തിലേർപ്പെട്ടെങ്കിലും കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.
രാഷ്ട്രീയ ഉന്നതർ അൽ-സാബിയുമായി നേരിട്ട് ഫോണിലും വാട്‌സ് ആപിലും ബന്ധപ്പെട്ടിരുന്നു. മായ്ചു കളഞ്ഞ ചാറ്റുകളടക്കം സി-ഡാക്കിലെ ശാസ്ത്രീയ പരിശോധനയിൽ വീണ്ടെടുത്തത് ഡോളർ കടത്ത് കേസിലെ ഇനിയുള്ള അന്വേഷണത്തിൽ നിർണായകമായേക്കും. കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് അലി മുസൈയ്ഖരിക്കും സ്വർണം, ഡോളർ കടത്തിൽ ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അറ്റാഷെ താമസിച്ചിരുന്ന പാറ്റൂരിലെ ഫ്‌ളാറ്റിൽ നേരത്തേ എൻഐഎയും കസ്റ്റംസും നേരത്തേ പരിശോധന നടത്തിയിരുന്നു. അറ്റാഷെയടക്കം കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർ ഇവിടെയാണ് താമസിക്കുന്നത്.
സന്ദർശക രജിസ്റ്റർ പിടിച്ചെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെ അറ്റാഷെ രാജ്യം വിട്ടിരുന്നു. അറ്റാഷെയുടെ പേരിലെത്തിയ ബാഗിലാണ് സ്വർണം കടത്തിയത്. കോവിഡ് മൂലം യുഎഇയിലേക്കു പോയ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി മടങ്ങിയെത്തിയില്ല. കേരളത്തിനു പുമേ ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും തിരുവനന്തപുരത്തു നിന്നാണ് ഈ സേവനങ്ങൾ ലഭിച്ചിരുന്നത്. യുഎഇയിലേക്കു പോകുന്നവരുടെ വീസ അനുവദിക്കൽ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവയാണു കോൺസുലേറ്റ് വഴിയുള്ള പ്രധാന സേവനങ്ങൾ. അതേസമയം കോൺസുലേറ്റ് ചെന്നൈയിലേക്ക് മാറ്റുന്നതും യു.എ.ഇയുടെ പരിഗണനയിലാണ്.
യു.എ.ഇ കോൺസുലേറ്രിലെ താത്കാലിക ജീവനക്കാരെയെല്ലാം പുറത്താക്കിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടാത്ത കരാർ ജീവനക്കാരെയാണ് പുറത്താക്കിയത്. സ്വർണക്കടത്ത് പ്രതി സ്വപ്നയുടെ ശുപാർശയിലായിരുന്നു താത്കാലിക ജീവനക്കാരിൽ മിക്കവരെയും നിയമിച്ചിരുന്നത്. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരിൽ ചിലരെ യു.എ.ഇ സ്ഥലം മാറ്റിയിട്ടുണ്ട്. കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയെ മറ്റൊരു ചുമതലയിലേക്ക് മാറ്റി. സ്വർണക്കടത്ത് പിടികൂടും മുൻപേ യു.എ.ഇയിലേക്ക് പോയ അൽ-സാബിയെ യു.എ.ഇ പിന്നീട് ഇന്ത്യയിലേക്ക് തിരികെ അയച്ചിട്ടില്ല.
ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് യുഎഇയുടെ വിദേശകാര്യ മന്ത്രാലയമാണ്. മറ്റ് വിഭാഗങ്ങളിലുള്ളവരെയും ഇനിമുതൽ നേരിട്ട് നിയമിക്കാനാണ് യു.എ.ഇയുടെ തീരുമാനം.