കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വെള്ളരി മലയുടെ താഴ്വാരത്തടക്കം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ കാമല്‍ ഹമ്പ് മൗണ്ട്യന്‍സില്‍ (ഒട്ടകക്കൂന മലനിരകളില്‍) ആയിരത്തിലേറെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും. യുനസ്‌കോ അംഗീകരിച്ച അന്താരാഷ്ട്ര ജൈവവൈവിധ്യ മണ്ഡലമായ നീലിഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖല.

വയനാട്ടിലേക്കുള്ള പ്രവേശനകവാടമായ വൈത്തിരി മുതല്‍ തമിഴ്നാട്ടിലെ നീലഗിരി വരെ വ്യാപിച്ച് കിടക്കുന്ന ബ്രിട്ടീഷുകാര്‍ വിളിച്ച കാമല്‍ ഹമ്പ് മൗണ്ട്യന്‍സ് എന്ന 2000 മീറ്റര്‍ വരെ ഉയരമുള്ള മലനിരകളിലെ അതീവ പരിസ്ഥിതി ലോല മേഖലയില്‍ ആയിരത്തോളം റിസോര്‍ട്ടുകളാണുള്ളത്. വൈത്തിരി, മേപ്പാടി, മുപ്പൈനാട് എന്നീ പഞ്ചായത്തുകളിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുമായിട്ടാണ് ഈ മലനിര വ്യാപിച്ച് കിടക്കുന്നത്.

റിസോര്‍ട്ടുകളുടെ ഭാഗമായി മലമുകളില്‍ മരംമുറിച്ചും മണ്ണിടിച്ചും നടത്തുന്ന നിര്‍മ്മാണങ്ങളും തടയണകെട്ടലുമടക്കമാണ് സോയില്‍പൈപ്പിങിനും ഉരുള്‍പൊട്ടലിനും ഇടയാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ഈ മലനിരകളിലെ വെള്ളരിമല, ചെമ്പ്ര മല, തൊള്ളായിരം കണ്ടി മല, അരുണമല എന്നിവിടങ്ങളിലായി ആയിരത്തോളം റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമുള്ളതായി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ പറഞ്ഞു.

ചെങ്കുത്തായ മലനിരകള്‍ ഇടിച്ച് യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുന്നിന്‍മുകളില്‍ റിസോര്‍ട്ടുകള്‍ വരുന്നത്. കാട്ടരുവിയിലെ നീരൊഴുക്ക് തടഞ്ഞ് തടയണകെട്ടിയാണ് ഇവര്‍ നീന്തല്‍കുളത്തിലേക്കുള്ള വെള്ളം വരെ സംഭരിക്കുന്നത്. മരംമുറിച്ചും തടയണകെട്ടിയും ഭൂപ്രകൃതിയില്‍ മാറ്റംവരുത്തിയുമുള്ള നിര്‍മ്മാണങ്ങള്‍ മേല്‍മണ്ണ് ഇളകി കനത്ത മഴയില്‍ ഉരുള്‍പൊട്ടലിന് ഇടയാക്കുമെന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നു.

കാമല്‍ ഹമ്പ് മൗണ്ട്യന്‍സും ഈമലവാരത്തെ മുണ്ടക്കെ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ സ്ഥലങ്ങളൊക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്. വയനാട് ജില്ലയില്‍ മൂവായിരത്തിലേറെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്്. ടൂറിസം ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുള്ളത് കേവലം 22 ഹോം സ്റ്റേകള്‍ക്കും. 9 സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റുകള്‍ക്കുമാണ്.

റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സടക്കമുള്ളവ ആവശ്യമുണ്ട്. എന്നാല്‍ ഇവയൊന്നുമില്ലാതെയാണ് അനധികൃത റിസോര്‍ട്ടുകള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ റിസോര്‍ട്ടുകളെക്കുറിച്ച് യാതൊരു കണക്കും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും ടൂറിസം വകുപ്പിന്റെയും പക്കലില്ല. കേശവേന്ദ്രകുമാര്‍ വയനാട് കളക്ടറായിരിക്കെ 2015ല്‍ വയനാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണം കൊണ്ടുവന്നിരുന്നു.

സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ നഗരസഭകളില്‍ പരമാവധി 5 നിലവരെയുള്ള കെട്ടിടങ്ങള്‍ക്കും പഞ്ചായത്തുകളില്‍ 3 നിലകെട്ടിടങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിരുന്നത്. വൈത്തിരി പഞ്ചായത്തില്‍ 2 നില കെട്ടിടങ്ങള്‍ക്കു മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് വന്‍കിടകെട്ടിടങ്ങളാണ് വയനാട്ടില്‍ ഉയരുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളെതുടര്‍ന്നുണ്ടാക്കിയ കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ പാലിക്കാത്തതും ഭീഷണിയാണ്.