മട്ടന്നൂർ:കണ്ണൂർ രാജ്യന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികളിൽ നിന്നും ഐഫോണിന്റെ പേരിൽ കസ്റ്റംസ് പീഡനം നടത്തുന്നതായി പരാതി. ഐ ഫോൺ കൊണ്ടുവന്നതിന്റെ പേരിൽ മൂവായിരം രൂപമുതൽ കാൽ ലക്ഷം രൂപ വരെയാണ് പ്രവാസികളിൽ നിന്നും നികുതിയായി അടപ്പിക്കുന്നത്. കണ്ണൂർ പള്ളിപ്രം സ്വദേശി ജംഷീദും, പയ്യന്നൂർ സ്വദേശി ഷഹദുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസിന്റെ കൊള്ളക്കിരയായത്. കേരളത്തിൽ മറ്റ് മൂന്നു വിമാനത്താവളങ്ങളിലും ഇത്തരമൊരു നികുതി അടപ്പിക്കലോ പരിശോധനകളോ ഇല്ലെന്നാണ് ഇവരുടെപരാതി. അതേ സമയം, ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് കസ്റ്റംസ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം.

കണ്ണൂർ വിമാനത്താവളം വഴിയാത്ര ചെയ്ത ജംഷീദും, ഷഹദും തങ്ങൾക്ക് കസ്റ്റംസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ ഫേസ് ബുക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. നിരവധി പേരാണ് സമാന അനുഭവങ്ങൾ ഉള്ളതായി ഇതിന് പിൻതുണയുമായി എത്തിയപ്പോൾ വ്യക്തമാക്കിയത്.

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ ബാഗേജ് പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പായാണ് കസ്റ്റംസ് യാത്രക്കാരെ തടഞ്ഞു നിർത്തി, ഐഫോൺ ഉള്ളവരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്ന് ജംഷീർ പറയുന്നു. കാര്യം തിരക്കിയപ്പോൾ, ഐഫോൺ ഉപയോഗിക്കുന്നവരെല്ലാം ഡ്യൂട്ടി അടക്കണമെന്നാണ് നിർദ്ദേശം ലഭിച്ചത്. ഉപയോഗിച്ച് വരുന്ന ഫോൺ ആണെങ്കിലും ഡ്യൂട്ടി അടക്കണമെന്ന് നിർദ്ദേശിച്ചതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥനെ കണ്ടുവെങ്കിലും അദ്ദേഹവും ഇതേ വാദത്തിൽ ഉറച്ചു നിന്നു. ഒടുവിൽ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ ബന്ധുവിൽ നിന്ന് 3850 രൂപ വാങ്ങി ഡ്യൂട്ടി അടച്ച ശേഷമാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാനായതെന്നും ജംഷീർ പറയുന്നു.

ദുബായിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്ന പയ്യന്നൂർ സ്വദേശിയായ ഷഹദ് ആയാറിനുണ്ടായത് ഇതിലേറെ ദുരനുഭവമാണ്. കാൽ ലക്ഷം രൂപയാണ് ഷഹദിന് ഡ്യൂട്ടി അടക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ 15 ന് രാത്രിയാണ് ഷഹദ്, ദുബായിൽ നിന്നുള്ള വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഐ ഫോൺ 13 പ്രൊമാക്‌സ് കൈയിലുണ്ടായിരുന്നതാണ് ഷഹദിന് വിനയായത്. നാട്ടിലേക്ക് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് സ്വന്തം ആവശ്യത്തിനായി ഈ ഫോൺ വാങ്ങിയത്. ഫോണിന് 50,000ൽ കൂടുതൽ ഇന്ത്യൻ രൂപ വിലയുള്ളതിനാൽ 30,000 രൂപ ഡ്യൂട്ടി അടക്കണമെന്നായിരുന്നുവത്രേ കസ്റ്റംസ് അധികൃതർ ആവശ്യപ്പെട്ടത്.

ഇരുപതോളം രാജ്യങ്ങളിൽ സഞ്ചരിച്ച തനിക്ക് ആദ്യമായാണ് ഇത്തരമൊരനുഭവം, അതും സ്വന്തം നാട്ടിൽ ഉണ്ടാകുന്നതെന്നാണ് ഷഹദ് പറയുന്നത്. ഡ്യൂട്ടി അടക്കാൻ പണമില്ലെങ്കിൽ, ഫോൺ ഇവിടെ എൽപ്പിച്ചു പോകാനും, പിന്നീട് പണവുമായി എത്തി കൈപറ്റാനുമാണത്രേ നിർദ്ദേശം നൽകിയത്. ഒടുവിൽ ബന്ധുവിനെ വിളിച്ച് പണവുമായി എത്തി ഡ്യൂട്ടി അടച്ച ശേഷമാണ് പുറത്തു വരാനായതെന്നും, ഇതിന്റെ പേരിൽ വിമാനമിറങ്ങിയിട്ടും മൂന്നു മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ടി വന്നുവെന്നുമാണ് ഷഹദിന്റെ വെളിപ്പെടുത്തൽ.

അതേ സമയം, ഒറ്റപ്പെട്ട സംഭവങ്ങളെ പൊതു സംഭവങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണെന്നാണ് കസ്റ്റംസ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം. അനധികൃതമായി ഡ്യൂട്ടി അടപ്പിച്ചതുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ല. 50,000 രൂപ വരെ വിലയുള്ള ഐ ഫോൺ സ്വന്തം ഉപയോഗത്തിനായി കൊണ്ടുവരുന്നതിന് അനുമതിയുണ്ട്. ഇതിൽ കൂടുതൽ വിലയുള്ളതോ, ഒന്നിൽ കൂടുതൽ എണ്ണമോ കൊണ്ടു വന്നാലാണ് ഡ്യൂട്ടി ഈടാക്കാറുള്ളത്.

ഒറ്റപ്പെട്ട സംഭവങ്ങളെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും, ഔദ്യോഗികമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ കസ്റ്റംസിന് പലപ്പോഴും ഇത്തരം കാര്യങ്ങളിൽ മറുപടി നൽകാനാവില്ലെന്നും അധികൃതർ പറയുന്നു. അനധികൃത ഡ്യൂട്ടി ഈടാക്കിയാൽ പരാതി നൽകാനുള്ള സംവിധാനമുണ്ടെന്നുമാണ് കസ്റ്റംസ് അധികൃതർ നൽകുന്ന വിശദീകരണം.