- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പില്‍ മുഖ്യം കറന്‍സി, നഷ്ടമായത് വന്‍തുക! പണം മാറ്റുന്നത് സ്വിസ്, യുക്രൈന് അക്കൗണ്ടുകളിലേക്ക്; ഇന്റര്‍പോളിനെ സഹായം തേടി കേരളാ പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. നിരവധി പേരുടെ പണം നഷ്ടമായിട്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പു നടത്തിയവര്‍ പണം വിദേശത്തേക്ക് കടത്തുന്നതു കാരണം പോലീസ് അന്വേഷണവും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമം ഒരു വശത്ത് ശക്തമാണ്. ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിലൂടെ വന്‍ലാഭം വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തുന്നവര്‍ പണം മാറ്റുന്ന ബാങ്കു വിവരങ്ങള്‍ക്കായി സംസ്ഥാന പോലീസ് രാജ്യാന്തര പോലീസ് സംവിധാനത്തിന്റെ സഹായം തേടുകയാണ്.
സ്വിറ്റ്സര്‍ലന്‍ഡ്, യുക്രൈന് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍നിന്നുള്ള അക്കൗണ്ടു വിവരങ്ങള്‍ ലഭിക്കാന്‍ സൈബര്‍ ഡിവിഷന് കേന്ദ്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനെ (എഫ്.ഐ.യു.) സമീപിച്ചു. അവര്‍വഴി ഇന്റര്‍പോളിനെ സമീപിച്ച് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമം.
കേരളത്തില്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ വന്‍തുകയാണ് നഷ്ടമായിട്ടുള്ളത്. ഈ പണം ക്രിപ്റ്റോ വാലറ്റുവഴി രാജ്യത്തിനുപുറത്തുള്ള ചില അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. യുക്രൈന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചില ബാങ്കുകളില്‍നിന്ന് വിവരങ്ങള്‍ക്കായി സൈബര്‍ പോലീസ് ശ്രമിച്ചെങ്കിലും ബാങ്കുകള്‍ സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് എഫ്.ഐ.യു.വിനെ സമീപിച്ചത്.
ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പണമാണ് ക്രിപ്റ്റോ കറന്‍സി. ബിറ്റ്കോയിനാണ് ആദ്യമായി ഉടലെടുത്ത ക്രിപ്റ്റോ പണം. പിന്നീട് ഒട്ടേറെ ക്രിപ്റ്റോ കറന്‍സികള്‍ നിലവില്‍വന്നു. ഇടപാടുകള്‍ ലോകത്തെമ്പാടും വ്യാപിച്ചതോടെ അവയുടെ മൂല്യം ഉയരുകയും നിക്ഷേപമാര്‍ഗമായി മാറുകയും ചെയ്തു. ചെറിയ നിക്ഷേപങ്ങള്‍ക്കും വലിയ വരുമാനം ലഭിച്ചതോടെ ഈ രംഗത്തേക്ക് കൂടുതല്‍പ്പേര്‍ വന്നു. അതോടെ തട്ടിപ്പുകളും വ്യാപിച്ചു.
സാമൂഹികമാധ്യമങ്ങളിലൂടെ ക്രിപ്റ്റോ വ്യാപാരത്തിലേക്ക് ആകര്‍ഷിച്ച് തട്ടിപ്പുനടത്തുന്നതാണ് രീതി. നിക്ഷേപത്തിനനുസരിച്ച് ക്രിപ്റ്റോ കറന്‍സി ലഭിക്കുന്നതായി അറിയിക്കുകയും പെട്ടെന്നുതന്നെ അവയുടെ മൂല്യം വര്‍ധിച്ചതായി കാട്ടുകയുംചെയ്യു. നിക്ഷേപിച്ച തുകയുടെ മൂല്യംകൂടുമ്പോള് അത് പണമായി പിന്‍വലിക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കും. അതിനു കഴിയാതെവരുമ്പോളാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.
പണം കൈമാറുന്ന വഴികണ്ടെത്താനായി പ്രത്യേക സോഫ്റ്റ്വേര്‍ വാങ്ങാന്‍ പോലീസിന്റെ സൈബര്‍ ഡിവിഷന് നടപടി ആരംഭിച്ചിട്ടുണ്ട്. നാലഞ്ചുമണിക്കൂര്‍കൊണ്ട് കണ്ടെത്തുന്ന ഇടപാടുവിവരങ്ങള്‍ പത്തുമിനിറ്റുകൊണ്ട് കണ്ടെത്താനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതുത്തിടെ കേരളത്തില്‍ നടന്ന ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി തട്ടിപ്പു നടന്നത് ഹൈറിച്ച് തട്ടിപ്പിലായിരുന്നു. 'ഹൈറിച്ച്' മാനേജിങ് ഡയറക്ടര്‍ പ്രതാപന് മറയാക്കിയ 'എച്ച്.ആര് കോയിന്' വ്യാജ ക്രിപ്റ്റോയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ ക്രിപ്റ്റോ കറന്‍സി വഴിയാണ് കോടികള്‍ ഇയാള്‍ സമ്പാദിച്ചു കൂട്ടിയത്. തട്ടിപ്പിലൂടെ സമാഹരിച്ച കോടികള്‍ പ്രതാപനും കൂട്ടരും മറ്റ് ക്രിപ്റ്റോ നിക്ഷേപങ്ങളാക്കി മാറ്റുകയും ചെയ്തു.
പ്രതാപന്റെയും കമ്പനിയുടെയും പേരില്‍ 11 ക്രിപ്റ്റോ വോലറ്റുകളാണ് ഉള്ളത്. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിലെ മൂന്ന് അക്കൗണ്ടുകളില്‍ ഹൈറിച്ചിന്റെ കോടികള്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലുള്ള പ്രതാപനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതിനാണ് ഇ.ഡി നീക്കം. മണിചെയിന്‍ തട്ടിപ്പിന്റെ മാതൃകയില്‍ 3141 കോടി രൂപയുടെ നിക്ഷേപമാണ് ഹൈറിച്ച് കമ്പനി സ്വീകരിച്ചത്. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത 15 കേസുകളില്‍തന്നെ 1157 കോടി രൂപയുടെ തട്ടിപ്പ് ഇ.ഡി കണ്ടെത്തിയതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് കോടതിയെ അറിയിച്ചു.