- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നത് ഇഡി പേടിയിൽ; പാവങ്ങളെ പറ്റിച്ചെടുത്ത പണം തെരഞ്ഞെടുപ്പിനും ചെലവഴിച്ചു; സിപിഎമ്മിന് കുറ്റവാളികൾ വിട്ടു നൽകിയത് 40 വാഹനങ്ങൽ; കരുവന്നൂരിൽ പിടിമുറുക്കാൻ കേന്ദ്ര ഏജൻസിയും
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പണം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവെന്ന ആരോപണത്തിന് കരുത്ത് പകർന്ന് പുതിയ റിപ്പോർട്ട്. സിപിഎമ്മിനെ സ്വാധീനിക്കാൻ പ്രതികളായ നാലുപേർ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിട്ടുനൽകിയത് 40 വാഹനങ്ങളാണ്. വൻതുകയും പാർട്ടിക്ക് സംഭാവന നൽകിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ.
കരുവന്നൂരിൽ ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായുള്ള ചർച്ചകളാണ് നടക്കുന്നത്. മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ടി.ആർ. സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജരും കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ബിജു കരീം, മുൻ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായിരുന്ന സി.കെ. ജിൽസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. സിപിഎമ്മിനെ കൂടെ നിർത്താൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചു. ഇതിന് വേണ്ടിയാണ് പാർട്ടിയെ സ്വാധീനിക്കാനുള്ള പദ്ധതി നടപ്പാക്കിയത്.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് 2019ൽ തന്നെ സിപിഎമ്മിന് പരാതി കിട്ടിയിരുന്നു. ഈ സാഹചര്യത്തിൽ പണം വാങ്ങിയത് തട്ടിപ്പ് അറിഞ്ഞു കൊണ്ടാണെന്ന വാദവും ശക്തമാണ്. 2019ൽ പരാതി നൽകിയ ആളിനെ ഉൾപ്പെടെ ഇഡി മൊഴി എടുക്കാൻ വിളിക്കും. അതിന് ശേഷം സിപിഎമ്മിലേക്കും അന്വേഷണം നീളും. 2019ലെ പരാതിയിൽ അന്വേഷണം തുടങ്ങാനാണ് ആലോചന. സിപിഎം നേതാക്കളേയും ചോദ്യം ചെയ്യും. കള്ളപ്പണമാണ് കരുവന്നൂരിൽ അധികവും എന്ന നിലപാടിൽ ഇഡി എത്തിയിട്ടുണ്ട്. ഓരോ നിക്ഷേപകരുടേയും വിവരങ്ങളും ആസ്തിയും പരിശോധിക്കുന്നുണ്ട്.
വായ്പത്തട്ടിപ്പിൽനിന്ന് കിട്ടിയ പണത്തിൽനിന്നാണ് പ്രചാരണത്തിനുള്ള തുക വകമാറ്റിയത്. ഇതോടെ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പ്രാദേശികനേതാക്കളുടെ പ്രതിഷേധവും പരാതിയും ചെവിക്കൊള്ളാൻ പാർട്ടിനേതൃത്വം തയ്യാറായില്ല. അതുകൊണ്ടുതന്നെ നടപടിയും ഉണ്ടായില്ല. പാർട്ടി ആവശ്യപ്പെടാതെത്തന്നെയായിരുന്നു സഹായങ്ങൾ നൽകിയിരുന്നത്. സംസ്ഥാനനേതൃത്വത്തിലും പ്രതികൾക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നുവെന്നാണ് സൂചന. ഇക്കാര്യങ്ങളെല്ലാം ഇഡി പരിശോധിക്കും. എല്ലാവരേയും ചോദ്യം ചെയ്യുകയും ചെയ്യും.
പ്രതികൾക്കെതിരേ അന്വേഷണം നടത്താൻ ജില്ലാ സെക്രട്ടറിയായിരിക്കെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ നൽകിയ നിർദേശപ്രകാരം കിട്ടിയ റിപ്പോർട്ട് പൂഴ്‌ത്താനും പ്രതികളുടെ കൈയഴിഞ്ഞുള്ള സഹായം കാരണമായി. പരാതിക്കാരെ വി എസ്. പക്ഷക്കാരാക്കി ഒറ്റപ്പെടുത്തുന്നതിലും തട്ടിപ്പുകാർ ജയം കണ്ടു. അങ്ങനെ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇഡിയെ ഭയന്ന് കരുതലോടെയാണ് ക്രൈംബ്രാഞ്ച് നീക്കങ്ങൾ.
നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇതുവരെയും സ്ഥിരീകരിക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. പ്രതികളെ ഇഡി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് ഇതെന്നാണ് ആക്ഷേപം. സിപിഎമ്മിലെ ഉന്നതരെ കുടുക്കുന്ന മൊഴികൾ പ്രതികൾ ഇഡിക്ക് നൽകിയാൽ കേസ് തന്നെ പുതിയ തലത്തിലേക്ക് പോകും. നയതന്ത്ര സ്വർണ്ണ കടത്തിലെ വിവാദ പശ്ചാത്തലത്തിലാണ് ഈ ഭയവും ചർച്ചയാകുന്നത്. അതുകൊണ്ട് തന്നെ പ്രതികളുടെ അറസ്റ്റിൽ കരുതലോടെ മാത്രമേ പൊലീസ് പ്രതികരിക്കൂ.
അതേസമയം പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ വൈകുന്നത് ദുരൂഹത ഉയർത്തുന്നുണ്ട്. നൂറുകോടിയിലേറെ വെട്ടിപ്പ് കണ്ടെത്തിയ കേസിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ