- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ കണ്ടാൽ കുഞ്ഞാലിക്കുട്ടിയുടെ മുട്ട് വിറക്കും; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് അധികാരം സ്വപനം കണ്ട്; മാധ്യമം പത്രത്തിൽ പരസ്യം നൽകിയതിന് സുലൈമാൻ സേഠിനെതിരെ കുറ്റപത്രം ഇറക്കിയവർ വെൽഫയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സംഘ്യമുണ്ടാക്കുന്നു; ലീഗിന്റെ കോണി കയറി സ്വർഗത്തിലെത്താമെന്നുള്ള ധാരണയൊന്നും ഇപ്പോൾ സമസ്തക്ക് ഇല്ല; ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടനോട് രാഷ്ട്രീയം വിശദീകരിക്കുമ്പോൾ
കോഴിക്കോട്; 1994 ഏപ്രിൽ 23ന് ഇന്ത്യയിൽ രൂപീകൃതമായ രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ് അഥവാ ഐഎൻഎൽ. ബാബരി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗും കോൺഗ്രസും കൈകൊണ്ട നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ ഇന്ത്യയിലെ തന്നെ സമുന്നതനായ നേതാവും മൂന്നര പതിറ്റാണ്ട് കാലം ഇന്ത്യൻ പാർലമെന്റിലെ അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠാണ് മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 700ൽ അധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡൽഹിയിലെ ഐവാനെ ഗാലിബ് ഹാളിൽ വെച്ച് പുതിയ പാർട്ടിക്ക് രൂപം കൊടുക്കുന്നത്. മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു അത്.
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളം കേരളത്തിലെ ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ നൽകുന്ന പാർട്ടിയെ കഴിഞ്ഞ വർഷമാണ് ഔദ്യോഗികമായി ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുന്നണിയിൽ ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും മുസ്ലിം ലീഗിലെ അപചയങ്ങളെ കുറിച്ചും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു.
മോദിയെ കാണുമ്പോൾ മുട്ടുവിറക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് പാർലമെന്റിൽ ഒന്നും ചെയ്യാനില്ല. കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് അധികാരം സ്വ്പനം കണ്ട്.
2017 ഫെബ്രുവരി 1നാണ് അന്നത്തെ മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനായിരുന്നു ഇ അഹമ്മദ് പാർലമെന്റ് സെന്റർഹാളിൽ മരിച്ചുവീഴുന്നത്. അത് എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് പി കെ കുഞ്ഞാലിക്കുട്ടി ഇനി മുസ്ലിം ലീഗിൽ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത് താനാണ, ഹിന്ദുത്വ വർഗ്ഗീയ ശക്തികളെ നേരിടാൻ തനിക്കേ കഴിയൂ എന്ന് പറഞ്ഞ് കൊണ്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എന്നാൽ ഈ ഗർവുകൾക്കപ്പുറം ദേശിയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട കാരണം കേരളത്തിൽ അദ്ദേഹത്തിന് ഭരണമില്ല എന്നത് തന്നെയായിരുന്നു.
ഭരണമില്ലാതെ കേരള നിയമസഭയിൽ ഒരു പ്രതിപക്ഷ അംഗമായി മാത്രമിരിക്കുന്നതിനേക്കാൾ നല്ലത് ഡൽഹിയിൽ എംപിയായി ഇരിക്കുന്നതാണ് എന്നതായിരുന്നു. മാത്രവുമല്ല 2019ലെ തെരഞ്ഞെടുപ്പിൽ യുപിഎ അധികാരത്തിൽ വരുമെന്നും ആ മന്ത്രിസഭയിൽ ലീഗിന് ലഭിക്കുന്ന മന്ത്രിസ്ഥാനം തനിക്കായിരിക്കുമെന്നുമെല്ലാം അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അത്തരം അധികാരക്കൊതി മാത്രമാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രേരിപ്പിച്ചത്. അതല്ലാതെ സംഘപരിവാർ ഫാസിസത്തിനെതിരായ യുദ്ധം നയിക്കാൻ വേണ്ടിയൊന്നുമല്ല അദ്ദേഹം എംപിയായത്. പാർലമെന്റിൽ അത്തരമൊരു പോരാട്ടം നടത്താൻ അദ്ദേഹത്തിന് വലിയ പരിമിതകളുണ്ടായിരുന്നു. ഭാഷാപരമായും മറ്റുമെല്ലാമുള്ള അദ്ദേഹത്തിന്റെ പരിമിതികൾ മൂന്ന് വർഷക്കാലത്തെ അദ്ദേഹത്തിന്റെ പാർലമെന്റിലെ പ്രകടനങ്ങളിലൂടെ നമ്മൾ കണ്ടതാണ്.
വളരെ ദയനീയമായിരുന്നു. ഖായിദെ മില്ലത്ത് ഇസ്മായിൽ, ഇബ്രാഹിം സുലൈമാൻ സേഠ്, ജിഎം ബനാത്ത് വാല, ഇ അഹമ്മദ് തുടങ്ങി നിരവധി മഹാന്മാർ മുസ്ലിംലീഗിനെയും മുസ്ലിം സമുദായത്തെയും പ്രതിനിധീകരിച്ച് സംസാരിച്ച വേദിയാണ് ഇന്ത്യൻ പാർലമെന്റ്. അത്തരമൊരു വേദിയിലേക്കാണ് കുഞ്ഞാലിക്കുട്ടിയും കടന്നു ചെല്ലുന്നത്. അതും ഹിന്ദുത്വ ഫാസിസം നരേന്ദ്ര മോദിയുടെ കീഴിൽ ഭീകരമായി പ്രവർത്തിക്കുന്ന ഈ കാലത്ത്. കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റിലെ പ്രകടനം വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത് പൂർണ്ണ പരാജയമായിരുന്നു എന്നാണ്. കേരളവുമായി ബന്ധപ്പെട്ടതോ, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടോ, സംഘപരിവാർ ഭീകരതെക്കിതിരായോ ആയിട്ടുള്ള ഒരു വിഷയത്തിലും നല്ല രീതിയിലുള്ള ഒരു അവതരണവും പാർലമെന്റിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മോദിജീ മോദിജീ എന്ന് വിളിച്ച് പാർലമെന്റിൽ ഇരുന്നു എന്നതല്ലാതെ ഒന്നും കുഞ്ഞാലിക്കുട്ടി ചെയ്തിട്ടില്ല.
നരേന്ദ്ര മോദിയെ കാണുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ മുട്ട് വിറക്കുന്നതായാണ് അനുഭവപ്പെട്ടത്. നരേന്ദ്ര മോദിയോട് നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള പ്രാപ്തിയോ കഴിവോ അദ്ദേഹത്തിനില്ല. അത് അദ്ദേഹത്തിന് തന്നെ നല്ല ബോധ്യമുണ്ട്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം അധികാരക്കൊതി മൂത്ത് പാർലമെന്റിലേക്ക് പോയത്. മുസ്ലിം സമുദായത്തെ ബാധിക്കുന്ന മുത്തലാഖ് വിഷയം പാർലമെന്റിൽ വന്നപ്പോൾ കുഞ്ഞാലിക്കുട്ടി കൽപകഞ്ചേരിയിലെ കല്യാണ വീട്ടിലായിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് പാർലമെന്റിലേക്ക് വിമാനം കിട്ടിയില്ല. ഇതൊക്കെയാണ് സംഘപരിവാർ ഫാസിസത്തിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ. ഇപ്പോൾ അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു എന്നാണ് പറയുന്നത്. അതും അധികാരം മനസ്സിൽ കണ്ടുകൊണ്ട് മാത്രമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും തനിക്ക് മന്ത്രിയാകാം എന്നും അദ്ദേഹം മനസ്സിൽ കണുന്നു. അതാണ് ഇപ്പോഴത്തെ തിരിച്ചുവരവിന് പിന്നിലെ ലക്ഷ്യം.
അധികാരത്തിന്റെ ചക്കരക്കുടത്തിൽ കൈയിട്ടുവാരാം എന്ന കൊതിയോടെയാണ് അദ്ദേഹം ഇപ്പോൾ തിരിച്ചുവരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ പോലുള്ളവർ നിരാശപ്പെടാനാണ് സാധ്യത. ദേശീയ രാഷ്ട്രീയത്തിൽ ഇടി മുഹമ്മദ് ബഷീറിനോളം ധാരണയുള്ള മറ്റാരും ഇന്ന് മുസ്ലിംലീഗിലില്ല. കുഞ്ഞാലിക്കുട്ടിയെ അപേക്ഷിച്ച് നോക്കുമ്പോൾ അദ്ദേഹം എത്രയോ മികച്ചതാണ്. ഭാഷാപരമായും കുഞ്ഞാലിക്കുട്ടിയേക്കാൾ മികച്ചതാണ് ഇടി മുഹമ്മദ് ബഷീറിന്റെ അവതരണങ്ങൾ. പറയുന്ന കാര്യങ്ങളിൽ വലിയ ധാരണയും അദ്ദേഹത്തിനുണ്ടാകാറുണ്ട്. യൂത്ത് ലീഗിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി അടുത്ത് ഇടപഴകിയപ്പോൾ മനസ്സിലായ കര്യമാണത്.
വർഷങ്ങൾക്ക് മുമ്പ് സുലൈമൻസേഠ് കൈകൊണ്ട നിലപാട് ശരിവെക്കുന്ന കാഴ്ചകളാണ് ഇപ്പോഴും കാണുന്നത്.
ഇടതുപക്ഷത്തിന് നിരുപാധിക പിന്തുണയെന്നത് സുലൈമാൻ സേഠിന്റെ തീരുമാനമാണ്. അത് ഞങ്ങൾ ഇപ്പോഴും പാലിക്കുന്നു. അത് എക്കാലവും തുടരുകയും ചെയ്യും. കേവലം മന്ത്രിസ്ഥാനമോ, തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണമോ നോക്കിയല്ല ആ തീരുമാനം എടുത്തത്. അതൊരു തത്വാധിഷ്ഠിത നിലപാടായിരുന്നു. അത് പൂർണ്ണമായും ശിരവെക്കുന്ന കാഴ്ചകളാണ് രാജ്യത്തുള്ളത്. കോൺഗ്രസും മുസ്ലിംലീഗുമെല്ലാം ബാബരി ധ്വംസനത്തിന്റെ നാൾവഴികളിൽ ഇത്രയും കാലം എടുത്തിട്ടുള്ള നിലപാടുകൾ സേഠുസാഹിബ് എടുത്തിട്ടുള്ള നിലപാടിനെ ശരിവെക്കുന്നതായിരുന്നു. അയോദ്ധ്യയിൽ രാമഭക്തന്മാർക്കുള്ള രാമക്ഷേത്രമല്ല മോദി പണിയുന്നത്.ഇതൊരു രാഷ്ട്രീയ ക്ഷേത്രമാണ്. ഇത് തിരിച്ചറിയാനുള്ള കഴിവ് കോൺഗ്രസുകാർക്കില്ല. 1984ൽ തുടങ്ങിയ രാമജന്മഭൂമി പ്രക്ഷോഭം അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.
വർഗ്ഗീയത പ്രയോഗിക്കുന്ന കാര്യത്തിൽ അന്നു മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള മത്സരം നടക്കുന്നുണ്ട്. ആർഎസ്എസിന്റെ നേതൃത്വത്തിൽ ബിജെപി തീവ്ര വർഗ്ഗീയത പരീക്ഷിച്ചപ്പോൾ അതിനോട് മത്സരിക്കാനായി കോൺഗ്രസ് മൃദുഹിന്ദുത്വവും പ്രയോഗിക്കുന്നു. എല്ലായിപ്പോഴും തീവ്ര വർഗ്ഗീയ വാദികൾക്കായിരുന്നു വിജയം. 1986ൽ ബാബരി മസ്ജിദ് പൂജക്കായി തുറന്ന് കൊടുത്തത് രാജിവ് ഗാന്ധിയാണ്. അന്ന് വിഎച്ച്പി ആയിരുന്നു പ്രക്ഷോഭം നടത്തിയിരുന്നതെങ്കിലും കീഴ്ക്കോടതിയിൽ പോയതും കീഴ്കോടതി അപേക്ഷ തള്ളിയപ്പോൾ അപ്പീൽ നൽകിയതും കോൺഗ്രസുകാരായിരുന്നു. അന്ന് തുടങ്ങിയ കള്ളക്കളിയാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നത്. അതിന് എതിരെ ഏറ്റവും ഉറക്കെ ശബ്ദിച്ചൊരു നേതാവായിരുന്നു ഇബ്രാഹിം സുലൈമാൻ സേഠ്.
89ൽ തർക്ക സ്ഥലത്ത് പൂജ നടത്താൻ അനുവാദം നൽകിയതും സൗകര്യം ഒരുക്കിയതും രാജീവ് ഗാന്ധിയായിരുന്നു. ആർഎസ്എസും രാജീവ് ഗാന്ധിയും തമ്മിലുള്ള രഹസ്യധാരണയുടെ പിൻബലത്തിലായിരുന്നു അത്. രാമക്ഷേത്ര നിർമ്മാണത്തിന് തങ്ങൾ അനുവദിക്കുമെന്നും അതിന് പകരമായി 89ലെ ഇലക്ഷനിൽ തങ്ങൾക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു ആ ധാരണ. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് കോൺഗ്രസ് ആ ധാരണയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. അപ്പോഴേക്കും ബിജെപിയുടെ വളർച്ച രാജ്യത്ത് തുടങ്ങിയിരുന്നു. പിന്നീടാണ് അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടത്തുന്നത്. ഒരു കോൺഗ്രസ് സർ്ക്കാറുകളും അതിനെ തടയാൻ തയ്യാറായില്ല. അവസാനം ലാലുപ്രസാദ് യാദവാണ് ബിഹാറിൽ രഥയാത്ര തടയുന്നത്. ഇത്രയും സൗകര്യങ്ങൾ ആർഎസ്എസിന്റെ വളർച്ചക്കു വേണ്ടി രാജ്യത്ത് ചെയ്തുകൊടുത്തവരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ പാർട്ടിയിൽ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കാനില്ല. വർഗ്ഗീയതയുടെ കാര്യത്തിൽ ആരാണ് മുന്തിയത് എന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്.
ബാബരി മസ്ജിദ് വിഷയത്തിൽ ഇക്കാലമത്രയും കോൺഗ്രസ് എടുത്ത നിലപാട് അവർക്ക് തന്നെ നഷ്ടക്കച്ചവടമായിരുന്നു. മതേതരവാദികളും ന്യൂനപക്ഷങ്ങളുമെല്ലാം കോൺഗ്രസിൽ നിന്ന് അകലാൻ അവരുടെ ഈ നിലപാടുകൾ കാരണമായിട്ടുണ്ട്. ഈ പാഠങ്ങളൊന്നും ഇതുവരെയും ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ശേഷിക്കുന്ന തുരുത്തുകൾ പോലും കോൺഗ്രസിന് ഈ നിലപാടുകൾ കൊണ്ട് നഷ്ടമാകും. അതേ സമയം ഹിന്ദുത്വ ശക്തികൾ രാജ്യത്ത് വളർന്ന് വലുതാകുകയും ചെയ്യും. അതിന് വളമിടുന്ന നിലപാടാണ് കോൺഗ്രസ് എടുക്കുന്നത്. ഇത്രയധികം കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനകളിറക്കിയിട്ടും അതിനെതിരെ പരസ്യമായി പ്രതികരിക്കാൻ മുസ്ലിം ലീഗിന്റെ ഒരാളും ഇതുവരെ തയ്യാറായില്ല എന്നത് ആ പാർട്ടിയുടെ രാഷ്ട്രീയ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. കമൽനാഥിനെ പോലെ പ്രദേശിക കോൺഗ്രസ് നേതാക്കൾ മാത്രമല്ല ഗാന്ധികുടുംബത്തിൽ നിന്ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറികൂടിയായ പ്രിയങ്ക ഗാന്ധിവരെ ഇപ്പോൾ രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകൾ അർപ്പിച്ചിരിക്കുകയാണ്. ഇനിയും മുസ്ലിം ലീഗ് എന്തിനാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ആർജ്ജവമുണ്ടെങ്കിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ തള്ളിപ്പറയാനും തിരുത്താനും തയ്യാറാകണം. അത് മുസ്ലിം ലീഗിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇതിലും വലിയ വെള്ളിയാഴ്ചയും വലിയപെരുന്നാളും ഒരുമിച്ച് വന്നിട്ടും അധികാരത്തിന് വേണ്ടി കടിച്ച് തൂങ്ങിയവരാണ് മുസ്ലിം ലീഗിന്റെ ഇപ്പോഴുള്ള നേതൃത്വം. ബാബരി മസ്ജിദ് തകർത്ത സമയത്ത് പിവി നരസിംഹറാവു രാജിവെക്കണമെന്ന് ആർജ്ജവത്തോടെ നിലപാടെടുത്ത സുലൈമാൻ സേഠിനെ പുറത്താക്കിയവരാണ് മുസ്ലിം ലീഗ് നേതൃത്വം. അതോടു കൂടി മുസ്ലിം ലീഗിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്നതാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും മുസ്ലിംലീഗുള്ളത്. അത് കാപട്യത്തിന്റെ നിലപാടാണ്.
ബാബരി മസ്ജിദ് തകർത്ത സമയത്ത് കേരളത്തിൽ കലാപമുണ്ടായിട്ടില്ല എന്നത് കളവാണ്.
ബാബരി മസ്ജിദ് തകർത്ത സമയത്ത് കേരളത്തിൽ കലാപമുണ്ടായില്ലെന്നും അതിന് കാരണം മുസ്ലിം ലീഗായിരുന്നു എന്നും ലീഗ് നേതാക്കൾ പല വേദികളിലും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ശുദ്ധകളവായിരുന്നു അത്. 22 പേർ കേരളത്തിൽ ബാബരി മസ്ജിദ് തകർത്തതിന് ശേഷമുണ്ടായ സംഘർഷങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. നാല് ദിവസത്തോളം കോട്ടക്കൽ ചങ്കുവെട്ടിയിലൂടെ ബസ് യാത്ര നടന്നിരുന്നില്ല. ലീഗ് നേതാക്കളുടെ മക്കൾ ഗുണ്ടാ ലിസ്റ്റിലായിരുന്നു അന്നുണ്ടായിരുന്നത്. രാജ്യത്ത് മറ്റെല്ലാ ഇടത്തും അക്കാലത്ത് നടന്നതുപോലുള്ള കലാപങ്ങൾ കേരളത്തിലും നടന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലും ആളുകൾ കൊല്ലപ്പെട്ടിരുന്നു.
കേരളത്തിൽ അക്രമങ്ങളുണ്ടായിട്ടില്ല എന്ന് പച്ചക്കള്ളം പറയുകയാണ് മുസ്ലിം ലീഗ്. കള്ളം പറഞ്ഞാൽ വിശ്വസിക്കുമെന്ന് കരുതുന്ന നേതാക്കന്മാരും നേതാക്കന്മാർ പറയുന്നതെല്ലാം സത്യമായിരിക്കുമെന്ന് വിശ്വസിക്കുന്ന അണികളുമാണ് മുസ്ലിം ലീഗിന്റെ ശാപം. ബാബരി മസ്ജിദിന്റെ തകർച്ചത്ത് ശേഷം അതിൽ നിന്നെല്ലാം വ്യത്യാസം വന്നു.
മാധ്യമം പത്രത്തിൽ പരസ്യം കൊടുത്തതിന് സുലൈമാൻ സേഠിനെതിരെ കുറ്റപത്രമിറക്കിയവർ വെൽഫയർപാർട്ടിയുമായി തെരഞ്ഞെടുപ്പ് സംഖ്യമുണ്ടാക്കിയിരിക്കുന്നു.
ഇബ്രാഹിം സുലൈമാൻ സേഠിനെ പാർട്ടിൽ നിന്നും പുറത്താക്കാൻ മുസ്ലിം ലീഗ് കുറ്റപത്രമിറക്കിയപ്പോൾ അതിലെ പ്രധാന പരമാർശങ്ങളിലൊന്ന് അദ്ദേഹം വിപി സിങ്ങിന്റെ രാജി ആവശ്യപ്പെട്ടു എന്നായിരുന്നു. മറ്റൊന്ന് രാജ്യത്ത് ആർഎസ്എസിനെ വിലിക്കിയതിനോടൊപ്പം ജമാഅത്തെ ഇസ്ലാമിയെയും മഅദനിയുടെ സംഘടനയെയും വിലക്കിയതിനെ അദ്ദേഹം അപലപിച്ചു എന്നതുമായിരുന്നു. അതോടൊപ്പം തന്നെ ആ കുറ്റപത്രത്തിലുണ്ടായിരുന്ന മറ്റൊരു കാര്യം മാധ്യമം ദിനപത്രത്തിൽ പരസ്യം നൽകിയെന്നതുമായിരുന്നു. എന്നാൽ ഇന്ന് ഇതേ മുസ്ലിംലീഗ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സംഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടൊക്കെയാണ് ഞങ്ങൾ പറയുന്നത് മുസ്ലിംലീഗിന് അധികാരമാണ് എല്ലാത്തിനേക്കാളും വലുതെന്ന്.
അധികാരത്തിനായി അവർ ആരുമായും സഖ്യം ചേരും. ഒരു കാലഘട്ടത്തിൽ മുസ്ലിലീഗിന്് മതപരമായും രാഷ്ട്രീയപരമായും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.1967ൽ ഇംഎംഎസ് മന്ത്രി സഭയിൽ സിഎച്ചും അഹമ്മദ് കുരിക്കളും വരുന്നതുവരെ മുസ്ലിം ലീഗിന് സ്വന്തമായൊരു മേൽവിലാസമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. എഐസിസി പ്രസിഡണ്ടായിരുന്ന കാമരാജിനെ അന്നത്തെ മുസ്ലിംലീഗ് നേതാവായിരുന്ന ഖാഇദെമില്ലത്ത് ഇസ്മായിൽ സമീപിച്ചുകൊണ്ട് മുസ്ലിം ലീഗിനെ ഒരു ഘടകകക്ഷിയാക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ മടക്കി അയക്കുകയാണുണ്ടാത്. അപ്പോഴും കാമരാജ് പറഞ്ഞത് ഇന്ന് നിങ്ങളെ ഞങ്ങൾക്ക് ആവശ്യമില്ല, എന്നാൽ ഒരു കാലത്ത് നിങ്ങളെ ഞങ്ങൾക്ക് ആവശ്യം വരും. അന്ന് ഞങ്ങൾ നിങ്ങളെ തേടി വരുമെന്നായിരുന്നു. 60കളിൽ തന്നെ കോൺഗ്രസിന് ഭരിക്കണമെങ്കിൽ മുസ്ലിംലീഗിന്റെ ആവശ്യമുണ്ടായിരുന്നു. പക്ഷെ മുസ്ലിം ലീഗിന്റെ പേരും നേതാക്കളുടെ തൊപ്പിയുമെല്ലാം അതിന് വിലങ്ങുതടിയായി നിന്നു.
സിഎച്ചിനെ പോലൊരു വ്യക്തിയുടെ തലയിൽ നിന്നും തൊപ്പി അഴിപ്പിച്ചതിന് ശേഷമാണ് കോൺഗ്രസ് അദ്ദേഹത്തെ നിയമസഭ സ്പീക്കറാക്കിയത്. പിന്നീട് 67 വേരെ ലീഗിന് സ്വന്തമായൊരു മേൽവിലാസം പോലുമില്ലായിരുന്നു. 67ലെ ഇടതു സർക്കാറാണ് ലീഗിന് വ്യക്തമായൊരു മേൽവിലാസമുണ്ടാക്കിക്കൊടുത്തത്. മന്ത്രിസ്ഥാനവും അംഗീകാരവും അപ്പോഴാണ് ലീഗിന് ലഭിച്ചത്. ലീഗുകാർ അതിന് സിപിഐഎമ്മിനോട് നന്ദി പറയണം. ആ സഖ്യം തകർക്കാനായിട്ടാണ് പിന്നീട് യുഡിഎഫ് രൂപം കൊണ്ടത്. അതോടെ ലീഗ് ആ മുന്നണിയുടെ ഭാഗമായി.ഒന്നിടവിട്ട ഘട്ടങ്ങൾ മുസ്ലിംലീഗിന് അധികാരം ലഭിക്കാൻ തുടങ്ങി. പിന്നീട് മുസ്ലിംലീഗിന്റെ ശ്രമങ്ങളെല്ലാം തന്നെ എങ്ങനെ അധികാരം നിലനിർത്താം എന്നുള്ളതായിരുന്നു. അതിനായി ഏത് തരത്തിലുള്ള കൂട്ടുകച്ചവങ്ങൾക്കും ലീഗ് തയ്യാറാകും. ബിജെപിയുടെ വോട്ട് പണം കൊടുത്ത് വാങ്ങിയതിന്റെ അനുഭവങ്ങൾ യൂത്ത് ലീഗിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എനിക്കറിയാമായിരുന്നു. കണ്ണൂർ ജില്ലയിലെ പെരിങ്ങളത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നത് ആർഎസ്എസിന്റെ വോട്ട് വാങ്ങിയിട്ടാണ്.
ബേപ്പൂരും വടകരയിലും കണ്ടിരുന്ന കോലീബി സഘ്യങ്ങൾ അതിന്റെ മ്ലേച്ചമായ മുഖങ്ങളായിരുന്നു. ഇത്തരത്തിൽ അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടാൻ ലീഗിന് മടിയില്ല. അതിന്റെ ഉദാഹരണങ്ങളാണ് ഇപ്പോൾ എസ്ഡിപിഐയുമായും വെൽഫയർപാർട്ടിയുമായുമെല്ലാം സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടുമെല്ലാം തീവ്രവാദികളാണെന്ന് കവലകൾ തോറും പ്രസംഗിച്ചുനടന്ന കെഎം ഷാജിയും എംകെ മുനീറുമെല്ലാം സഖ്യകക്ഷിയായ വെൽഫയർപാർട്ടി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രസംഗിക്കുന്നതും ഇനി കാണേണ്ടി വരും. നരസിംഹ റാവുവിന്റെ സർക്കാറാണ് മൂന്ന് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമികളായ രമേഷ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമെല്ലാം ജമാഅത്തെ ഇസ്ലാമി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിനിറങ്ങുന്നതും കേരളം കാണേണ്ടി വരും.
ലീഗിന്റെ കോണി കയറിയാൽ മാത്രമേ സ്വർഗ്ഗത്തിലെത്തൂ എന്ന ചിന്ത സമസ്തക്കില്ല.
മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ പിന്തുണകളിലൊന്നായിരുന്നു ചേളാരി വിഭാഗം സമസ്ത. എന്നാൽ പുതിയ കാലത്ത് ലീഗിന്റെ കോണി കയറിയാൽ മാത്രമേ സ്വർഗ്ഗത്തിലെത്തൂ എന്ന ചിന്ത സമസ്തക്കില്ല എന്നാണ് അവരുടെ ഇക്കാലത്തെ നിലപാടുകളെല്ലാം വ്യക്തമാക്കുന്നത്. കാരണം ജിഫ്രിതങ്ങളുടെ കീഴിലുള്ള സമസ്തയുടെ നേതൃത്വം വ്യക്തമായ രാഷ്ട്രീയ ധാരണയുള്ളവരാണ്. അത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ രാഷ്ട്രീയമാണ്. അതിൽ വെള്ളം ചേർക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് എടുക്കുന്നത്.
അതിനെതിരെ സമസ്ത ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. മുസ്ലിം ലീഗിന്റെ ഈ കാപട്യത്തിന് കൂട്ടുനിൽക്കാൻ സമയസ്തയെ കിട്ടില്ല. അവർ പൂർണ്ണമായും മുസ്ലിം ലീഗിനെ തള്ളിപ്പറയും. അത് മാത്രമല്ല മുസ്ലിം ലീഗിലെ യുവാക്കളും ഈ കാപട്യത്തിനെതിരെ രംഗത്ത് വരും. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിനെ അവർ ചോദ്യം ചെയ്യും.