- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജ് പ്രിയദർശിനി നഗർ മോഷണക്കേസ്; കൊട്ടാരം ബാബുവിന്റെ വിരലടയാള റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: സിറ്റി മെഡിക്കൽ കോളേജ് പ്രിയദർശിനി നഗറിൽ നടന്ന മോഷണക്കേസിൽ 100 ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബുവിന്റെ വിരലടയാള റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. കൃത്യവീട്ടിൽ നിന്ന് ശേഖരിച്ച പ്രതി തർക്കിക്കുന്ന വിരലടയാളങ്ങളും അറസ്റ്റ് ചെയ്ത് പൊലീസ് എടുത്ത പ്രതിയുടെ വിരലടയാളങ്ങളും കംപാരിസൺ നടത്തിയുള്ള ഫിംഗർ പ്രിന്റ് അനാലിസിസ് റിപ്പോർട്ട് ഫെബ്രുവരി 15 നകം ഹാജരാക്കാൻ ഫിംഗർ പ്രിന്റ് ബ്യൂറോ ഡയറക്ടറോടാണ് എ സി ജെ എം വിവിജാ രവീന്ദ്രൻ ഉത്തരവിട്ടത്.
2021 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷാ പ്രതിയായി കഴിയവേ കോവിഡ് - ലോക് ഡൗൺ പശ്ചാത്തലത്തിൽ നൽകിയ പരോൾ ഇളവിൽ പുറത്തിറങ്ങിയാണ് പ്രതി വീണ്ടും മോഷണം നടത്തിയത്. തലസ്ഥാന ജില്ലയിലെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രിയദർശിനി നഗറിലെ വീട്ടിൽ ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് പണവും സ്വർണ്ണാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് വിചാരണ പുരോഗമിക്കുന്നത്. കേസിൽ ഇതിനോടകം 6 സാക്ഷികളെ വിസ്തരിച്ചു. കോടതിയിൽ ഹാജരാകാത്ത ഏഴാം സാക്ഷിയെ ഫെബ്രുവരി 15 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
പോത്തൻകോട് കോലിയക്കോട് ശാന്തിഗിരി നെല്ലിക്കോട് വീട്ടിൽ ബാബു എന്ന കൊട്ടാരം ബാബു (55) വിനെയാണ് വിചാരണ ചെയ്യുന്നത്. പോത്തൻകോട് മണിമല കൊട്ടാരത്തിലെ വാതിലുകളും ഫർണിച്ചറുകളും മോഷ്ടിച്ചു മറിച്ചു വിറ്റ കേസിൽ പ്രതിയായതോടെയാണ് കൊട്ടാരം ബാബു എന്ന വിളിപ്പേര് വീണത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 454 (പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവനഭേദനം) , 461 (വസ്തു അടങ്ങിയ അലമാര നേരുകേടായി കുത്തിതത്തുറക്കൽ) , 380 (വാസ ഗൃഹത്തിൽ വച്ചുള്ള മോഷണം) എന്നീ ശിക്ഷാർഹമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേൽ ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്യുന്നത്.
2020 ഓഗസ്റ്റ് 8 ന് കല്ലമ്പലം പൊലീസ് കൊട്ടാരം ബാബുവിനെയും കൂട്ടുപ്രതിയായ കൊല്ലം പുത്തൻകുളം നന്ദു ഭവനിൽ ബാബു എന്ന തീവെട്ടി ബാബുവിനെയും പിടികൂടിയിരുന്നു. നിരവധി കേസിൽ ഇരുവരും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണമുതൽ വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ വിനിയോഗിക്കുന്നത്. തീവെട്ടി ബാബുവിന് കൊട്ടാരം ബാബുവുമായി ജയിലിൽ വച്ചുചുള്ള പരിചയമാണ്. 2020 വരെ 26 മോഷണ കേസുകൾ തീ വെട്ടി ബാബുവിന്റെ പേരിലുണ്ട്. ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ പ്രദക്ഷിണ എണ്ണ വിളക്കുകൾക്ക് എണ്ണയൊഴിക്കുന്ന തീവെട്ടിക്കമ്പി കൊണ്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനാലാണ് തീവെട്ടി ബാബുവെന്ന പേര് വീണത്. 2020 ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവർ പദ്ധതികൾ ആസൂത്രണം ചെയ്യുകയും കല്ലമ്പലം - ആറ്റിങ്ങൽ ദേശീയ പാതയിൽ കടുവയിൽ പള്ളിക്ക് സമീപമുള്ള വീട്ടിൽ മോഷണം നടത്തി രക്ഷപ്പെട്ടു. തുടർന്ന് കല്ലമ്പലം പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരും പിടിയിലായത്.
2021 ൽ പരോളിലിറങ്ങിയ കൊട്ടാരം ബാബു ജൂൺ 21 ന് കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി. കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കാർത്തികപ്പള്ളിക്കാരനായ മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. 35 വർഷങ്ങളായി മോഷണക്കുറ്റകൃത്യങ്ങളിൽ വ്യാപൃതനാണ് ബാബു. കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിയദർശിനി നഗറിലെ മോഷണം പ്രതി 'ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തിയത്. തുടർന്ന് കുറ്റസമ്മത മൊഴിയുടെ പ്രസക്തഭാഗങ്ങൾ കേസ് ഡയറി സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് ഗാന്ധിനഗർ പൊലീസ് കൈമാറുകയായിരുന്നു. 2021 ജൂലൈ 29 നാണ് മെഡിക്കൽ കോളേജ് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.