- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വിപ്ലവം തോക്കിൻ കൂഴലിലൂടെയല്ല പൈപ്പ് ലൈനിലൂടെ! പെട്രോളോ ഡീസലോ അല്ല, വാതകരൂപത്തിലുള്ള സ്വർണം എന്ന് അറിയപ്പെടുന്ന പ്രകൃതി വാതകമാണ് ഭാവിയുടെ ഇന്ധനം; ഇതുണ്ടാക്കുക വൈദ്യുതിയും ഇന്റനെറ്റും എത്തിയതുപോലുള്ള മാറ്റം; കേരള ചരിത്രത്തിലെ മെഗാ പ്രൊജക്റ്റായ ഗെയിൽ പൂർത്തിയാവുമ്പോൾ
ഗ്യാഷ്യസ് ഗോൾഡ് അഥവാ വാതകരൂപത്തിനുള്ള സ്വർണം! പെട്രോളോ ഡീസലോ അല്ല നാച്വറൽ ഗ്യാസ് ആണ് ലോകത്തിലെ ഭാവിയുടെ ഇന്ധനം എന്നാണ് ശാസ്ത്രലോകം പറയുന്നത്. അവിടെയാണ് ഇന്ന് കേരളത്തിൽ ഉദ്ഘാടനം ചെയ്ത, ഈ കൊച്ചു സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മെഗാ പ്രൊജക്റ്റ് ആയ ഗെയിൽ വാതക പൈപ്പ്ലൈനിന്റെ പ്രസക്തി. ഇത് നടന്നില്ലായിരുന്നെങ്കിൽ മൊബൈൽ ഫോണിന്റെ കാലത്ത് കത്തെഴുതുന്നവരെപ്പോലെ, ഇലക്ട്രിക്ക് ട്രെയിനിന്റെ കാലത്ത് കാളവണ്ടിയിൽ യാത്രചെയ്യുന്നവരെപ്പോലെ നാം അങ്ങേയറ്റം പഴഞ്ചൻ അയിപ്പോയേനെ. ഇന്ന് നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ഒരു പ്രദേശത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് പ്രകൃതി വാതക കണക്റ്റിവിറ്റിയും. വൈകാതെ തന്നെ നാച്ച്വറൽ ഗ്യാസിൽ ചുരുങ്ങിയ ചെലവിൽ ഓടുന്ന വാഹനങ്ങൾ കേരളത്തിലും ഉണ്ടാകും. പ്രെടോളും ഡീസലുമായി തട്ടിച്ചു നോക്കുമ്പോൾ ഒറ്റയടിക്ക് 20 ശതമാനം വില വ്യത്യാസമാണ് ഉണ്ടാവുന്നത്. ദാരിദ്ര്യ ലഘൂകരണ സൂചികയിൽ ഏറ്റവും നിർണ്ണായകമാണ് ഇന്ധനച്ചെലവ്.
കേരളത്തിന്റെ സമഗ്രവികസനത്തിനാണ് ഈ പദ്ധതി ലക്ഷ്യമിടുക എന്നത് വെറും ബഡായിയല്ല. ഇന്ധനം എന്നത് വൈദ്യുതിയും, നെറ്റ്കണക്റ്റിവിറ്റിയും പോലെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നുമാത്രമാണ്. വൈദ്യുതിയില്ലാത്ത ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയാൽ അത് എങ്ങനെ സ്വാഗതം ചെയ്യപ്പെടുമോ, അതുപോലെ തന്നെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്, ചുരുങ്ങിയ ചെലവുള്ള ഇന്ധനത്തിന്റെ വരവും. പക്ഷേ കേരളത്തിൽ എന്താണ് സംഭവിച്ചിരുന്നത്. മതമൗലികവാദികളും ഭീതിവ്യാപാരികളും കൈകോർത്ത്, ഗെയിൽ വാതകബോംബാണെന്ന് വരെ പ്രചരിപ്പിച്ചു. ഇന്ന് ഈ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന ഇടതുപക്ഷം തന്നെയാണ്, ഇത് വാതക ബോംബാണെന്ന് ആദ്യം പ്രചരിപ്പിച്ചതും എന്ന് ഓർക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തി എടുത്തു പറേയണ്ടതാണ്. കിറ്റും ഉപ്പും മുളകും കൊടുത്ത് കിറ്റക്സ് മോഡലിലുള്ള പൊടിക്കൈകളിലൂടെ വോട്ട് നേടാനല്ല, ഭാവിയുടെ കേരത്തെ രൂപപ്പെടുത്തുന്ന ഇത്തരം പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കേണ്ടത്.
കേരള ചരിത്രത്തിലെ മെഗാ പ്രൊജക്റ്റ്
കേരള ചരിത്രത്തിൽ ഇന്നേവരെയുള്ള ഏറ്റവും വലിയ മെഗാ പ്രൊജക്റ്റാണ് ഇതെന്നും ഓർക്കണം. 2012 ൽ ആരംഭിച്ച പദ്ധതിയാണ്. പദ്ധതിയുടെ സുരക്ഷയെ സംബന്ധിച്ച് വ്യാപക അസത്യ പ്രചാരണങ്ങളും നടന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു നാലുവർഷം കൊണ്ട് 374 കിലോമീറ്റർ പൈപ്പ് ലൈനാണു പൂർത്തിയാക്കിയത്. 2915 കോടി ബജറ്റ് പ്രതീക്ഷിച്ച പദ്ധതി പൂർത്തിയാകുമ്പോൾ മൊത്തം ചെലവ് 5750 കോടിയാണ്. പദ്ധതിയുടെ വ്യാപ്തിയും വെല്ലുവിളികളും സാധ്യതകളും വിലയിരുത്തിയാൽ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന മെഗാ പ്രൊജകറ്റായി ഗെയിൽ പൈപ്പ്ലൈൻ പ്രൊജക്റ്റിനെ വിലയിരുത്താം. ശക്തമായ മഴക്കാലം കാരണം പരിമിതമായ പ്രവർത്തി ദിനങ്ങളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും പൈപ്പ്ലൈൻ കടന്നുപോകുന്ന പാതകളിലെ ജലാശയങ്ങളുടെ സാന്നിധ്യം കൊണ്ടും നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു പദ്ധതി. ജലാശയങ്ങളെ മുറിച്ചു കടക്കാൻ 96 സ്ഥലങ്ങളിൽ എച്ച് ഡി ഡി (Horizontal Directional Drilling) സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടി വന്നു. അവസാന ഘട്ടത്തിൽ ചന്ദ്രഗിരി പുഴ കടക്കാൻ വലിയ പ്രതിസന്ധി നേരിട്ടുവെങ്കിലും ഇതിന് താത്കാലിക പരിഹാരം കണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ചെയ്തത്.
പ്രകൃതിവാതകം ശാസ്ത്ര ലോകം ശുപാർശ ചെയ്യുന്നത്
അമിതമായ കാർബൺ ഡയോക്സൈഡ് ഉൽസർജ്ജനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രതിവിധിയായി ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന ഒരു പ്രതിവിധിയാണ് പ്രകൃതി വാതകം. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കുറവ് കാർബൺ ഡൈഓക്സൈഡ് പ്രസരണം ഉണ്ടാക്കുന്ന ഊർജ സ്രോതസ്സ് എന്ന നിലയിലാണ് പ്രകൃതി വാതകം പ്രസക്തമാകുന്നത്. കാലാവസ്ഥ വ്യതിയാന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങൾ നിലനിർത്താനും തുടർന്നുകൊണ്ടുപോകാനുമുള്ള നടപടികളിൽ ഏറ്റവും പ്രധാനമാണ് ഇന്ത്യൻ ഊർജമേഖലയിൽ പ്രകൃതി വാതകത്തിന്റെ ഓഹരി ഉയർത്തുക എന്നത്. അത് മുന്നിൽ വച്ചുകൊണ്ടാണ് ഇന്ത്യ ഗവൺമെന്റ് 2025 ആകുമ്പോഴേക്കും പ്രകൃതി വാതക ഓഹരി 15% ആക്കി ഉയർത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കാലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി German watch, New Climate Institute, Climate Action Network എന്നീ സംഘടനകൾ ചേർന്ന് വർഷാവർഷം CCPI (Climate Change Performance Index) എന്ന സൂചിക പുറത്തിറക്കുന്നുണ്ട്. പാരീസ് ഉടമ്പടിയിൽ അംഗീകരിച്ച NDC (Nationally Determined Contributions) യിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഇതിൽ വിലയിരുത്തപ്പെടുന്നു. ഈ വർഷത്തെ പട്ടികയിൽ ഇന്ത്യ 63.98 പോയിന്റ് നേടി പത്താം സ്ഥാനത്താണ്. ആദ്യ പത്തിൽ രണ്ടേ രണ്ടു ജി20 രാജ്യങ്ങൾ (ഇന്ത്യയും യു.കെയും) മാത്രമേ ഇടം നേടിയിട്ടുള്ളൂ. ഏതാനും വർഷങ്ങളായി ഇന്ത്യ റാങ്കിങ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഹരിതഗൃഹ വാതക പ്രസരണം, പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ, കാലാവസ്ഥ വ്യതിയാന നയങ്ങൾ, ഊർജ ഉപയോഗം എന്നീ നാല് മേഖലകളിലെ പ്രവർത്തനമാണ് ഈ സൂചികക്ക് ആധാരമായി പരിഗണിക്കുന്നത്. ഇന്ത്യ പാരീസ് ഉടമ്പടിയിൽ അംഗീകരിച്ച ഏറ്റവും പ്രധാന ഭാഗം, 2030 ആകുമ്പോഴേക്കും ജിഡിപി അടിസ്ഥാനമായ പ്രസരണ തീവ്രത (emission intensity) 2005നേക്കാളും 33-35 ശതമാനം കുറയ്ക്കും എന്നതാണ്. ഇപ്പോഴത്തെ കണക്കനുസരിച്ചു ഇന്ത്യ ഈ ലക്ഷ്യം 2030നു മുന്നേ നേടും എന്നാണ് വിലയിരുത്തപ്പെടുന്നത്. പാരീസ് ഉടമ്പടിയുടെ ഭാഗമായി കാർബൺ ഡൈ ഓക്സൈഡ പ്രസരണവുമായി ബന്ധപ്പെട്ട കൃത്യമായ ഒരു ലക്ഷ്യവും ഇന്ത്യ ഏറ്റെടുത്തിട്ടില്ലെങ്കിലും, കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും പ്രധാന കാരണമായ കാർബൺ ഡയോക്സൈഡ് പ്രസരണത്തിൽ കാര്യമായ കുറവ് വരുത്താതെ ഇന്ത്യക്കു അതിന്റെ മറ്റു ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സാധിക്കില്ല. നിലവിൽ ഒരു വർഷം 3 GT (Giga Ton ) CO2 ആണ് ഇന്ത്യ പുറന്തള്ളുന്നത്. ലോകത്തിലെ ആകെ കാർബൺഡയോക്സൈഡ് പ്രസരണത്തിന്റെ 7 ശതമാനമോളം ഇതുവരും.
കോവിഡ് കാരണം സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം കൊണ്ട് ഈ വർഷം 36 ജി ടി
ആയി ലോക സൂചിക കുറയുമെങ്കിലും വലിയ രീതിയിലുള്ള കുറവ് വരുത്താതെ ആഗോള താപനിലയിൽ ഉണ്ടാവാൻ പോകുന്ന വർദ്ധനവ് പിടിച്ചു നിർത്താൻ സാധിക്കില്ല. IPCC (Intergovernmental Panel on Climate Change) പുറത്തിറക്കിയ പതിനഞ്ചാം സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം ആഗോള താപനില വർദ്ധനവ് 1.5 ഡിഗ്രി യിൽ നിലനിർത്തണമെങ്കിൽ ലോകവ്യാപകമായി കാർബൺ ഡയോക്സൈഡ്
പുറംതള്ളുന്ന അളവ് 420 ജി ടിക്കുള്ളിൽ നിലനിർത്തണം. അതായത്, നിലവിലുള്ള രീതിയിൽ പുറംതള്ളൽ തുടർന്നാൽ വെറും പത്തു വർഷത്തിനുള്ളിൽ നമ്മുടെ ലഭ്യമായ ഗ്ലോബൽ കാർബൺ ബജറ്റ് മുഴുവൻ തീരുകയും, ആഗോള താപനില 1.5 ഡിഗ്രി ഉയരുന്നതുകൊണ്ടുള്ള വ്യാപക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടതായും വരും.
അന്തർദേശീയ പ്രാധാന്യമുള്ള ഇത്തരം ലക്ഷ്യങ്ങളിലേക്കെത്തുന്നതിന് ഏറ്റവും പ്രധാനമാണ് നമ്മുടെ ഊർജ സ്രോതസ്സുകളുടെ പുനക്രമീകരണം. ഇന്ത്യയുടെ പ്രാഥമിക ഊർജ വിതരണം പരിശോധിച്ചാൽ മനസിലാകുന്നത്, 44% ഇപ്പോഴും കൽക്കരി എന്നാണ്. ഊർജ ഉപയോഗത്തിൽ 33% എണ്ണയിൽ നിന്നും 17% കൽക്കരിയിൽ നിന്നുമാണ്. ഈ രണ്ടു സൂചികയിലും വെറും 6% മാത്രമാണ് പ്രകൃതി വാതകത്തിന്റെ സംഭാവന.
പ്രകൃതി വാതക ഉൽപ്പാദനത്തിൽ ഇന്ത്യ പിന്നോട്ട്
ഇന്ത്യൻ പ്രകൃതി വാതക മേഖല 10 വർഷമായി ആഭ്യന്തര ഉൽപാദന രംഗത്ത് വലിയ രീതിയിൽ പുറകോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. രണ്ടു വർഷമായി നേരിയ വർദ്ധനവ് ഉണ്ടെങ്കിലും 2010 ലെ റെക്കോർഡ് ഉൽപാദനത്തിന്റെ 60 ശതമാനം മാത്രമാണ് കഴിഞ്ഞ വർഷം ഉൽപാദിപ്പിക്കാൻ സാധിച്ചത്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന കൃഷ്ണ ഗോദാവരി തടത്തിൽ നിന്നുള്ള ഉൽപാദനത്തിന്റെ ക്രമാനുഗതമായ കുറവ് ഇന്ത്യൻ പ്രകൃതി വാതക ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചയെ കുറിച്ചുള്ള എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചു. ഈ കുറവ് പരിഹരിക്കാൻ റിലയൻസ്, ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ച് ഉലലു ണമലേൃ ഉൃശഹഹശിഴ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷ്ണ ഗോദാവരി ബേസിനിലെ 3 ക്ലസ്റ്ററുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ ഘട്ടമായ ക്ലസ്റ്ററിന്റെ ഉത്പാദനം ഈ മാസം ആരംഭിച്ചു കഴിഞ്ഞു. അടുത്ത 2 ക്ലസ്റ്ററുകളും 2023 ആകുമ്പോഴേക്കും പൂർണമായും പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സാധിച്ചാൽ ഇന്ത്യയുടെ മൊത്തം ആവശ്യകതയുടെ 15 %, KGD6 ൽ നിന്നുള്ള ഉൽപാദനം കൊണ്ടായിരിക്കും നിവർത്തിക്കപ്പെടുന്നത്. ഇന്ത്യയിലെ വാതക ആവശ്യകതയുടെ വളർച്ച കൂടി പരിഗണിച്ചാൽ ആഭ്യന്തര ഉൽപാദത്തിൽ പ്രതീക്ഷിക്കുന്ന വളർച്ചകൊണ്ട് മാത്രം ഈ വിടവ് നികത്താൻ സാധിക്കില്ല. ഇന്ന് നിലനിൽക്കുന്നതു പോലെ 50 ശതമാനമോ അതിൽ അധികമോ വാതക ഇറക്കുമതിയെ ഇന്ത്യക്കു ആശ്രയിക്കേണ്ടതായി വരും. ഈ സാഹചര്യത്തിൽ ആണ് ഇന്ത്യയിലെ എൽഎൻജി ടെർമിനലുകളും അതിനോടനുബന്ധിച്ചുള്ള പൈപ്പ്ലൈൻ ശൃംഖലയും നിർണായകമാകുന്നത്.
നിലവിൽ ഇന്ത്യ 33.8 BCM (Billion Cubic Meter) പ്രകൃതി വാതകം ദ്രവീകരിച്ച രീതിയിൽ (LNG ) ഇറക്കുമതി ചെയ്യുന്നുണ്ട്. 2011-12 കാലഘട്ടത്തിൽ ഇതിലെ 80 ശതമാനവും ഖത്തറിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഈ മേഖലയിൽ നയപരമായ വൈവിധ്യ വത്കരണം നടത്തിയതിന്റെ ഫലമായി മറ്റു 7-10 രാജ്യങ്ങളിൽ നിന്ന് കൂടി ഇന്ത്യ എൽഎൻജി ഇറക്കുമതി ചെയ്യുന്നുണ്ട്. പശ്ചിമ തീരത്തുള്ള അഞ്ചും കിഴക്കൻ തീരത്തുള്ള ഒന്നും അടക്കം ആറ് എൽഎൻജി ടെർമിനലുകളിലൂടെ ആണ് ഈ ഇറക്കുമതികൾ സാധ്യമാക്കുന്നത്. ഈ ടെർമിനലുകൾ എല്ലാം അടക്കം 42.5 MTPA (Million Tons Per Annum) സംഭരണ ശേഷി നിലവിൽ ഇന്ത്യക്കുണ്ട്. ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും വിഭാവനം ചെയ്തിരിക്കുന്നതുമായ എല്ലാ പദ്ധതികളും പരിഗണിച്ചാൽ ഇത് 71.5 MTPA ആകും .പ്രകൃതി വാതകത്തിന്റെ ആവശ്യകതാകേന്ദ്രങ്ങൾ ആയ വ്യാവസായിക മേഖലയിലേക്കും നഗരങ്ങളിലേക്കും ഈ ടെർമിനലുകളെ ബന്ധിപ്പിക്കുന്ന പൈപ്പ്ലൈൻ ശൃംഖല കൂടി യാഥാർഥ്യമായാൽ മാത്രമേ ഇത്തരം പദ്ധതികളുടെ പൂർണ ഗുണം രാജ്യത്തിന് ലഭ്യമാകൂ. അത് വ്യക്തമാക്കുന്ന ഏറ്റവും നല്ല ഉദാഹരണം ആണ് കൊച്ചി എൽഎൻജി ടെർമിനൽ.
2013 സെപ്റ്റംബറിലാണ് കൊച്ചി എൽഎൻജി ടെർമിനൽ പ്രവർത്തന ക്ഷമമായത്. 5 MTPA കപ്പാസിറ്റിയുള്ള ഈ ടെർമിനൽ ഏഴു വർഷം പൂർത്തിയായിട്ടും വെറും 10-15 % കാര്യക്ഷമതയോടെ മാത്രമാണ് പ്രവർത്തിക്കുന്നത്. 4200 കോടി ചെലവഴിച്ചുനിർമ്മിച്ച ടെർമിനലാണ് ഉപഭോക്താക്കളുടെ അടുത്തേക്ക് പ്രകൃതി വാതകം എത്തിക്കാനുള്ള പൈപ്പ്ലൈൻ ശൃംഖല നിലവിലില്ലാത്തതിന്റെ പേരിൽ നഷ്ടകണക്കുകൾ മാത്രം രേഖപ്പെടുത്തി മുന്നോട്ടുപോകുന്നത്.
ഇന്ത്യയിൽ നിലവിലുള്ള പൈപ്പ്ലൈൻ പദ്ധതികൾ ഒരു വ്യാവസായിക നിക്ഷേപത്തിന്റെ മുകളിലുള്ള ഓപ്പോർട്യുനിറ്റി കോസ്റ്റിലെ നഷ്ടം എന്ന രീതിയിൽ മാത്രമല്ല നാം ഈ പ്രൊജക്റ്റ് വൈകിയതുകൊണ്ടുള്ള ദൂഷ്യഫലങ്ങളെ വിലയിരുത്തേണ്ടത്. ഈ പൈപ്പ്ലൈനിന്റെ ഒരു പ്രധാന ഉപയോക്താവായ ഫാക്ട്് പരിപൂർണമായി പ്രകൃതി വാതകത്തിലേക്കു മാറിയശേഷം അവരുടെ കാർബൺ ഡൈഓക്സൈഡ് പ്രസരണത്തിൽ ഇരുപതു ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കൊച്ചിയിലും മംഗലാപുരത്തുമായി ഇതുപോലെയുള്ള അനേകം വ്യാവസായിക കേന്ദ്രങ്ങളിലെ ഹരിതഗൃഹ വാതക പ്രസരണത്തിൽ സാധ്യമാകുമായിരുന്ന കുറവുകൂടി ഈ പദ്ധതിയുടെ കാലതാമസം വിലയിരുത്തുമ്പോൾ ചർച്ച ചെയ്യപ്പെടണം. കൊച്ചി-മംഗളൂർ പൈപ്പ്ലൈൻ പൂർത്തിയാവുന്നതോടെ എൽഎൻജി കാര്യക്ഷമത 30 ശതമാനത്തിലേക്ക് ഉയർത്താൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
വടക്കൻ കേരളത്തെയും വ്യവസായവത്ക്കരിക്കും
രാജ്യവ്യാപകമായി വിലയിരുത്തിയാൽ പ്രകൃതി വാതക ഉപയോഗം നടക്കുന്നത് പ്രധാനമായും മൂന്ന് മേഖലകളിലാണ്. വ്യാവസായിക മേഖല, വൈദ്യുതി ഉൽപാദനം, പാചക വാതകവും വാഹന ഇന്ധനവും ഉൾപ്പെടുന്ന പ്രാദേശിക ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള CGD (City Gas Distribution). കേരള സാഹചര്യത്തിൽ ഇവ ഒരോന്നിന്റെയും സാധ്യതകളെ പ്രത്യേകം പരിശോധിക്കാം.കേരള സാഹചര്യത്തിൽ പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം എന്ന സാധ്യത നിലനിൽക്കുന്നില്ല. ഗാർഹികാവശ്യത്തിന് പ്രകൃതി വാതകം ഉപയോഗിക്കാനുള്ള രാജ്യവ്യാപകമായുള്ള ബൃഹത് പദ്ധതിയാണ് CGD (City Gas Distribution). ഇതുവരെ 10 റൗണ്ട് ബിഡ്ഡിങ് പൂർത്തിയായ ഈ പദ്ധതിയുടെ ഭാഗമായി 406 ജില്ലകളിലായി 228 GA (Geographic Area )കൾ ആണ് ഇപ്പോൾ നീക്കിവച്ചിരിക്കുന്നത്.
ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ സാധ്യത വടക്കൻ കേരളത്തിന്റെ വ്യവസായികവൽകരണമാണ്. നിലവിൽ കൊച്ചിൻ റിഫൈനറി, ഫാക്ട്്, നീറ്റാ ജെലാറ്റിൻ പോലുള്ള വൻകിട വ്യവസായങ്ങൾ കൊച്ചിയിലും മാംഗ്ലൂർ കെമിക്കൽ ഫെർട്ടിലൈസേഴ്സ് പോലുള്ള വ്യാവസായിക സ്ഥാപനങ്ങൾ മംഗലാപുരത്തുമാണ് ഈ പദ്ധതിയുടെ പ്രധാന വ്യാവസായിക ഉപയോക്താക്കൾ.
എന്നാൽ കേരളത്തിലെ വിവിധ വ്യാവസായിക മേഖലകളിൽ പ്രകൃതി വാതകം ഉപയോഗിച്ചുള്ള സംരംഭങ്ങൾ ഉയർന്നു വരാനുള്ള സാധ്യത ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നു. പുറമെ ഈ വ്യാവസായിക മേഖലയിൽ മറ്റു ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംരംഭങ്ങളെ പ്രകൃതി വാതകത്തിലേക്കു മാറ്റാനുള്ള നയപരമായ ഇടപെടൽ കൂടി ആവശ്യമാണ്. ഇന്ന് ഇത്തരം വ്യവസായങ്ങളുണ്ടാക്കുന്ന കാർബൺ ഡയോക്സൈഡ് പ്രസരണം കുറക്കുക എന്ന വിശാല ലക്ഷ്യം മുന്നോട്ടുവച്ച് നയപരമായ ഇടപെടലാണ് ഇതിനു വേണ്ടത്. കേവലം പ്രകൃതി വാതകം ലഭ്യമായതുകൊണ്ടുമാത്രം സംരംഭങ്ങൾ പ്രകൃതി വാതകത്തിലേക്കു മാറണം എന്നില്ല. കാരണം കാർബൺ ഡയോക്സൈഡ് പ്രസരണം കൂടിയ മറ്റു ചില ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ പ്രകൃതി വാതകത്തെക്കാൾ ചെലവ് കുറവേ വരുന്നുള്ളു. സർക്കാർ തലത്തിൽ പ്രകൃതി വാതകത്തിലേക്ക് മാറുന്ന സംരംഭകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുണ്ടായാൽ മാത്രമേ ഇതിനു സാധിക്കൂ.
ഈ പദ്ധതിയുടെ അടുത്ത ഘട്ടമായ കൊച്ചി- കൂറ്റനാട്- ബാംഗ്ലൂർ- പൈപ്പ്ലൈൻ അടുത്തുതന്നെ പൂർത്തിയാകാൻ പോകുകയാണ്. കൊച്ചി- കൂറ്റനാട് നിന്ന് തുടങ്ങി വാളയാർ വഴി സേലം, ഈറോഡ് നഗരങ്ങളിലൂടെ ബാംഗ്ലൂർ വരെ ആണ് ഈ പദ്ധതി. ദേശീയ ഗ്യാസ് ഗ്രിഡിന്റെ ഭാഗമായി ദാബോലിൽ നിന്ന് ബാംഗ്ലൂർക്കു ഇപ്പോൾ തന്നെ ഒരു പൈപ്പ്ലൈൻ നിലവിലുണ്ട്. കേരള സർക്കാർ വലിയ പ്രതീക്ഷയോടെ കാണുന്ന കൊച്ചി- ബാംഗ്ലൂർ വ്യാവസായിക ഇടനാഴിക്ക് ഊർജമേകാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.
വിപ്ലവം പൈപ്പ് ലൈനിലൂടെ
വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന മുദ്രാവാക്യത്തേക്കാളേറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് വാതകം പെപ്പ്ലൈനിലൂടെ എന്നത്. കാരണം നമ്മുടെ കാലത്ത് കണ്ടുകൊണ്ടിരിക്കുന്ന ഒരു വിപ്ലവമാണിത്. കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫിൽനിന്ന് കണക്ഷനെടുത്ത് 2016-ൽത്തന്നെ സിറ്റി ഗ്യാസ് വിതരണം തുടങ്ങിയിരുന്നു. അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും. ഇതോടെ ഗ്യാസ് വിതരണം കാര്യക്ഷമമാകും. ടാങ്കർ ലോറികളുടെ ഓട്ടം കുറച്ച് ഗ്യാസ് അതിവേഗം എത്താക്കാനാണ് നീക്കം.
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം, പാലക്കാട് മലമ്പുഴ, മലപ്പുറം നറുകര, കോഴിക്കോട് ഉണ്ണികുളം, കണ്ണൂർ കൂടാളി, കാസർകോട് അമ്പലത്തറ എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസിനായുള്ള ടാപ് ഓഫ് ഉള്ളത്. അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും. തെക്കൻ ജില്ലകളിലേക്ക് തൽകാലം പ്രകൃതിവാതകക്കുഴലില്ല. പകരം ജില്ലാ അടിസ്ഥാനത്തിൽ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണശേഷി കൂടിയ എൽ.എൻ.ജി. പാക്കേജ് സ്റ്റേഷനുകൾ സ്ഥാപിച്ച് കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്രകൃതിവാതകം എത്തിക്കും.
വാളയാർ വരെയുള്ള പദ്ധതി കൂടി പൂർത്തിയായാൽ വയനാട് ജില്ലയൊഴികെ എല്ലാ പ്രധാന നഗരങ്ങളിലും ഗാർഹിക പ്രകൃതി വാതക കണക്ഷൻ നല്കാനാകും. ഇത് സാധ്യമാകുന്ന തരത്തിലാണ് പ്രകൃതിവാതകക്കുഴൽ പദ്ധതി നടപ്പാക്കുന്നത്. വാതകക്കുഴൽ കടന്ന് പോകുന്നയിടങ്ങളിലെ ഇന്ധനപ്പമ്പുകളിലും പ്രകൃതിവാതകം ലഭ്യമാക്കും. 3500 കോടിയുടേതാണ് കൊച്ചി-മംഗളൂരു പ്രകൃതി വാതകക്കുഴൽ പദ്ധതി.
കൊച്ചി-മംഗലാപുരം ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ, പ്രതിദിന വാതക ഉപയോഗം 60 ലക്ഷം ക്യുബിക് മീറ്ററായി ഉയരുമെന്നും അതുവഴി സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ പ്രതിവർഷം ഏതാണ്ട് 1000 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. വാതക വിതരണം ആരംഭിച്ചു കഴിഞ്ഞാൽ, ചെലവ് കുറഞ്ഞ ഇന്ധനമായതിനാൽ കോയമ്പത്തൂരിലെയും മംഗലാപുരത്തെയും വ്യവസായശാലകൾക്ക് എൽഎൻജി ഉപയോഗം വഴി ഇന്നത്തെ ഭാരിച്ച ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും എന്നതാണ് മുഖ്യമായ നേട്ടം.
എൽപിജി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് പ്രകൃതി വാതകത്തിലേക്കു മാറിയാൽ ഇന്ധനച്ചെലവ് കുറയുന്നതിലൂടെ വലിയ നേട്ടം കൊയ്യാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ കൊച്ചിയിലെ വ്യവസായശാലകളാണ് എൽഎൻജിയുടെ പ്രധാന ഉപയോക്താക്കൾ. ഇതിന്റെ ഉപയോഗത്തിലൂടെ വാഹനങ്ങളുടെ ഇന്ധനച്ചെലവും വലിയ തോതിൽ കുറയ്ക്കാനാകും. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പാചക വാതകമായും ജനങ്ങൾക്കു പ്രയോജനപ്പെടും.
പ്രകൃതിവാതകം ചോർന്നാൽപ്പോലും എൽ.പി.ജി.യുടെയത്ര തീപിടിത്ത സാധ്യതയില്ല. വാതകക്കുഴലിലെ തകരാർ കണ്ടെത്താൻ എറണാകുളത്തും ന്യൂ ഡൽഹിയിലും നിരീക്ഷണ സംവിധാനമുണ്ട്. കുഴലിൽ മർദവ്യതിയാനമുണ്ടായാൽ വാതകനീക്കം തനിയെ നിലയ്ക്കും വിധമാണ് പുതുവൈപ്പിലെ റെഗുലേറ്റർ. കുഴലിനൊപ്പം ഇടുന്ന ഓപ്ടിക്കൽ ഫൈബർ കേബിളും ഉപഗ്രഹവും ഉപയോഗിച്ചാണ് തകരാറുള്ള സ്ഥലം കൃത്യമായി കണ്ടെത്തുക.
താരമായി പിണറായി
യുഡിഎഫ് ഉപേക്ഷിക്കാനിരുന്ന പദ്ധതി ഏറ്റെടുത്ത് നടത്തി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് എൽഡിഎഫ് സർക്കാറിനാണ്. പക്ഷേ അന്ന് പ്രതിപക്ഷത്തുള്ള സിപിഎം ഇത് ഭുമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞാണ് പ്രചാണം നടത്തിയത്. എന്നാൽ ഭരണം മാറിയതോടെ സിപിഎമ്മുകാർ ഗെയിലിന്റെ നടത്തിപ്പുകാർ ആയി. പിണറായി അധികാരമേറ്റ് ആദ്യ കൂടിക്കാഴ്ചയിൽ മോദി ചോദിച്ചതും ഗെയിൽ പദ്ധതി നടപ്പാക്കാൻ പറ്റുമോ എന്നതിനെ കുറിച്ചായിരുന്നു. മൊത്തം 510 കിലേമീറ്റർ വരുന്നതിൽ വെറും 40 കിലോമീറ്റർ മാത്രമാണ് യുഡിഎഫ് കാലത്ത് ചെയ്യാൻ കഴിഞ്ഞത്.
ഉപേക്ഷിക്കുമെന്ന ഘട്ടത്തിലെത്തിയ പദ്ധതി എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ ജീവൻ വെക്കുകയായിരുന്നു.. എല്ലാ കാരാറുകളും റദ്ദാക്കി ഗെയിലും പദ്ധതി അവസാനിപ്പിക്കാൻ പോകുന്ന ഘട്ടത്തിലാണ്, 2016ൽ ഇടതുസർക്കാർ അധികാരത്തിൽ കറിയത്. ഇതോടെ സ്ഥലമെടുപ്പിനുള്ള നഷട്പരിഹാരം ഇരട്ടിയാക്കിയത് അടക്കമുള്ള നടപടികളിലൂടെ പദ്ധതിക്ക് വേഗം കൂട്ടി.വർഗ്ഗീയ സംഘടനകളും കപടപരിസ്ഥിതി വാദികളും പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിച്ചത് എന്നതും മറക്കാനാവില്ല.
ഈ പദ്ധതിയുടെ ക്രഡിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പേരുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞത് നോക്കുക.'എല്ലാപണിയും പുർത്തിയായിട്ടും അവസാത്തെ ഒന്നര കിലോമീറ്റർ വിവധി സങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. അതോടെ സംസ്ഥാന സർക്കാർ ഇതിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചു. അതിന്റെ ഭാഗമായി ഗെയിലിന്റെ ഒരു പ്രധാന ഉദ്യോഗസ്ഥനെ ഇനി പണിതീർത്തിട്ട് മാത്രം കേരളത്തിൽനിന്ന് പോന്നാൽ മതി എന്ന ധാരണയുടെ ഭാഗമായി ഇങ്ങോട്ട് അയച്ചിട്ടുണ്ട്.
അവർ ഇവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തനം നടത്തി. അങ്ങനെയാണ് പദ്ധതി പുർത്തിയായത്. ഈ സമയത്ത് വേണ്ട നടപടി സ്വീകരിച്ച പ്രധാനമന്ത്രിയോടുള്ള നന്ദി അറിയിക്കുന്നു.'- മുഖ്യമന്ത്രി പറയുന്നു. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ വികസന സംസ്ക്കാരത്തിലും സമാനതകൾ ഇല്ലാത്തതായി മാറുകയാണ് ഗെയിൽ പദ്ധതി.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ