- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മീയതയിലേയ്ക്ക് ആദ്യം ആകർഷിക്കപ്പെടുന്നത് ഒമ്പതാം വയസിൽ; ഉപനിഷത്തുകൾ വായിച്ചപ്പോൾ ഹിന്ദുചിന്താ ധാരയുമായി കൂടുതൽ അടുത്തു; ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നു എന്ന തോന്നലിൽ 19 വയസിൽ ഇറങ്ങിത്തിരിച്ചു; ഒമ്പതാം വയസിൽ തലയിൽ തൊട്ട് അനുഗ്രഹിച്ച ആ ഗുരുവിനെ അന്ന് വ്യാസ ഗുഹയിൽ വെച്ചു കണ്ടു; ജീവിതകഥ മറുനാടനോട് പറഞ്ഞ് ശ്രീ എം
തിരുവനന്തപുരം: മുസ്ലിം കുടുംബത്തിൽ ജനിച്ച് ഹൈന്ദവ ജീവിതചര്യയിൽ വളർന്ന് ജീവിക്കുന്ന യോഗിവര്യൻ. അതാണ് ശ്രീ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസി വര്യൻ. പൂർവ്വാശ്രമത്തിലെ പേര് മുംതാസ് അലിഖാൻ. കുറച്ചു കാലം മുമ്പ് കേരളക്കരയിൽ ഇദ്ദേഹത്തിന്റെ പേര് സജീവമായി കേട്ടത് കണ്ണൂർ സംഘർഷങ്ങൾ ഇല്ലാതാക്കാൻ ഇടനിലക്കാരനായ നിന്ന ശാന്തിദൂതന്റ റോളിൽ ആയിരുന്നു. ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷൻ ഇന്ത്യയിൽ അറിയപ്പെടുന്ന യോഗാ സ്ഥാപനങ്ങളിൽ ഒന്നാണ്. ഒരേ സമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധമാണ് ശ്രീ എമ്മിന്.
മലയാളി ആണെങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിന് ശ്രീ എം അത്രയ്ക്ക് സുപരിചിതനല്ല. ശ്രീ എം എന്ന പേരിൽ തുടങ്ങുന്ന കൗതുകം അദ്ദേഹത്തിന്റെ ജീവിതത്തിൽ മുഴുവനുണ്ട്. ആത്മീയ വഴികാട്ടി, സാമൂഹികപരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, യോഗാ ആചാര്യൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീ എം. തിരുവനന്തപുരത്തുകാരനായ മുസ്ലിം കൗമാരക്കാൻ ഹിമാലയത്തിൽ അലഞ്ഞു പിൽക്കാലത്ത് ശ്രീ എം എന്ന പേരിൽ അറിയപ്പെട്ട ചരിത്രം ശരിക്കും ആരെയും അത്ഭുതപ്പെടത്തും.
1949 നവംബർ ആറിന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. പേര് മുംതാസ് അലി ഖാൻ. വിവാഹിതൻ. രണ്ടു മക്കളുണ്ട് ശ്രീ എമ്മിന്. വഞ്ചിയൂരിൽ ജനിച്ച മുംതാസ് അലിഖാൻ ശ്രീ എമ്മായി മാറിയത് എങ്ങനെയാണ്? ആ കഥയിലേക്ക് പോയാൽ അതൊരു അത്ഭുതപ്പെടുത്തുന്ന അപൂർവ്വതകൾ നിറഞ്ഞതാണ്. തന്റെ ജീവിതകഥ അദ്ദേഹം മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുമായി പങ്കുവെച്ചു. എങ്ങനെയാണ് താൻ സന്യാസ ജീവിതത്തിലേക്ക് എത്തപ്പെട്ടത് എന്നാണ് ശ്രീഎം അഭിമുഖത്തിൽ വിശദീകരിച്ചത്. കാഷായ വസ്ത്രം ധരിച്ചാൽ മാത്രം ഒരാൾ സന്യാസി ആകില്ലെന്ന പക്ഷക്കാരാണ് ശ്രീഎം. അതിന് കൃത്യമായ നിയോഗം വേണമെന്നും അദ്ദേഹം മറുനാടൻ അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിലേക്ക്...
താങ്കൾ പലയിടത്തും പറഞ്ഞതും വിശദീകരിച്ചതുമാണ്. എന്നാൽ മറുനാടന്റെ പ്രേക്ഷകർക്ക് വേണ്ടി ഒറിക്കൽ കൂടി, താങ്കൾ എങ്ങനെയാണ് ശ്രീ എമ്മായി മാറിയത്?
എന്റെ ആത്മകഥ നിരവധിപേർ വായിച്ചിട്ടുണ്ട്. എങ്കിലും പറയാം. ഞാൻ തിരുവനന്തപുരത്തെ ഒരു സമ്പന്ന മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. അടിസ്ഥാനപരമായി ഞങ്ങൾ ഇവിടത്തുകാരല്ല. നാല് തലമുറ മുമ്പ് നോർത്ത് ഈസ്റ്റിൽ നിന്നും തിരുവിതാംകൂർ മഹാരാജാവിന്റെ സുരക്ഷാഭടന്മാരായി ഇവിടെ എത്തിയവരാണ്. എന്റെ മുത്തച്ഛൻ മുതൽ ഞങ്ങളെല്ലാവരും ജനിച്ചതും വളർന്നതും കേരളത്തിലാണ്. അതുകൊണ്ട് ഞാൻ മലയാളി തന്നെയാണ്. നാട്ടിലിപ്പോൾ ഒരുപാട് ബന്ധുക്കളൊന്നുമില്ല. ഞങ്ങൾ ഇവിടെ വന്നിട്ട് നാല് തലമുറ ആയല്ലോ. ഞങ്ങൾ ഇവിടത്തെ ആളുകളുമായി വിവാഹബന്ധമൊക്കെയായി ഇവിടെതന്നെ കൂടി. ഞാനാണ് ആദ്യമായി മതം വിട്ടും സമൂഹം വിട്ടും പുറത്തുപോയി കല്യാണം കഴിച്ചത്.
ഞങ്ങൾ മലയാളികളാണെങ്കിലും വീട്ടിൽ ഉറുദുവായിരുന്നു സംസാരിച്ചിരുന്നത്. ആദ്യകാലത്ത് പഷ്ടോ ആയിരുന്നു സംസാരിച്ചിരുന്നത്. പക്ഷെ രണ്ട് തലമുറ കഴിഞ്ഞപ്പോൾ അതൊക്കെ മറന്നുപോയി. പക്ഷെ ഒരു മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ എന്റെ ചോര മലയാളിയുടേതാണ്.
ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച് മുസ്ലിം ജീവിതചര്യകളിൽ വളർന്ന താങ്കൾ എങ്ങനെയാണ് ഭാരതീയ ദർശനങ്ങളിലേയ്ക്കും ഹിന്ദുത്വത്തിലേയ്ക്കും മാറുന്നത്?
ഹിന്ദുത്വ എന്ന് പറയുമ്പോൾ അതിന് പല നിർവചനങ്ങൾ ഉണ്ട്. എന്റെ പിതാവ് മഹാരാജാസ് കോളേജിലെ ഫിലോസഫി ഗ്രാജ്വേറ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ മേശയ്ക്കകത്ത് നിന്നാണ് സ്വാമി ചിന്മയാനന്ദന്റെ ജപയോഗ ആൻഡ് ഗായത്രി എന്ന പുസ്തകം വായിക്കുന്നത്. എന്നാൽ എന്റെ ജീവിതത്തിലെ വലിയൊരു മാറ്റം ഒമ്പതാം വയസിൽ വീടിന് പിന്നിലെ ഗാർഡനിൽ വച്ച് കഴുത്തിൽ രുദ്രാക്ഷവും തലയിൽ ജഢയുമായി ഒരാളെ കണ്ടതാണ്. ഏതോ സാധു മതിൽചാടി വന്നതായിരിക്കും എന്നാണ് ഞാൻ കരുതിയത്. അദ്ദേഹമെന്നെ അടുത്തേയ്ക്ക് വിളിച്ചു എന്തെങ്കിലും ഓർമ വരുന്നുണ്ടോ' എന്ന് എന്നോട് അദ്ദേഹം ഹിന്ദിയിൽ ചോദിച്ചു. വീട്ടിൽ ഉറുദു സംസാരിക്കുന്നതുകൊണ്ട് എനിക്ക് ഹിന്ദി അറിയാമായിരുന്നു. ഇല്ലെന്ന് ഞാൻ പറഞ്ഞപ്പോള് 'സാരമില്ല, സമയമാകുമ്പോൾ ശരിയായിക്കോളും' എന്ന് പറഞ്ഞിട്ട് അവിടെ നിന്നും പോയി. അന്നുമുതൽ എല്ലാ ദിവസവും അർദ്ധരാത്രിയാകുമ്പോൾ ഞാൻ തനിയെ ഉണരും. അടിവയറ്റിൽ ഒരു തണുത്ത ചക്രം കറങ്ങുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നുന്നത്. അതായിരുന്നു എന്റെ ആദ്യത്തെ മെഡിറ്റേഷൻ. പിന്നീട് അതെനിക്കൊരു ലഹരി പോലയായി. രാവിലെ ഞാൻ എഴുന്നേൽക്കുന്നത് വരെ അത് തുടരും.
ഇതൊന്നും വീട്ടിൽ ആരോടും പറഞ്ഞില്ലേ?
എനിക്ക് പറയാൻ പറ്റുമായിരുന്നില്ല. പറയാൻ ശ്രമിച്ചാലും വാക്കുകൾ പുറത്തുവരാത്ത അവസ്ഥ.
പിന്നീട് സ്കൂളിലും കോളേജിലുമൊക്കെ പോകുമ്പോൾ എന്തെങ്കിലും ജീവിതരീതി മാറ്റം ഉണ്ടായോ?
ഞാൻ പൂർണമായും വെജിറ്റേറിയനായി മാറി. ക്ലാസിൽ ശ്രദ്ധിക്കാതെയായി. പകരം ലൈബ്രറിയിൽ നിന്നും ഉപനിഷത്തും ഗീതയുമൊക്കെ എടുത്ത് വായിക്കാൻ തുടങ്ങി. അങ്ങനെയാണ് എനിക്കിതിലൊക്കെ താൽപര്യമുണ്ടായി തുടങ്ങിയത്.
അതിൽ വീട്ടിലൊന്നും എതിർപ്പുണ്ടായിരുന്നില്ലേ?
എന്റെ അച്ഛന്റെ പശ്ചാത്തലം ഞാൻ പറഞ്ഞിരുന്നല്ലോ. ചിന്മയാനന്ദൻ വന്നാൽ അദ്ദേഹത്തിന്റെ പ്രഭാഷണമൊക്കെ കേൾക്കാൻ പോകുമായിരുന്ന ആളാണ് അച്ഛൻ. അദ്ദേഹം വളരെ റിലീജിയസ് ആയിരുന്നു. എന്നാൽ യാഥാസ്ഥിതികൻ ആയിരുന്നില്ല. എന്റെ സഹോദരി പർദ്ദ ഇട്ടൊന്നും ഞാൻ കണ്ടിട്ടേ ഇല്ല. അവർ കർണാടക കേഡറിൽ ഐഎഎസ് ഓഫീസറായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ചു. അവർ പഠിച്ചത് ഹോളി എയ്ഞ്ചൽസ് സ്കൂളിലും ആൾ സെയിന്റ്സ് കോളേജിലുമൊക്കെയാണ് പഠിച്ചത്. വീട്ടുകാരുടെ ഈ സ്വതന്ത്ര മനോഭാവം കൂടി ഒരു കാരണമായിരിക്കും.
19-ാമത്തെ വയസിൽ ഹിമാലയത്തിൽ പോകുന്നതിന് മുമ്പുള്ള 10 വർഷക്കാലം എങ്ങനെയായിരുന്നു?
പാളയം പബ്ലിക്ക് ലൈബ്രറിയിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. അവിടെ പോയി പുസ്തകങ്ങൾ വായിച്ചിരിക്കും. അല്ലെങ്കിൽ സെക്രട്ടറിയേറ്റിന് അടുത്തുള്ള ബ്രിട്ടീഷ് കൗൺസിൽ ഉണ്ടാകും. പഠിക്കുന്നതൊക്കെ ഉപനിഷത്ത് പോലുള്ള പുസ്തകങ്ങളായിരിക്കും. എനിക്ക് ഹിന്ദു ചിന്താധാരകളോട് താൽപര്യം ഉണ്ടാകാനുള്ള പ്രധാന കാരണം, ഒന്ന് ആദ്യത്തെ മെഡിറ്റേഷന്റെ അനുഗ്രഹം, മറ്റൊന്ന് ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു സ്പേയ്സ് ഉണ്ട്. കണ്ടെത്തിയിട്ട് വിശ്വസിച്ചാൽ മതിയെന്നാണ് അത് പറയുന്നത്. ചാണ്ഡോഗ്യ ഉപനിഷത്തിൽ ഒരു കഥയുണ്ട്. ഒരു ഋഷിയുടെ മകൻ തീർത്ഥയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു, 'നീ സത്യം കണ്ടുപിടിച്ചിട്ടുണ്ടോ?'. എന്നു തോന്നുന്നുവെന്ന് മകൻ മറുപടി പറഞ്ഞു. ''എന്ന് തോന്നിയാൽ കണ്ടുപിടിച്ചിട്ടില്ല. കണ്ടുപിടിച്ചാൽ കണ്ടുപിടിച്ചെന്ന് തിരിച്ചറിയും.' ഋഷി പറഞ്ഞു. എന്നിട്ട് അദ്ദേഹം അടുത്തുനിന്ന ആൽമരം ചൂണ്ടിപറഞ്ഞു, അതിന്റെ വിത്തെടുത്തു കൊണ്ടുവരു. മകൻ ആൽമരത്തിന്റെ വിത്തെടുത്തു പിതാവിന്റെ കൈയിൽ കൊടുത്തു. അതിന്റെ തൊലി പൊളിക്കു, ഋഷി ആവശ്യപ്പെട്ടു. മകൻ തൊലി പൊളിച്ചു. ''എന്തുകൊണുന്നു?' ഒരു കുരു- മകൻ പറഞ്ഞു. അതും പൊളിക്ക്. ഇപ്പോൾ എന്തു കാണുന്നു. കറുത്ത നിറത്തിൽ ചെറിയ വിത്ത്- മകൻ പറഞ്ഞു. അതിലൊന്നെടുത്ത് പൊട്ടിക്ക്. വളരെ പ്രയാസപ്പെട്ട് അതിലൊരു വിത്ത് മകൻ പൊട്ടിച്ചു. ഇപ്പോൾ എന്തു കാണുന്നുവെന്ന് ഋഷി ചോദിച്ചു. ഒന്നുമില്ല.
ഒന്നുമില്ലെന്ന് നീ ഇപ്പോൾ പറഞ്ഞില്ലേ. അതിൽ നിന്നാണ് ഈ കാണുന്ന ആൽമരം ഉണ്ടായിരിക്കുന്നത്. ഇതാണ് ശരിക്കും സത്യം. ബുദ്ധിസ്റ്റുകൾ അതിനെ ശൂന്യമെന്ന് പറയും. ശൂന്യമെന്നാൽ ഒന്നുമില്ല എന്നല്ല അവിടെയും അർത്ഥം. ശൂന്യമെന്നാൽ നമുക്ക് ഡിഫൈൻ ചെയ്യാൻ പറ്റാത്ത ഒരു സാധനം. നതിങ് അല്ല നോ തിങ് എന്നുവേണമെങ്കിൽ പറയാം.
19-ാമത്തെ വയസുവരെ ബുദ്ധിസ്റ്റ് പുസ്തകങ്ങൾ, യഹൂദ പുസ്തകങ്ങൾ ഒക്കെ വായിച്ചു. എന്റെ കുടുംബത്തിൽ ചില സൂഫിപണ്ഡിതന്മാർ ഉണ്ടായിരുന്നു. എന്റെ അമ്മയുടെ അമ്മയ്ക്കും അതിന്റെ ചില സ്വാധീനങ്ങൾ ഉണ്ടായിരുന്നു. പിന്നെ അന്ന് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന എല്ലാ സന്യാസിമാരെയും ഞാൻ പോയിക്കണ്ടിരുന്നു. പ്രത്യേകിച്ച കോട്ടയ്ക്കകത്ത് അഭേദാനന്ദ സ്വാമികൾ ഉണ്ടായിരുന്നു. അദ്ദേഹത്തിനെന്നോട് വലിയ കാര്യമായിരുന്നു. അവിടെ പോയാൽ ഭക്ഷണം കഴിക്കാതെ വിടില്ല. പക്ഷെ കുണ്ഡലിനി ചെയ്യുന്നതിൽ നിന്ന് എന്നെ നിരുൽസാഹപ്പെടുത്തുമായിരുന്നു.
ഇതിനിടെ ഞാൻ പ്രീഡിഗ്രി പഠിക്കാൻ പോയത് ശ്രീകാര്യം ലയോള കോളേജിലാണ്. അവിടെ ഒരു ഉപന്യാസ മൽസരത്തിൽ യേശുവിനെ കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. ഞാൻ അദ്ദേഹത്തെ ഒരു റിബലായി സ്ഥാപിച്ച് ലേഖനമെഴുതി. അതുകണ്ടിട്ട് ഞങ്ങളുടെ സുപ്പീരിയർ ആയിരുന്ന ഫാദർ ഐക്കര എന്നെ വിളിപ്പിച്ചിട്ട് പറഞ്ഞു ' നിങ്ങൾക്ക് കാത്തലിക്ക് പുരോഹിതനാകാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. നിങ്ങൾ പറഞ്ഞാൽ ഞാൻ നിങ്ങളെ റോമിലെ സെമിനാരിയിലേയ്ക്കയയ്ക്കാം'.
ഏതെങ്കിലുമൊരു മതത്തിൽ മാത്രമായി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും ഒഴിഞ്ഞുമാറി. 'ഇൻവിറ്റേഷൻ ഓഫ് ക്രൈസ്റ്റ്' എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. അതൊരു മനോഹരമായ പുസ്തകമായിരുന്നു.
19 വയസായപ്പോൾ എനിക്ക് മനസിലായി, വീട് വിട്ട് എവിടെയെങ്കിലും പോയി പഠിച്ചാലെ ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുകയുള്ളു. വീട്ടിൽ പറഞ്ഞാൽ അതിന് സമ്മതിക്കില്ല. അങ്ങനെ ഒരു ദിവസം ഞാനങ്ങ് പോയി. ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നുണ്ടെന്ന് ഒരു തോന്നൽ എനിക്കുണ്ടായിരുന്നു. ഹരിദ്വാറിൽ ചെന്ന് കയ്യിലുള്ള പണം അവിടെയുള്ള സാധുക്കൾക്ക് വീതിച്ചുകൊടുത്തിട്ടാണ് ഹിമാലയത്തിലേയ്ക്ക് പോയത്. പക്ഷെ പലപ്പോഴും ഭക്ഷണമില്ലാതെ, തണുപ്പ് മൂലം ഉറങ്ങാനാകാതെ ഞാൻ കഷ്ടപ്പെട്ടു. ഇവിടെ വലിയ സുഖസൗകര്യങ്ങളിലൊക്കെ ജീവിച്ചതല്ലേ. അവിടത്തെ ആശ്രമങ്ങളിലൊക്കെയാണ് പലപ്പോഴും താമസിച്ചത്. ഒടുവിൽ ബദ്രിയിലെത്തി. അവിടത്തെ റാവൽജി മലയാളികളാണല്ലോ. അവരെ ചെന്നുകണ്ടു. ഒരു കുടീരമൊക്കെ അടിച്ച് അവിടെ തങ്ങി. പക്ഷെ ഗുരുവാക്കാൻ പറ്റിയ ആരെയും എനിക്ക് കിട്ടിയില്ല. ഒന്നരമാസത്തോളം ഞാനവിടെ അലഞ്ഞുതിരിഞ്ഞുനടന്നു.
വേണ്ടായിരുന്നു എന്ന് അക്കാലത്ത് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
വാസ്തവത്തിൽ ചിലസമയത്ത് തോന്നിയിരുന്നു. ഇത്രയേറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും ഞാൻ ഉദ്ദേശിക്കുന്നത് പോലൊരു ഗുരുവിനെ കിട്ടുന്നില്ല. അവിടത്തെ റാവൽജി എന്നെ തിരിച്ചുപോകാൻ നിരന്തരം ഉപദേശിച്ചിരുന്നു. ഒരിക്കൽ ആകെ നിരാശനായി ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഞാനങ്ങനെ നടന്ന് വ്യാസഗുഹയുടെ മുന്നിലെത്തിയപ്പോൾ അതിന് മുന്നിലാരോ തീ കൂട്ടിയിട്ടിരിക്കുന്നു. ഞാൻ ഗുഹയുടെ ഉള്ളിലേയ്ക്ക് നോക്കിയപ്പോൾ ഒരാൾ അവിടെ നിന്നും എഴുന്നേറ്റ് വന്നു. എനിക്ക് കണ്ടപ്പോൾ തന്നെ മനസിലായി. ഒമ്പതാം വയസിൽ എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചയാൾ. എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹം ചോദിച്ചത് 'പലയിടത്തും ചുറ്റിക്കറങ്ങി ഒടുവിൽ ഇവിടെ എത്തിയോ'' എന്നാണ്. അപ്പോൾ തന്നെ ഞാൻ മറുപടി കൊടുത്തു. ' ഞാനിന് ബാബാജിയെ വിട്ടുപോകില്ല.' 'ആ.. ആലോചിക്കാം'എന്ന് അദ്ദേഹം. അങ്ങനെ മൂന്നരക്കൊല്ലം ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും ഞാൻ അലഞ്ഞു. അവിടെ വച്ചാണ് എന്റെ മനസും അറിവും തിരിച്ചറിവും അനുഭവവും പക്വമായത്.
ഗുരുവിനൊപ്പമുള്ള ജീവിതം എങ്ങനെയായിരുന്നു?
രാവിലെ മുതൽ ഹിമാലയത്തിലൂടെയുള്ള യാത്രയാണ്. പുറംലോകത്തിന് അറിയാത്ത ഒരുപാട് സ്ഥലങ്ങൾ അവിടെയുണ്ട്. ഞങ്ങൾ അവിടെകൂടിയൊക്കെ യാത്രചെയ്യും. ഗുരു കാൽനടയായി യാത്ര ചെയ്യുന്നതുകൊണ്ട് ഞാനും അങ്ങനെ ചെയ്യേണ്ടിവന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ ഭിക്ഷാടനത്തിനും പോകേണ്ടിവരും. നമ്മുടെ ഉള്ളിലെ ഈഗോയെ തകർക്കാനുള്ള എല്ലാ പ്രവർത്തികളും അദ്ദേഹം ചെയ്യാറുണ്ട്. രാവിലെ 4 മണിക്ക് എഴുന്നേറ്റ് ആസനങ്ങൾ ചെയ്യും. വൈകുന്നേരമാണ് പ്രഭാഷണങ്ങൾ. ശരിക്കുമത് പ്രഭാഷണമല്ല, പരസ്പരമുള്ള സംഭാഷണമാണ്. വേറെ സന്ദർശകരാരും ഉണ്ടാകാറില്ല. ഉച്ചയ്ക്ക് ഒരു ഒന്നര മണിക്കൂർ നേരം വിശ്രമം ലഭിക്കും. അദ്ദേഹം എന്നെയും കൂട്ടി അടുത്തുള്ള ഗ്രാമങ്ങളിൽ പോകുമ്പോൾ അവിടെയുള്ളവർക്ക് അത്ഭുതമാണ്. ബാബാജി ഒരു ശിഷ്യനെ സ്വീകരിച്ചു എന്ന് അവർക്ക് വിശ്വസിക്കാൻ പോലും കഴിയില്ല. എല്ലാവർക്കും അദ്ദേഹത്തോട് ബഹുമാനമാണ്, തർക്കങ്ങളൊക്കെ പരിഹരിക്കാൻ അദ്ദേഹത്തെ തേടി കണ്ടുപിടിക്കും, പക്ഷെ അദ്ദേഹമങ്ങനെ ആൾക്കൂട്ടങ്ങളിലേയ്ക്ക് അധികം പോകാറില്ല. അദ്ദേഹത്തിന്റെ പേര് മഹേശ്വരനാഥ് എന്നായിരുന്നു. നാഥ് സമ്പ്രദായത്തിലെ അംഗമായിരുന്നു അദ്ദേഹം.
ഇടയ്ക്കൊന്ന് ചോദിച്ചോട്ടെ. ഒരു സന്യാസി ഒറ്റയ്ക്ക് ജീവിക്കുകയാണ്. സമൂഹത്തോട് ഒരു ഉത്ബോധനവും ഉണ്ടാകുന്നില്ല. അതുകൊണ്ട് എന്താണ് ലക്ഷ്യം?
ജീസസാണ് സമൂഹത്തോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ പിതാവായ ദൈവം ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ജീസസിനെ കൊണ്ട് സംസാരിപ്പിക്കുകയായിരുന്നു. ഒരു യുദ്ധഭൂമിയിൽ ജനറൽ മുന്നിൽ നിൽക്കേണ്ട ആവശ്യമില്ല. പടയാളികളാണ് നേരിട്ട് യുദ്ധം ചെയ്യുന്നത്. ജനറൽ തന്ത്രങ്ങൾ രൂപീകരിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ആണ് ചെയ്യുന്നത്. അതുപോലെ അദ്ദേഹം ഒന്നും ചെയ്തില്ലെങ്കിലും എന്നെക്കൊണ്ട് ചെയ്യിക്കുമായിരുന്നു. അവർ ഒരിടത്തിരിക്കുന്ന വിത്തുകളാണ് പലയിടങ്ങളിലായി പൊട്ടിമുളയ്ക്കുന്നത്.
താങ്കൾ ഭിക്ഷാടനത്തിന് പോകുമ്പോൾ ഗ്രാമീണർക്കറിയാമായിരുന്നോ താങ്കൾ ഈ ഗുരുവിന്റെ ശിഷ്യനാണെന്ന്?
സന്യാസദീക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ മാത്രമേ കാഷായവസ്ത്രം ധരിക്കാൻ പാടുള്ളു. അതുവരെ വെള്ള വസ്ത്രമാണ്. ഞാൻ വെള്ള കുർത്തയും മുണ്ടും ധരിച്ച് മുടിയും വളർത്തി കെട്ടിവച്ച് ഭിക്ഷാടനത്തിന് വീടുകളിൽ പോകുമ്പോൾ ബ്രഹ്മചാരിയാണെന്ന് അവർക്ക് മനസിലാകും. ആ പ്രദേശത്ത് ബ്രഹ്മചാരിയോ സന്യാസിയോ അയിട്ടുള്ള ഒരാൾ പോയാൽ അവർ ആഹാരം കൊടുക്കാതിരിക്കില്ല. എന്നാൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നാൽ ബാബാജി കഴിക്കില്ല. സാധനങ്ങൾ ഓരോന്നായി ശേഖരിച്ച് കൊണ്ടുവന്ന് ഞാൻ പാചകം ചെയ്തുകൊടുക്കണം. എല്ലാ ഭാരവും ഒരാളിലേയ്ക്ക് നൽകാൻ പാടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചില വീടുകളിൽ ഭിക്ഷാടനത്തിന് പോകുമ്പോൾ, ചെറുപ്പക്കാരൻ ജോലിക്ക് പോവാതെ ഭിക്ഷ തെണ്ടി നടക്കുന്നു എന്ന് പരിഹസിച്ച് വാതിലടയ്ക്കും. നമുക്കതിൽ ദേഷ്യം തോന്നാൻ പാടില്ല. വലിയ ട്രയിനിങാണിത്.
ഇന്നത്തെ കാലത്ത് ഭിക്ഷ എന്നൊക്കെ പറഞ്ഞ് പല ആശ്രമങ്ങളിലേയ്ക്കും ആളുകൾ വലിയ പാത്രത്തിൽ ആഹാരവും പായസവുമൊക്കെ ഉണ്ടാക്കിക്കൊണ്ടു കൊടുക്കുകയാണ്. എന്ത് ഭിക്ഷയാണിത്? നടയിൽ ചെന്ന് തട്ടണം. കൊടുത്തില്ലെങ്കിലും സഹിക്കണം. സന്യാസിമാർ അങ്ങനെയാകണം. കാഷായം ഉടുത്തെന്ന് കരുതി ആരും സന്യാസിയാകില്ല. സന്യാസിക്ക് ബാങ്ക് ബാലൻസ് ഉണ്ടാകാൻ പാടില്ല. ഭിക്ഷയെടുത്ത് ജീവിക്കണം. എവിടെയുണ്ട് ഇന്ന് അങ്ങനെ.
അങ്ങനെയെങ്കിൽ ഇന്ന് ഇവിടെയുള്ള ആശ്രമസ്ഥാപനങ്ങളൊക്കെ ഈ നിയമങ്ങൾക്ക് വിരുദ്ധമല്ലേ?
ഇന്ന് ഇവിടെയുള്ള വലിയൊരു സ്ഥാപനം ശ്രീരാമകൃഷ്ണമിഷനാണ്. വിവേകാനന്ദൻ ശ്രീരാമകൃഷ്ണമിഷൻ സ്ഥാപിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു, ഇവിടെ എല്ലാ സമയവും ധ്യാനവും പ്രാർത്ഥനയുമായി ഇരിക്കാൻ പറ്റില്ല. മാനവ സേവയാണ് ദൈവസേവയെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഭക്ഷണമുണ്ടാക്കാനൊന്നും സമയം കിട്ടിയെന്ന് വരില്ല. അപ്പോൾ ആളുകൾ തരുന്ന ഭക്ഷണ കഴിക്കാനെ വഴിയുള്ളു. എന്നാൽ എല്ലാ ആശ്രമങ്ങളുടെയും അവസ്ഥ ഇതല്ല.
കോടികൾ കുമിഞ്ഞുകൂടുന്ന അമൃതാനന്ദമയി ആശ്രമം, പോത്തൻകോട് ആശ്രമം എന്നിവയെ പറ്റിയൊക്കെ എന്തുപറയുന്നു?
അതെനിക്കറിയില്ല. അതിനെപറ്റിയൊന്നും എനിക്ക് കമന്റ് ചെയ്യാൻ പറ്റില്ല. ശ്രീരാമകൃഷ്ണമിഷൻ ആശ്രമത്തിൽ ഞാനും കുറച്ചുകാലം ജീവിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കറിയാം. ഏതെങ്കിലുമൊരു സന്യാസിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നറിഞ്ഞാൽ അപ്പോൾ പുറത്താകും. ഹെഡ്ക്വേട്ടേഴ്സിലെ പ്രസിഡന്റായ സ്വാമിക്ക് മാത്രമെ ദീക്ഷ കൊടുക്കാൻ പറ്റുകയുള്ളു. അതൊക്കെ അവിടത്തെ പ്രത്യേകതയാണ്. സ്വാമി വിവേകാന്ദൻ ഒരു ജനുവിൻ സന്യാസിയാണ്. അദ്ദേഹം പരിവ്രാജകനായി നടന്ന കാലത്ത് ഭിക്ഷയെടുത്ത് തന്നെയാണ് ജീവിച്ചത്. ഈ ബേലൂർമഠ് ഒക്കെ സ്ഥാപിച്ചുകഴിഞ്ഞാണ് അദ്ദേഹം ഒരിടത്ത് ഇരുന്ന് ആഹാരം കഴിക്കാൻ തുടങ്ങിയത്.
മറുനാടന് ഡെസ്ക്