കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ യു.ഡി.എഫ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂർ എംപിക്കെതിരെ വീണ്ടും വിമർശനവുമായി കെ മുരളീധരൻ എംപി. വല്ലാതെ വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ പാർട്ടിക്കില്ല. രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം. ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കുറച്ച് കഴിഞ്ഞാൽ വേറെ ആളെ നോക്കും. തരൂരിനെതിരായ പ്രശ്നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കെപിസിസി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും മുരളീധരൻ പരിഹസിച്ചു.

'എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും' എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്റെ അവസ്ഥ. ഭരിക്കുന്നവൻ നന്നല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണം അല്ല, പിണറായിസ്റ്റ് ഭരണമാണ്. കെ റെയിൽ വെറും ധൂർത്ത് നടത്താനുള്ള പദ്ധതിയാണ്. പരിസ്ഥിതിക്ക് ദോഷമാണ്. കെ റെയിൽ വേണ്ടെന്ന് സിപിഎം സമ്മേളനങ്ങളിൽ തന്നെ പറയുന്നു. പൊലീസിലെ ആർഎസ്എസ് ശൈലിക്കെതിരെ സിപിഎമ്മിനകത്ത് നിന്ന് തന്നെ വിമർശനം ഉയർന്നു. എന്നാലും കുറ്റം കോൺഗ്രസിനാണെന്ന് മുരളീധരൻ പറഞ്ഞു.

നേരത്തെ തരൂരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നിരുന്നു. ശശി തരൂരിനെ നിയന്ത്രിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തരൂർ പാർട്ടിയെ മറന്ന് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. പാർട്ടി പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്. പാർട്ടി പ്രവർത്തർക്കും തരൂരിനും ഒരേ അച്ചടക്കമാണ് പാർട്ടിക്കുള്ളിലുള്ളത്. തരൂരിന് പ്രത്യേക നിയമങ്ങളില്ല. തരൂർ പാർട്ടിയെ മറന്ന് അഭിപ്രായം പറയാൻ പാടില്ല. ഈ സാഹചര്യത്തിൽ തന്നെ തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തരൂരിനെ വിജയിപ്പിക്കാൻ പാർട്ടി ഏറെ പാടുപെട്ടിട്ടുണ്ട്. കൂടുതൽ ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

കെ റെയിൽ പദ്ധതിക്ക് എതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. പരിസ്ഥിതി ദോഷമാണ് പദ്ധതി എന്നതാണ് യാഥാർത്ഥ്യം എന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം തരൂരിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചത്. എന്നാൽ, ശശി തരൂർ യു.ഡി.എഫ് നിലപാടിനൊപ്പം നിൽക്കുമെന്നാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയിട്ടുണ്ട്. നിലപാട് തരൂർ പരസ്യമായി പറയുമെന്നും സതീശൻ പറഞ്ഞു.

കെ-റെയിലിലും സിപിഎം വർഗീയത നിറയ്ക്കുകയാണ്. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വർഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സർക്കാരെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഐക്കും പദ്ധതിയിൽ എതിർപ്പുണ്ട്, അവർ വർഗീയ സംഘടനയാണോ. വിഷയം മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയവരും കമ്പനികളും ചർച്ച ചെയ്താൽ പോരാ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കെ-റെയിലുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

അതേസമയം തരൂരിനെതിരെ എ.ഐ.സി.സിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. തരൂരിന്റെ കാര്യത്തിൽ കെപിസിസി നേതൃത്വം അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത് ദേശീയ നേതൃത്വത്തിന് ബോധ്യമുള്ളതാണെന്നും വിഷയം തങ്ങളുടെ മുന്നിൽ വരുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.