കൊച്ചി: മതവിശ്വാസം സംബന്ധിച്ച് നിര്‍ണായ പരാമര്‍ശവുമായി കേരളാ ഹൈക്കോടതി. ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്. ഒരാളുടെ മതപരമായ ആചാരങ്ങള്‍ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളില്‍ അത് അടിച്ചേല്‍പ്പിക്കാനാവില്ല. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരന്‍മാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ധനമന്ത്രിയായിരിക്കുമ്പോള്‍ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതിനെതിരെ വിദ്യാര്‍ത്ഥിനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം.

തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതുവഴി വിദ്യാര്‍ത്ഥിനി മുസ്ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നതുവഴി വ്യഭിചാരം ചെയ്‌തെന്നും പരാമര്‍ശിച്ചാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചത്. ഈ സംഭവത്തില്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കലാപത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്.

മതം വ്യക്തിപരമാണെന്നും ആരേയും നിര്‍ബന്ധിക്കാനാവില്ലെന്നും മുസ്ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മാനം സ്വീകരിക്കുമ്പോള്‍ ധനമന്ത്രിക്കു കൈകൊടുക്കാന്‍ പരാതിക്കാരി തീരുമാനിച്ചാല്‍ ഹര്‍ജിക്കാരന് അതില്‍ എന്തു കാര്യമെന്നും കോടതി ചോദിച്ചു. പരാതിക്കാരി കോഴിക്കോട് സ്വകാര്യ ലോ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഹര്‍ജിക്കാരന്‍ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതു സംബന്ധിച്ചാണ് കേസ്.

2016ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കുമായി കോളജില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കാന്‍ പരാതിക്കാരിക്ക് അവസരം ലഭിച്ചിരുന്നു. ചടങ്ങില്‍ താന്‍ മന്ത്രിക്ക് ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതം ശരി അത്ത് നിയമം ലംഘിച്ചെന്ന് പരാമര്‍ശിച്ച് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.