- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടോത്രം എനിക്കേല്ക്കില്ല, പരീക്ഷിക്കാന്‍ വെല്ലുവിളിക്കുന്നു; അതൊരു മാനസിക രോഗം; 'കൂടോത്ര' ചര്‍ച്ച കൊഴുക്കവേ കുറിപ്പുമായി ഉണ്ണിത്താന്റെ മകന്
കാസര്‍കോട്: കോണ്‍ഗ്രസിലെ കൂടോത്ര ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമെല്ലാം ഒരുപോലെ നാണക്കേടായി മാറിയിരുന്നു ഈ കൂടോത്രം. യൂത്ത് കോണ്‍ഗ്രസ് ആകട്ടെ കൂടോത്രക്കാരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തുവരികയും ചെയ്തു. ഇതിനിടെയാണ് കൂടോത്രക്കാരെ വെല്ലിവിളിച്ചു കൊണ്ട് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് രംഗത്തുവന്നത്.
കൂടോത്രം ചെയ്യുന്നവര്‍ തനിക്കെതിരെ പ്രയോഗിക്കണമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ മകന് അമല്‍ ഉണ്ണിത്താന് വ്യക്തമാക്കിയത്. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അമല്‍ ഉണ്ണിത്താന്റെ വെല്ലുവിളി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വീട്ടില്‍ നിന്നും രാജ്മോഹന്‍ ഉണ്ണിത്താന്റെ സാന്നിധ്യത്തില്‍ മന്ത്രവാദി കൂടോത്ര സാമഗ്രികള്‍ കണ്ടെത്തിയതു ചര്‍ച്ചയായതിനു പിന്നാലെയാണ് അമലിന്റെ കുറിപ്പ്. താനൊരു അന്ധവിശ്വാസി അല്ലാത്തതിനാല്‍ കൂടോത്രം ഏല്‍ക്കില്ലെന്നും അവയില്‍ വിശ്വസിക്കുന്നവരെ മാത്രമേ ഇത്തരം കാര്യങ്ങള്‍ ബാധിക്കുകയുള്ളൂവെന്നും അതൊരു മാനസിക രോഗമാണെന്നും അമല്‍ പറഞ്ഞു. അമലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അമലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും മാന്ത്രികതയിലും കൂടോത്രത്തിലും മറ്റ് പിന്തിരിപ്പന് രീതികളിലും വിശ്വസിക്കുന്ന വ്യക്തികള്‍ ഇപ്പോഴും ഉണ്ട്. ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. ഈ വീക്ഷണങ്ങള്‍ ആരുടേതായാലും, അവ കാലഹരണപ്പെട്ടതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ്.
ഈ സമ്പ്രദായങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ തട്ടിപ്പുക്കാരല്ലാതെ മറ്റൊന്നുമല്ല. സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു. ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ എനിക്കെതിരെ പരീക്ഷിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു ഞാന്‍ ഒരു അന്ധവിശ്വാസി അല്ലാത്തതിനാല്‍ അത് തീര്‍ച്ചയായും ഏല്‍ക്കില്ല. ഇത്തരം കാര്യങ്ങള്‍ അവയില്‍ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ, കാരണം അവ സ്വന്തം മനസ്സില്‍ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. അതൊരു മാനസിക രോഗമാണ്!
കഴിഞ്ഞ ദിവസം കൂടോത്രത്തെ പരിഹസിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. കൂടോത്രം ചെയ്തിട്ട് കാര്യമില്ല, പണിയെടുക്കണം'- നേതൃത്വത്തെ പരിഹസിച്ച് യൂത്ത് കോണ്ഗ്രസ്പണിയെടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും ഇത്തരക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് നാണക്കേടാണെന്നും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പറഞ്ഞു. ഇത് 21-ാം നൂറ്റാണ്ടാണെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാര്‍ട്ടിയാണ് ഇതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടോത്രം വെക്കാന്‍ എടുക്കുന്ന പണിയുടെ പകുതി പാര്‍ട്ടിയില്‍ എടുത്താലേ നല്ല നേതാവാകൂ എന്ന് പറഞ്ഞ അബിന്‍ വര്‍ക്കി, പണിയെടുക്കാതെ കൂടോത്രം വെച്ചാലൊന്നും പാര്‍ട്ടി ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത് 21-ാം നൂറ്റാണ്ട് ആണെന്നും 2024 ആണെന്നും കൂടോത്രക്കാര് ഓര്‍ക്കണം.
സയന്റിഫിക് ടെമ്പര്‍ എന്ന വാക്ക് പ്രതിഫലിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാര്‍ട്ടിയാണ് ഇത്. കൂടോത്രം വരുമാനമാര്‍ഗമാക്കിയവരും മറ്റുള്ളവരെ നശിപ്പിക്കാന്‍ ഇറങ്ങിയവരുമായ വ്യക്തികള്‍ ഇതൊന്ന് മനസിലാക്കി വെക്കണം. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടി ഉണ്ടാകൂ. പണിയെടുത്താലെ നിങ്ങള്‍ നേതാവാകൂ- അബിന്‍ വര്‍ക്കി പറഞ്ഞു.