- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസാണ്, ഗസ്സയിൽ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും; പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നെതന്യാഹു; ഗസ്സയിൽ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയ ഹമാസ് നേതാവ് ഖത്തറിലും; ഹമാസ് റോക്കറ്റാക്രമണം അവസാനിപ്പിക്കണെന്ന നിലപാടിൽ ബൈഡനും
ടെൽ അവീവ്: ഗസ്സയിൽ മിസൈലുകൾ തീമഴയായി പെയ്യുമ്പോഴും പിടിവാശി കൈവിടാതെ ഇരുവിഭാഗവും. ഹമാസാണ് റോക്കറ്റ് ആക്രമണം തുടങ്ങിയതെന്ന് വ്യക്തമാക്കിയ ഇസ്രയേൽ തങ്ങൾ പിന്നോട്ടില്ലെന്ന് അസന്നിദ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഗസ്സയ്ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തിയ നെതന്യാഹു, മനുഷ്യർ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.
'ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഞങ്ങൾ ഗസ്സ ഓപ്പറേഷൻ തുടരും. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം തുടരും. ഹമാസ് സാധാരണക്കാരുടെ പിന്നിൽ ഒളിച്ച് ആ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ്. എന്നൽ ഞങ്ങൾ സാധാരണക്കാരുടെ ജീവനെടുക്കാതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. തീവ്രവാദികളെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്'- നെതന്യാഹു വ്യക്തമാക്കി.
അതേസമയം ഗസയിൽ മിസൈൽ ആക്രമണത്താൽ സാധാരണക്കാരായ ജനങ്ങൾ കെടുതിയിൽ കഴിയുമ്പോൾ ഹമാസ് നേതാവ് ഗസ്സയിൽ ഇല്ല. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഖത്തർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവൻ ഇസ്മയിൽ ഹനിയ. ദോഹയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗസ്സ മുനമ്പിലെ സംഘർഷം, ശൈഖ് ജറായിലെ കുടിയൊഴിപ്പിക്കൽ, അൽ അഖ്സ പള്ളിയിൽ നടന്ന ആക്രമണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇസ്രയേൽ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ചർച്ചയിൽ പറഞ്ഞു. ഫലസ്തീനൊപ്പം നിൽക്കുന്നതിൽ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു. ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ നേതാവ് വ്യക്തമക്കി. 'അവർ ആക്രമണം വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറുക്കാൻ ഞങ്ങളും തയ്യാറാണ്; അവർ നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങളുടെ പ്രതിരോധം തയ്യാറാണ്' - നിലവിൽ ഗസ്സയ്ക്കു പുറത്ത് താമസിക്കുന്ന ഹാനിയ ചൊവ്വാഴ്ച വൈകിട്ട് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇടപെട്ട എല്ലാവരോടും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഹമാസും ഇസ്രയേൽ സേനയും ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോവണമെന്ന് യുഎൻ നിർദ്ദേശിച്ചു. അൽ ജസീറ, അസോസിയേറ്റഡ് പ്രസ് ഓഫീസുകളിൽ തകർന്ന സംഭവത്തിൽ തുർക്കി പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രയേലിന്റെ നടപടി അഭിപ്രായ സ്വാതന്ത്രം ഇല്ലാതാക്കലാണെന്നും കൂട്ടക്കൊലകളും യുദ്ധകുറ്റകൃത്യങ്ങളും ഇസ്രയേൽ തുടരുകയാണെന്നും തുർക്കി പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ട്വീറ്റ് ചെയ്തു.
ഇന്നലെ നടന്ന റോക്കറ്റ് ആക്രമണത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. സംഘർഷം കനക്കുന്നതിൽ ബൈഡൻ ആശങ്ക രേഖപ്പെടുത്തി. ഇസ്രയേലിനുള്ള പിന്തുണ ആവർത്തിക്കുകയും അതേസമയം മാധ്യമ ഓഫീസുകൾക്കെതിരെ നടന്ന ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോ ബൈഡൻ സംസാരിച്ചു. അധികാരമേറ്റ ശേഷം ആദ്യമായാണ് ബൈഡൻ ഇദ്ദേഹവുമായി സംസാരിക്കുന്നത്. ഹമാസ് ഭരിക്കുന്ന ഗസ്സയിൽ ഫലസ്തീൻ പ്രസിഡന്റിന് അധികാരമില്ല. ഹമാസിനെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലുൾപ്പെടുത്തിയതിനാൽ യുഎസ് ഔദ്യോഗിക ചർച്ചകൾ ഹമാസുമായി നടത്തില്ല. ഈ സാഹചര്യത്തിലാണ് ഫലസ്തീൻ പ്രസിഡന്റുമായി ബൈഡൻ സംസാരിച്ചത്.
ഇസ്രയേൽ ആക്രണണത്തിൽ 140 പേർ ഇതിനോടകം കൊല്ലപ്പെട്ടു. ഇതിൽ 39 കുട്ടികളും ഉൾപ്പെടുന്നു. അൽ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകൾ പ്രവർത്തിച്ച കെട്ടിടവും ഗസ്സയിൽ ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ തകർന്നു.