പൊഴുതന: തന്റെ 28 മത്തെ വയസ്സിൽ പറക്കമുറ്റാത്ത ആറുമക്കളെയും തന്നെയും തനിച്ചാക്കി ഭർത്താവ് മരണത്തിന് കീഴടങ്ങുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണിൽ ഖദീജക്കുട്ടിക്ക് മുന്നോട്ടുള്ള വഴികളൊക്കെ അവ്യക്തമായിരുന്നു.മക്കളെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.. എങ്കിലും അപ്പോഴും മനസ്സിൽ മുഴങ്ങിയത് മക്കളെ നന്നായി പഠിപ്പിക്കണമെന്ന ഭർത്താവിന്റെ ആഗ്രഹം മാത്രമായിരുന്നു.ആ ആഗ്രഹം നിറവേറ്റാനുള്ള ഉമ്മയുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിന് മക്കൾ സമ്മാനമായി നൽകിയത് വീട്ടിൽ മൂന്നു ഡോക്ടറേറ്റ്.

ആറാംമൈലിലെ പള്ളിയാലിൽ വീട്ടിൽ നജ്മുദ്ദീൻ, സിറാജുദ്ദീൻ, ശിഹാബുദ്ദീൻ എന്നീ സഹോദരങ്ങളാണ് കഠിനപ്രയത്‌നത്തിലൂടെ പഠിപ്പിച്ച ഉമ്മ കദീജക്കുട്ടിക്ക് ഈ സമ്മാനം നൽകിയത്.ഇന്ന് ഈ വീട്, മൂന്നു പിഎച്ച്ഡിക്കാരുടെ വീട് എന്ന തിളക്കത്തിൽ പ്രശോഭിക്കുകയാണ്.

ഭർത്താവ് മുഹമ്മദ് മുസല്യാർ മരിക്കുമ്പോൾ തോട്ടം തൊഴിലാളിയായ കദീജക്കുട്ടിക്ക് 28 വയസ്സായിരുന്നു.കുരുന്നുകളായ 6 മക്കളുമായി ചോർന്നൊലിക്കുന്ന 3 മുറി എസ്റ്റേറ്റ് പാടിയിലെ ജീവിതം. മക്കളെ നന്നായി പഠിപ്പിക്കണം എന്ന ഭർത്താവിന്റെ ആഗ്രഹം നിറവേറ്റാൻ തേയില നുള്ളുന്ന ജോലിയിൽ നിന്നുള്ള ചെറിയ വരുമാനം മാത്രമായിരുന്നു കൂട്ട്.

വയനാട് മുസ്ലിം ഓർഫനേജ് അധികൃതർ കുട്ടികളുടെ പഠനം ഏറ്റെടുത്തതോടെ പ്രതീക്ഷയുടെ വഴി തുറന്നു. മറ്റു കുടുംബാംഗങ്ങളും സഹായങ്ങളുമായി എത്തി. 4 മക്കളെ ഓർഫനേജിൽ ചേർത്തു. മൂത്ത മകൻ അബൂബക്കർ സിദ്ദീഖ് മുന്നിൽ നിന്ന് നയിച്ചെങ്കിലും ഉമ്മയുടെ കഷ്ടപ്പാട് കണ്ട് പ്രീഡിഗ്രി കൊണ്ട് പഠനം അവസാനിപ്പിച്ച് വിദേശത്ത് ജോലിക്കു പോയി ഉമ്മയ്ക്കും സഹോദരങ്ങൾക്കും താങ്ങായി.

രണ്ടാമത്തെ മകൻ നജ്മുദ്ദീനിലൂടെയാണ് വീട്ടിലെ ആദ്യ ഡോക്ടറേറ്റ് എത്തിയത്. അറബിക്കിൽ പിഎച്ച്ഡി നേടിയ നജ്മുദ്ദീൻ ഇപ്പോൾ മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അറബിക് വിഭാഗം മേധാവിയാണ്. രണ്ടാമത്തെ ഡോക്ടറേറ്റിന് ഉടമ ശിഹാബുദ്ദീൻ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലാണ് പിഎച്ച്ഡി നേടിയത്.

നിലവിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള ശ്രമത്തിലാണ്. ഡിണ്ടിഗൽ ഗാന്ധിഗ്രാം സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ പിഎച്ച്ഡി സ്വന്തമാക്കിയ സിറാജുദ്ദീൻ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ അസി.പ്രഫസറാണ്. മറ്റു മക്കളായ അബ്ദുൽ മനാഫ് നാട്ടിൽ എസ്റ്റേറ്റിലും റിയാസുദ്ദീൻ വിദേശത്തും ജോലി ചെയ്യുന്നു.