തിരുവനന്തപുരം: മാധ്യമം ദിനപത്രത്തെ നിരോധിക്കാൻ വേണ്ടി യുഎഇ കോൺസുൽ ജനറലിന് കത്തെഴുതിയ മുൻ മന്ത്രി കെ ടി ജലീലിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പത്രം നിരോധിക്കുക പാർട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമം പത്രം മുൻപ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. എല്ലാ എംഎ‍ൽഎമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചല്ല. ജലീലിന്റേത് പ്രോട്ടോക്കോൾ ലംഘനമാണെങ്കിൽ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരേയുള്ള നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് ശ്രമം. ഇതിന് ഇ.ഡിയെ ഉപയോഗിക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബിജെപി ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ഐസക്കിന് ഒന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലും ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നിയമപരമായി എങ്ങനെ ഇടപെടുമെന്നതിനെ കുറിച്ച് വിദഗ്ധരുമായി ആലോചിക്കും. സ്വാതന്ത്രദിന പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ ലോക്കലിലും കേന്ദ്ര ഏജൻസികൾക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇ.ഡി.ക്കെതിരേ ഇപ്പോഴെങ്കിലും കോൺഗ്രസ് നിലപാടെടുത്തതിനെ സ്വാഗതം ചെയ്യുകയാണ്. കോൺഗ്രസ് പ്രവർത്തകർക്കെതിരേയും അവരുടെ സർക്കാരുകൾക്കെതിരേയുമാണ് ആദ്യം ഇ.ഡി നടപടി തുടങ്ങിയത്. അന്നൊന്നും മിണ്ടാതിരുന്നു. ഇപ്പോൾ സോണിയാഗാന്ധിയേയും രാഹുൽഗാന്ധിയേയും ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചതോടെയാണ് അവർ ഞെട്ടിയുണർന്നതെന്നും കോടിയേരി പറഞ്ഞു.

ഗൾഫ് മേഖലയിൽ 'മാധ്യമം' ദിനപത്രം നിരോധിക്കാൻ കെ.ടി. ജലീൽ കത്തയച്ചയായി സ്വർണക്കടത്തു കേസ് മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിയിരുന്നു. ഗൾഫ് മേഖലയിൽ 'മാധ്യമം' നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ടി. ജലീൽ യു.എ.ഇ അധികൃതർക്ക് നേരിട്ട്കത്തയച്ചിരുന്നതായും സ്വപ്ന ആരോപിച്ചു. ഇതു സംബന്ധിച്ച ചാറ്റുകൾ തന്റെ കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.

കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം 'മാധ്യമം' നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ ആവശ്യം. 'മാധ്യമ'ത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്ന പറയുന്നു.

യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്ന ആരോപിച്ചു. അതേസമയം മാധ്യമം നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കെ ടി ജലീൽ വിശദീകരിച്ച്.