ഇന്ത്യൻ സേന യഥാർത്ഥ നിയന്ത്രണ രേഖ ഒരിക്കലും ലംഘിച്ചിട്ടില്ല; യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യം; വെടിയുതിർത്തതും ചൈനീസ് സൈന്യം; ഇന്ത്യൻ സൈനികർ സംയമനം പാലിച്ചു; സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്; ലഡാക്കിൽ വെടിയുതിർത്തെന്ന ചൈനയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ സേന
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: അതിർത്തിയിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേന വെടിയുതിർത്തെന്ന ചൈനയുടെ ആരോപണം തള്ളി ഇന്ത്യൻ സേന. ഇന്ത്യൻ സേന വെടി ഉതിർത്തിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. യഥാർഥ നിയന്ത്രണ രേഖ (എൽഎസി) ലംഘിച്ചിട്ടില്ലെന്നും വെടിവെപ്പ് ഉൾപ്പെടെയുള്ള നടത്തിയിട്ടില്ലെന്നും ഇന്ത്യൻ കരസേന പ്രസ്താവയിൽ അറിയിച്ചു. ചൈനീസ് സൈന്യമാണ് വെടിയുതിർത്തതെന്നും സൈന്യം വ്യക്തമാക്കി. സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തതെന്ന് കരസേന പ്രസ്താവനയിൽ പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യമാണ്. ഇന്ത്യൻ സൈനികർ അത് തടയുകയായിരുന്നു. ചൈനീസ് സൈനികർ ഏതാനും റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തുവെന്നും കരസേന കൂട്ടിച്ചേർത്തു.
ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യൻ സൈന്യം സംയമനം പാലിക്കുകയും പക്വതയോടും ഉത്തരവാദിത്തത്തോടും പെരുമാറുകയും ചെയ്തു. ഒരു ഘട്ടത്തിലും ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിവെപ്പ് ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. - കരസേന പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്നായിരുന്നു ചൈനയുടെ ആരോപണം. തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തിയെന്നുമാണ് ചൈനയുടെ അവകാശവാദം. ചെനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും വെടിവയ്പ് നടത്തിയിട്ടില്ലെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. പാംഗോങ് തടാകത്തിനു തെക്ക് റെചിൻ ലായിലാണു തിങ്കളാഴ്ച രാത്രി വീണ്ടും സംഘർഷമുണ്ടായത്. 7000 ഇന്ത്യൻ സൈനികരാണു മേഖലയിലുള്ളത്. ടാങ്കുകൾ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.
സൈനിക, നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടയിലും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയാണു പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയായി പാംഗോങ് തടാകത്തിനു സമീപം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചൈനീസ് സൈന്യം ശ്രമിക്കുകയാണ്. അതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രി പ്രകോപനവുമായി രംഗത്തെത്തിയത്.
നിയന്ത്രണരേഖയിലെ ഇന്ത്യൻ പോസ്റ്റുകളാണ് ചൈന ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ഒരു ഇന്ത്യൻ പോസ്റ്റിൽ കടന്നുകയറാനുള്ള ശ്രമമാണു നടത്തിയത്. ഇന്ത്യൻ സേന ചൈനീസ് നീക്കം ഫലപ്രദമായി തടഞ്ഞുവെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ഇവിടെ തന്ത്രപ്രധാനമായ പല കുന്നുകളിലും ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചതാണ് ചൈനയെ ചൊടിപ്പിക്കുന്നത്. ചൈനീസ് സൈന്യം ആകാശത്തേക്കു വെടിവച്ചെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നാണ് വെടിവയ്പ് ഉണ്ടായതെന്നായിരുന്നു ചൈനയുടെ ആരോപണം.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ലഡാക്കിൽ സ്ഥിതി അതീവഗുരുതരമാണെന്നും ആഴത്തിലുള്ള ചർച്ചയിലൂടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നു പ്രതികരിച്ചിരുന്നു.
മറുനാടന് ഡെസ്ക്