- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
25 സിനിമകളിൽ അഭിനയിച്ചു, 15 സിനിമകൾക്ക് മുൻകൂർ പണം വാങ്ങി; ജി.എസ്.ടി കുടിശ്ശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസും അവഗണിച്ചു; ആസിഫലി സേവന നികുതി ഇനത്തിൽ വെട്ടിച്ചത് മൂന്നര കോടി രൂപ; നടനെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങി ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം; നടൻ ജോജു അടക്കമുള്ളവർക്കെതിരെയും അന്വേഷണം
കൊച്ചി: മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പു നടത്തിയ കേസിൽ എറണാകുളം ജില്ലാ ഇന്റലിജൻസ് വിഭാഗം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചത് ചലച്ചിത്ര താരം ആസിഫ് അലിക്കെതിരെ. കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ നടൻ ജോജു ഉൾപ്പെടെയുള്ള സിനിമാ നടന്മാർക്കെതിരെയും സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടിസ് ഇവർക്കു നൽകിയിട്ടുണ്ട്.
സേവന നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ കാലപരിധിയിൽ 25 സിനിമകളിൽ അഭിനയിക്കുകയും 15 സിനിമകൾക്കു മുൻകൂർ പണം വാങ്ങുകയും ചെയ്ത ആസിഫ് അലി ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടിസ് അവഗണിക്കുകയും അതിനു ശേഷം 6 ആഡംബര വാഹനങ്ങൾ വാങ്ങുകയും ചെയ്തതോടെയാണു പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ നികുതി വകുപ്പ് തീരുമാനിച്ചത്.
സിനിമകളിൽ അഭിനയിക്കാൻ വൻതുക പ്രതിഫലം വാങ്ങുന്ന നടന്മാർ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാൽ, ഈ തുക ഇളവു ചെയ്തു നികുതി റിട്ടേൺ യഥാസമയം സമർപ്പിക്കാൻ കഴിയുന്നില്ലെന്ന നിർമ്മാതാക്കളുടെ പരാതിയിലാണു നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. നിർമ്മാതാക്കൾ നൽകിയ ലിസ്റ്റിലുള്ള പേരുകാരുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ജോജു ഉൽപ്പെടെയുള്ളവരുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്നാണ് ഇവർക്കെതിരെ നടപടികൾ ആരംഭിച്ചത്. നികുതി തിരിച്ചടക്കാതിരുന്നതിനാലാണ് ആസിഫിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചത്. മറ്റുള്ളവർ നികുതി അടച്ചാൽ നടപടികളിൽ നിന്നും ഒഴിവാകാം.
ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിർമ്മാണം, പോസ്റ്റ് പ്രൊഡക്ഷൻ, ഡബ്ബിങ്, മിക്സിങ് തുടങ്ങിയ സർവീസ് മേഖലകളിൽ നിന്നു വർഷം 20 ലക്ഷം രൂപയിൽ അധികം വരുമാനം നേടുന്നവർ ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥരാണ്. 2017-21 വർഷങ്ങളിലെ സിനിമാ നിർമ്മാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാർക്കും നൽകിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിർമ്മാതാക്കളോട് ആവശ്യപ്പെട്ട നികുതി വകുപ്പ്, ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണു നികുതിയടവിൽ കോടികളുടെ വെട്ടിപ്പു കണ്ടെത്തി പ്രോസിക്യൂഷൻ നടപടികളിലേക്കു കടക്കുന്നത്.
നികുതിയടവിൽ തുടർച്ചയായ വർഷങ്ങളിൽ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവർക്കെതിരെ മാത്രമാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവർക്കും നോട്ടിസ് നൽകിയ ശേഷവും നികുതിയടയ്ക്കാൻ തയാറാകാത്ത 12 പേർക്കെതിരെയാണു നിയമനടപടിയാരംഭിച്ചത്. നികുതി വകുപ്പ് ഐബി(ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്) ഡെപ്യൂട്ടി കമ്മീഷ്ണർ ജോൺസൺ ചാക്കോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മലയാള സിനിമാ രംഗത്തു 20 ലക്ഷം രൂപയിൽ അധികം വാർഷിക വരുമാനമുള്ള 50% ചലച്ചിത്ര പ്രവർത്തകരും ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടില്ലെന്നു സംസ്ഥാന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ചരക്കു സേവന നികുതി (ജിഎസ്ടി) നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിർമ്മാണം, പോസ്റ്റ് പ്രൊഡക്ഷൻ, ഡബ്ബിങ് മിക്സിങ് തുടങ്ങിയ സർവീസ് മേഖലകളിൽ നിന്നു 20 ലക്ഷം രൂപയിൽ അധികം വരുമാനം നേടുന്നവർ ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥരാണ്. ജിഎസ്ടി അടയ്ക്കാതിരിക്കാൻ പ്രതിഫലം ബാങ്ക് അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടു കറൻസിയായി ആവശ്യപ്പെട്ടുന്ന ചലച്ചിത്ര പ്രവർത്തകർ സിനിമാ നിർമ്മാണ രംഗത്തു വൻതോതിൽ കള്ളപ്പണം വിനിയോഗിക്കാൻ വഴിയൊരുക്കുന്നതായുള്ള റിപ്പോർട്ട് കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ കേന്ദ്ര ധനകാര്യവകുപ്പിനു കൈമാറിയിരുന്നു.
ഇഡിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്ന കണ്ടെത്തലാണു തെളിവു സഹിതം സംസ്ഥാന നികുതി വകുപ്പും നടത്തിയിരിക്കുന്നത്. വാർഷിക വരുമാനത്തിന്റെ 18%മാണു ചലച്ചിത്രപ്രവർത്തകർ നൽകേണ്ട ജിഎസ്ടി. അടുത്തകാലം വരെ സിനിമാ നിർമ്മാതാക്കൾക്കു 12 ശതമാനവും വിതരണക്കാർക്കു 18 ശതമാനവുമാണു നികുതി ബാധ്യതയുണ്ടായിരുന്നത്. ഇതേ തുടർന്നു പല വിതരണക്കാരും നിർമ്മാതാക്കളായി രംഗത്തെത്തി നികുതി കുറച്ച് അടയ്ക്കാൻ തുടങ്ങിയതോടെ ഇരുകൂട്ടരുടെയും നികുതി ഏകീകരിച്ചു 18% ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരികയായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.