തിരുവനന്തപുരം: സിപിഎമ്മിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയെയും തൊഴിലാളി സംഘടനയായ സിഐടിയുവിനെയും വിമര്‍ശിച്ചു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രണ്ട് പോഷക സംഘടനകളും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

അതേസമയം സി ഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തില്‍ നിന്ന് വീണ് ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റുതൊഴിലാളികളെ ഫൈബര്‍ ട്യൂബ് ലൈറ്റ് കൊണ്ടും കൈ കൊണ്ടും സി ഐ ടി യുകാര്‍ മര്‍ദ്ദിച്ചെന്ന് ഫയാസിന്റെ പിതാവും കൂലി നല്‍കാമെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നെന്ന് കരാറുകാരനും മാധ്യമങ്ങളോട് വ്യക്തമാക്കി.

എസ് എഫ് ഐയും സി ഐ ടി യവും സി പി എമ്മിന്റെ ഗുണ്ടാപ്പടയായി മാറി. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹതയില്ലെന്നും സുധാകരന്‍ പറഞ്ഞു. തൊഴിലാളികളെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് മടിക്കുകയാണ്. സമാന നിലപാടാണ് കാര്യവട്ടം കാമ്പസില്‍ എസ് എഫ് ഐ അതിക്രമം നടത്തിയപ്പോഴും പൊലീസ് സ്വീകരിച്ചത്.

അക്രമം നടത്തുന്നത് സി പി എമ്മിന്റെ പ്രവര്‍ത്തകരാണെങ്കില്‍ നിഷ്‌ക്രിയമാവുകയും അത് ചോദ്യം ചെയ്യാനെത്തുന്ന യു ഡി എഫിന്റെ എം എല്‍ എമാര്‍ക്കെതിരെ കേസെടുത്ത് ആത്മാര്‍ത്ഥത കാട്ടുകയും ചെയ്യുന്ന പൊലീസ് നിലപാട് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. അധികാര ഭ്രാന്ത് എന്തും ചെയ്യാനുള്ള ലൈസന്‍സായി സി പി എം കാണരുത്. നിരപരാധികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സി പി എമ്മിന്റെ രക്ഷാപ്രവര്‍ത്തന ശൈലി നാടിന് ആപത്താണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഒന്നാം പിണറായി സര്‍ക്കാര്‍ നോക്കുകൂലി ഒഴിവാക്കി നിയമം നടപ്പാക്കിയെങ്കിലും സി ഐ ടി യുവിന് മാത്രം അത് ബാധകമല്ലെന്ന് നിലപാടാണ്. നോക്കുകൂലിക്കെതിരെ ഹൈക്കോടതി നിരന്തരമായി ഇടപെട്ടിട്ടും സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നു. ഇവരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ നോക്കുകൂലി നിരോധനനിയമം വെറും നോക്കുകുത്തിയാണെന്നും സുധാകരന്‍ പരിഹസിച്ചു.