- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയിൽ; ഡയസ്സിൽ നിന്നിറങ്ങി ശ്രീരാമകൃഷ്ണൻ; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ വി ശശി; പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാലും; സ്പീക്കറുടെ അസി. സെക്രട്ടറിയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തുവെന്ന് വി ഉമ്മൻ; പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ പാർട്ടിയിൽ സ്വപ്ന പങ്കെടുത്തില്ലേയെന്ന് ചോദിച്ചു ശർമ്മ; ക്ഷണിച്ചത് യുഎഇ കോൺസുലേറ്റ് ജനറലിനെയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഡോളർക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ചർച്ച ചെയ്യുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കൽ പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറെ കേന്ദ്രഏജൻസികൾ ചോദ്യം ചെയ്യുമെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തിൽ പ്രതിപക്ഷം ആരോപിച്ചു.
സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത് ദൗർഭാഗ്യകരണമാണെന്ന് പറഞ്ഞാണ് ഉമ്മർ എംഎൽഎ പ്രമേയം തുടങ്ങിയത്. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്ട്രീയപ്രേരിതമോ വ്യക്തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ പീക്കറെ നീക്കണമെന്നും എം. ഉമ്മർ പറഞ്ഞു. മറുപടി സഭയിൽ പറയുമെന്ന് ശ്രീരാമകൃഷ്ണൻ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസ്സിൽ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത് .
ചോദ്യോത്തരവേള കഴിഞ്ഞ് 9.45 കഴിഞ്ഞപ്പോൾ സ്പീക്കർ അദ്ദേഹത്തിന്റെ ഡയസ്സിൽ നിന്നിറങ്ങി ചേംബറിലേക്ക് പോയി. ചേംബറിൽ ഡെപ്യൂട്ടി സ്പീക്കർ ഇരിക്കുന്ന സ്ഥലത്താണ് സ്പീക്കർ ഇരിക്കുന്നത്. സ,ഭയിൽ ഇന്ന് സ്പീക്കറെ നീക്കംചെയ്യൽ പ്രമേയം ചർച്ചക്കെടുക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ സഭയെ അറിയിച്ചു. തുടർന്ന് നോട്ടീസിന്മേലുള്ള ചർച്ച സഭയിൽ ആരംഭിച്ചു. തടസ്സവാദം ഉന്നയിച്ച് നോട്ടീസ് നൽകിയ എസ്. ശർമ്മയുടെ പ്രമേയാവതരണവും നടന്നു. ചട്ടംപാലിച്ചാണ് പ്രമേയം കൊണ്ടുവരേണ്ടതെന്ന എസ്. ശർമ്മ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടം പാലിച്ചുകൊണ്ടാണ് വേണ്ടത്. രാഷ്ട്രീയമായ ഉദ്ദേശം വെച്ചുള്ള പ്രമേയം അനുവദിക്കരുതെന്നും ശർമ്മ പറഞ്ഞു. സഭയുടെയും സ്പീക്കറുടെയും പവിത്രത ഇല്ലാതാക്കുന്നതാണ് പ്രതിപക്ഷ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന് എതിരായ അന്വേഷണത്തിനു അനുമതി നൽകിയതുകൊണ്ടാണ് സ്പീക്കർക്ക് എതിരെ പ്രമേയം കൊണ്ട് വരുന്നത് ശർമ ആരോപിച്ചു. സ്പീക്കർ കുറ്റം ചെയ്തുവെങ്കിൽ അന്വേഷണ ഏജൻസികൾ വെറുതെ ഇരിക്കുമോ? സഭ ടിവി തെറ്റാണോ? എവിടെയാണ് അഴിമതിയെന്ന് എസ് ശർമ ചോദിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി കൊടുത്തത്.
ഏത് നടപടി ക്രമത്തിലും അഴിമതി കാണാനാവില്ല. അവിശ്വാസ പ്രമേയത്തിൽ ഉമ്മർ പറഞ്ഞ തെളിവ് എവിടെയാണ്? സ്പീക്കർ ചെയ്ത തെറ്റെന്താണ്? സ്വപ്നയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തതാണെങ്കിൽ പ്രതിപക്ഷ നേതാവ് ചെയ്തതും സമാനമായ തെറ്റല്ലേ. തന്നിഷ്ടം പോലെ വിശദീകരിച്ച് തെറ്റായ വാദം ഉന്നയിച്ചാൽ ജനം മാപ്പ് നൽകില്ല. ഊരാളുങ്കലിനെ ടോട്ടൽ സർവീസ് പ്രൊവൈഡറായി അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്.
ശങ്കരനാരായണൻ തമ്പി ഹാളിനെ വിവിധ പരിപാടികൾക്ക് ഉപയോഗിക്കാവുന്ന ഓഡിറ്റോറിയമാക്കി മാറ്റി. അതിന്റെ സർവകക്ഷി യോഗത്തിൽ തീരുമാനത്തെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് എസ് ശർമ പറഞ്ഞു. സ്വപ്നയുടെ സ്വഭാവം അറിയുമായിരുന്നെങ്കിൽ പ്രതിപക്ഷ നേതാവും ശ്രീരാമകൃഷ്ണനും അവരോട് സംസാരിക്കുമായിരുന്നില്ലെന്നും ശർമ പറഞ്ഞു. ഈ പ്രസംഗത്തിനിടെ താൻ ക്ഷണിച്ചിട്ടല്ല സ്വപ്ന ഇഫ്താർ പാർട്ടിക്ക് വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഈ വാദം കളവാണെന്ന് എ പ്രദീപ് കുമാർ എംഎൽഎ ആരോപിച്ചു. പ്രമേയം ക്രമപ്രകാരമല്ലെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. സാങ്കേതികത്വ വാദം അംഗീകരിക്കുന്നുവെങ്കിലും ധാർമ്മികത മുൻനിർത്തി പ്രമേയ അവതരണത്തിന് അനുമതി നൽകുന്നതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി അറിയിച്ചു.
അതേസമയം സ്പീക്കർക്കെതിരെ സഭയിൽ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവർ തന്നെ ആലോചിക്കേണ്ട കാര്യമാണ് എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. ഇതുവരെ അത്തരത്തിൽ ചോദിക്കുന്ന രീതി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സ്്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
എതിർപ്പിന്റെയും വിയോജിപ്പിന്റെയും ഒരു ശബ്ദം പോലും അനുവദിക്കാത്തവിധത്തിലാണ് ഇന്ത്യയിൽ പല സ്ഥലങ്ങളിലും പെരുമാറുന്നത്.
കേരള നിയമസഭ എതിർപ്പുകൾ ഉന്നയിക്കാൻ അവസരം നൽകുകയാണ് ചെയ്തതെന്ന് പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നൽകിയതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. വേണമെങ്കിൽ സ്പീക്കറുടെ അധികാരം ഉപയോഗിച്ച് നിരസിക്കാം. എന്നാൽ അത് ഉന്നയിക്കാൻ അനുവദിക്കുകയാണ് ചെയ്തതെന്നും സ്പീക്കർ പറഞ്ഞു.
ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തന്നോട് ചോദിക്കാമായിരുന്നു. എന്നാൽ ചോദിക്കുന്ന രീതി ഉണ്ടായിട്ടില്ല. ചോദിച്ച കാര്യങ്ങളിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. താൻ ചെയ്യുന്ന ജോലിയെ കുറിച്ചല്ല ആശങ്ക ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ ഇതോക്കെ സാധാരണമാണെന്നും സ്പീക്കർ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ താൻ തെറ്റ് ചെയ്തിട്ടില്ല. ശൂന്യതയിൽ നിന്നാണ് ആരോപണങ്ങൾ ഉയർന്നുവന്നത്. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. സഭയിൽ സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവർ ആലോചിക്കണമെന്നും സ്പീക്കർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ