- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
റോഡിലൂടെ നല്ല സ്പീഡിൽ കുതിച്ച് പാഞ്ഞു; പെട്ടെന്ന് ബൈക്കുമായി കൂട്ടിയിടിച്ച് ഉഗ്ര ശബ്ദം; കുവൈറ്റിൽ ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫലാഹ് റോഡിൽ മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഒട്ടകം ദേഹത്തേക്ക് വീണ് ഒരു പ്രവാസി മരിച്ചു. ബുധനാഴ്ച രാവിലെ 8:30 ഓടെ നടന്ന അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഒട്ടകം സമീപത്തുണ്ടായിരുന്ന മൂന്ന് പ്രവാസികളുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. ഒട്ടകം ദേഹത്തേക്ക് വീണതിനെ തുടർന്നാണ് ഒരു പ്രവാസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. മരണപ്പെട്ടയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാൾക്ക് ശരീരത്തിൽ ഒന്നിലധികം ഒടിവുകളും ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സബാഹ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെയാൾക്ക് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടാൻ സാധിച്ചു.
മോട്ടോർ സൈക്കിൾ ഇടിച്ചതിനെത്തുടർന്നാണ് ഒട്ടകം പ്രവാസികളുടെ മേലേക്ക് വീണതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അബ്ദാലി ക്ലിനിക്കിൽ നിന്നുള്ള വിവരമനുസരിച്ച് ഖശാനിയ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ഒരു ബംഗ്ലാദേശി പൗരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്. മരുഭൂമി മേഖലകളിലെ റോഡുകളിൽ ഒട്ടകങ്ങൾ കുറുകെ വരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


