തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ എത്തി രണ്ടരവർഷക്കാലത്തിനിടയിൽ വിവിധ കാരണങ്ങൾകൊണ്ട് നാല് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. രാജിവെച്ച രണ്ട് മന്ത്രിമാർ തിരിച്ചുവന്നെങ്കിലും കായൽകയ്യേറ്റത്തിന്റെ പേരിൽ തോമസ് ചാണ്ടിക്ക് എന്നെന്നേക്കും മന്ത്രിസ്ഥാനം നഷ്ടമായി. മാത്യു ടി തോമസ് രാജിവെക്കുന്നത് പാർട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളുടെ പേരിലായിരുന്നു. ഇപ്പോൾ കെടി ജലീലും. അങ്ങനെ അഞ്ചു കൊല്ലം കൊണ്ട് അഞ്ച് മന്ത്രിമാർ രാജിവച്ചു. അതിൽ രണ്ട് പേർക്ക് പുനർനിയമനം കിട്ടിയെന്നതും വസ്തുത.

ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത് ബന്ധുനിയമനത്തിന്റെ പേരിലായിരുന്നു. 'ചിറ്റപ്പൻ മന്ത്രി' എന്ന ഇരട്ടപ്പേരും ജയരാജന് കേരളം ചാർത്തിനൽകി. പിന്നീട് വിജിലൻസ് അന്വേഷണത്തിൽ വളഞ്ഞ വഴിയിൽ ക്ലീൻ ചിറ്റ് വാങ്ങി മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും പിണറായി സർക്കാരിന് ബന്ധുനിയമനവിവാദവും ജയരാജന്റെ രാജിയും വിവാദക്കൊടുങ്കാറ്റ് തന്നെയായിരുന്നു സൃഷ്ടിച്ചത്. ജയരാജനെ നിരീക്ഷിക്കാൻ പാർട്ടി പ്രതിനിധിയെ പോലും പിണറായി നൽകി.

പിന്നീട് എൻ.സി.പി നേതാവ് എ.കെ ശശീന്ദ്രനായിരുന്നു പേരുദോഷമുണ്ടാക്കിയ രണ്ടാമത്തെ മന്ത്രി. ഫോൺകെണി വിവാദത്തിൽപ്പെട്ട 'പൂച്ചക്കുട്ടി മന്ത്രി' ശശീന്ദ്രനും ഒടുവിൽ രാജിയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. എ.കെ ശശീന്ദ്രന്റെ രാജിക്ക് ശേഷം പാർട്ടിയിലെ രണ്ടാമത്തെ എംഎ‍ൽഎയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അതിനും കൂടുതൽ ദിവസത്തെ ആയുസുണ്ടായിരുന്നില്ല. കായൽക്കയ്യേറ്റവും സ്വന്തം റിസോർട്ട് നിർമ്മാണത്തിനുവേണ്ടി നടത്തിയ കയ്യേറ്റങ്ങളും കേരളരാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ തോമസ് ചാണ്ടിക്കും രാജിവെച്ച് പുറത്തുപോകേണ്ടിവന്നു. പിന്നീട് തോമസ് ചാണ്ടി അന്തരിക്കുകയും ചെയ്തു.

തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നേരത്തെ രാജി വെച്ച എ.കെ ശശീന്ദ്രൻ ഫോൺകെണി കേസിൽ അനുരഞ്ജനത്തിന്റെ പാത തീർത്താണ് രണ്ടാമതും പിണറായി മന്ത്രിസഭയിൽ മന്ത്രിയായത്. മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവച്ചത് ജനതാദള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. പകരം കെ കൃഷ്ണൻകുട്ടി മന്ത്രിയായി. ഒടുവിൽ ഇളാപ്പ മന്ത്രിയും രാജിവച്ചു. അതും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം. 'എളാപ്പ മന്ത്രി' കെ.ടി ജലീലിന്റെ അവസ്ഥ രാജിയിലേക്കെത്തുന്നത് ലോകായുക്താ വിധിയെ തുടർന്നാണ്. ഇളാപ്പ എന്ന് ജലീലിനെ വിളിക്കുന്ന ആൾക്ക് നൽകിയ നിയമനമാണ് ലോകായുക്താ വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ബന്ധുനിയമന വിവാദത്തിൽ ഓരോദിവസവും മന്ത്രി ജലീലിനെതിരെ പുതിയ ആരോപണങ്ങളാണ് പുറത്തുവന്നത്. ഇതിനെ എല്ലാം പ്രതിരോധിച്ച് അഞ്ചാം കൊല്ലത്തിലേക്ക് കാര്യങ്ങളെത്തി. അടുത്ത സർക്കാരിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് ശേഷം ലോകായുക്താ വിധി വന്നു. അതു മാത്രമാണ് പിണറായിക്ക് ആശ്വാസം. അല്ലെങ്കിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ബോംബായി ഇത് മാറുമായിരുന്നു. വോട്ടെടുപ്പിന് പിന്നാലെ വിധി എത്തിയതു കൊണ്ട് മാത്രം ബാലറ്റിൽ ജലീലിന്റെ രാജി പ്രതിഫലിക്കാതെ പോയി.

പികെ ഫിറോസ് മന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത് 2018 നവംബർ രണ്ടിന്. ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ടി.കെ അബീദിന്റെ നിയമനമാണ് വിവാദമായത്. ബന്ധു നിയമനത്തിന് യോഗ്യതയിൽ മാറ്റം വരുത്തി എന്നതാണ് പ്രധാന ആരോപണം. ഇതിനിടെ പല വിവാദങ്ങളും ജലീലിനെ തേടിയെത്തി. സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. അന്നെല്ലാം ജലീലിന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടി. എന്നാൽ മുഖ്യമന്ത്രി കാര്യമായി ഈ വിവാദങ്ങളെ എടുത്തില്ല. മാർക്കു ദാനവും മലയാള സർവ്വകലാശാല ഭൂമി ഏറ്റെടുക്കലുമെല്ലാം വലിയ പൊല്ലാപ്പുണ്ടാക്കി.

എന്നാൽ ബന്ധു നിയമനത്തിൽ ലോകായുക്തയെ വെല്ലുവിളിക്കാൻ സിപിഎം തയ്യാറായിരുന്നില്ല. അങ്ങനെ അഞ്ചാം കൊല്ലം അഞ്ചാം മന്ത്രിയെ പിണറായിക്ക് നഷ്ടമായി.