കോഴിക്കോട്: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേവലം ബിജെപി-ആർഎസ്എസ് പ്രവർത്തകരെ മാത്രമല്ല, സമൂഹത്തിന് നേരെ തിരിക്കാനുള്ള ആസൂത്രണത്തിന്റെ ഫലമാണെന്നും ബിജെപി ആരോപിച്ചു. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി നിയമസഭാ സ്ഥാനാർത്ഥി കൂടിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ അതി ദാരുണമായാണ് കൊല്ലപ്പെട്ടത്.

പോപ്പുലർ ഫ്രണ്ടിന്റെ ക്രിമിനൽ സംഘം കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ബിജെപി- ആർഎസ്എസ് നേതാക്കളെയാണ് കൊലപ്പെടുത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്ത, നാട്ടിലെ ഏറ്റവും ജനസ്വാധീനമുള്ള ബിജെപി നേതാക്കളിലൊരാളായിട്ടുള്ള രഞ്ജിത്തിനെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വർഗീയ കലാപമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് കുറച്ച് കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

വലിയ രീതിയിലുള്ള ആയുധ പരിശീലനവും ഭീകരപ്രവർത്തനവും നടത്തുന്നു. സമാധാനാന്തരീക്ഷം തകർത്ത് വർഗീയ കലാപമാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് കൊല്ലപ്പെട്ട സജ്ഞിത്തിന്റെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പകരം പ്രതികളെ സഹായിച്ചു. കൊലയാളികൾക്കൊപ്പമാണ് പൊലീസ്. ചാവക്കാട്ടെ കൊലപാതകത്തിലും ചേർത്തലയിൽ നന്ദുവിന്റെ കൊലപാതകത്തിലും ഇതേ നിലപാട് പൊലീസ് ആവർത്തിച്ചു. സർക്കാർ സഹായം ലഭിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ തടയാൻ കഴിയില്ലെങ്കിൽ അത് കേന്ദ്രത്തെ അറിയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

'കഴിഞ്ഞ ദിവസം പലയിടത്തും നടന്ന പ്രകോപന നീക്കങ്ങളെ പൊലീസ് തടഞ്ഞില്ല, പകരം ഇന്ന് രാവിലെ പൊലീസ് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. കരുതൽ തടങ്കൽ എന്നു പറഞ്ഞാണ് ഇത് ചെയ്തത്. ഇതിനെയെല്ലാം ശക്തമായി അപലപിക്കുന്നു. കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ തടയാൻ കഴിയില്ലെങ്കിൽ അത് കേന്ദ്രത്തെ അറിയിക്കണം.' കെ സുരേന്ദ്രൻ വ്യക്തമാക്കി.