- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദു ഒരു വമ്പൻ സ്രാവ് തന്നെ! മുൻ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ മകളെന്ന ബന്ധങ്ങൾ തട്ടിപ്പിന് തുണയായി; കൂടുതൽ പേർ പരാതികളുമായി രംഗത്തുവന്നേക്കും; സർക്കാർ മുദ്രയുള്ള വ്യാജ പ്രവേശന കത്തുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റർപാഡുകളും ബിന്ദു സംഘടിപ്പിച്ചതും വെളിവാക്കുന്നത വൻ റാക്കറ്റിന്റെ സാന്നിധ്യം
ചേർത്തല: ജോലി വാഗ്ദാനംചെയ്തു കോടികളുടെ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതി ഇന്ദു(സാറ-35) ഒരു വമ്പൻ സ്രാവ് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഉന്നത ബന്ധങ്ങൾ അടക്കം ഉപയോഗിച്ചു കൊണ്ടായിരുന്നു ഇവർ തട്ടിപ്പു നടത്തിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇവർക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് കൂടുതൽ പരാതികൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ബിന്ദുവിനൊപ്പം വൻ തട്ടിപ്പു സംഘം തന്നെ ഉണ്ടെന്നാണ് വിലയിരുത്തൽ.
പരാതികൾ സംബന്ധിച്ചു വ്യത്യസ്തമായ മൊഴികളാണ് ഇവർ പൊലീസിനു നൽകിയത്. തട്ടിപ്പിനു സഹായിച്ചവരുടെ പേരുകൾ ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സർക്കാർമുദ്രയുള്ള വ്യാജ പ്രവേശന കത്തുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റർപാഡുകളും ഉപയോഗിച്ചായിരുന്നു കോടികളുടെ തട്ടിപ്പ്. പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്‌കൂളുകളിലുമാണ് നിയമനം വാഗ്ദാനംചെയ്തത്. തട്ടിപ്പിനായി വ്യാജരേഖകളുണ്ടാക്കിയ കംപ്യൂട്ടറും ഫോണും കണ്ടെത്താൻ സാധിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജെ.എം. അപ്പാർട്ട്മെന്റിൽ രണ്ട് ഡി ഫ്‌ളാറ്റിൽ ഇന്ദുവിനു പുറമേ ചേർത്തല നഗരസഭ 34-ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാറി(53)നെയും അറസ്റ്റുചെയ്തിരുന്നു. ഇന്ദു ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്. ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
മുപ്പത്തിയെട്ടോളം പേരിൽനിന്നായി മൂന്നുമുതൽ എട്ടരലക്ഷംവരെ വാങ്ങിയായിരുന്നു തട്ടിപ്പ്. ഇടനിലക്കാരനായിരുന്ന ശ്രീകുമാറിന്റെ പേരിലും പരാതികളുണ്ടെന്നു പൊലീസ് പറയുന്നു. ഇന്ദുവിന്റെ പേരിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ടു സാമ്പത്തികത്തട്ടിപ്പുകേസുകൾ നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻപരിധിയിൽ ഒൻപതുപേരിൽനിന്നായി 18 ലക്ഷം രൂപ തട്ടിയതായി പരാതിയുമുണ്ട്. ഇതിലും കേസെടുക്കാൻ നടപടി തുടങ്ങി.
നെയ്യാറ്റിൻകരയിലും സമാനരീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇതിൽ പണം നഷ്ടപ്പെട്ടയാൾ ആത്മഹത്യചെയ്തതായുള്ള സൂചന പൊലീസിനു ലഭിച്ചു. ചേർത്തലയിലെ കേസുകളുമായി ഇതിനു ബന്ധമില്ല. മുൻ കോൺഗ്രസ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ മകളാണ് ഇന്ദു. ഇത്തരം ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ശ്രീകുമാർ നൽകിയ പരാതിയിലാണ് ഇന്ദുവിനെ അറസ്റ്റുചെയ്തത്. മക്കൾക്കു ജോലിനൽകാമെന്നു പറഞ്ഞ് പണം തട്ടിയെന്നായിരുന്നു പരാതി. ശ്രീകുമാർ വഴിയാണ് പരാതിക്കാരിൽ പലരും ഇന്ദുവിനു പണം നൽകിയത്. ചേർത്തല എസ്‌ഐ. എം.എം. വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ആലപ്പുഴയിലെ ഹോംകോ, കൊച്ചി ഷിപ്പ്യാർഡ് തുടങ്ങിയ സ്ഥാപനങ്ങളിലും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പ്. 38 പേരിൽനിന്ന് ഒരുകോടിയോളം രൂപ തട്ടിയതിന്റെ വിവരം പൊലീസിന് ലഭിച്ചു. ബിജെപി ആലപ്പുഴ മുൻ ജില്ലാ പ്രസിഡന്റുമാരായ രണ്ടുപേരും തട്ടിപ്പിനിരയായെന്നാണ് വിവരം.
കൊലക്കേസ് പ്രതിയാണ് ബിന്ദുവിന്റെ ജീവിത പങ്കാളി. ആലപ്പുഴ ചാത്തനാട് ഇരുനില വാടകവീട്ടിൽ താമസിക്കുന്ന ഷാരോണാണ് ഇന്ദുവിന്റെ ഭർത്താവ്. ഇയാൾ കലവൂരിലെ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ്. തട്ടിപ്പ് തുടരുന്നതിനിടെയാണ് ഇയാളുമായി ഇന്ദു പരിചയപ്പെട്ടത്.
ആലപ്പുഴയിലെ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കുന്നതിൽ ഷാരോൺ ഇന്ദുവിന്റെ സഹായിയായതോടെയാണ് ബന്ധം ദൃഢമായതും വിവാഹിതരായതും. പൊലീസ് ഷാരോണിന്റെ മൊഴിയെടുത്തു. ഇയാൾ ഇന്ദുവിന് എതിരെയാണ് പ്രതികരിച്ചത്. കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്ന വിലയിരുത്തലിലാണ് പൊലീസ്. തട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇവർ നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ