കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈ ചൂരല്‍ മലയില്‍ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട് . ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. പുലര്‍ച്ചെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.

അപകടത്തെ തുടര്‍ന്ന് മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.
നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നിലവില്‍ ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു ടീം എന്‍.ഡി.ആര്‍.എഫ് കൂടി അധികമായി ജില്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പസ്‌ന്റെ രണ്ട് സംഘം വയനാടിലേക്ക് നീങ്ങുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവന്‍ രക്ഷാസംഘങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും റോഡും, പാലവും തകര്‍ന്നും, വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡില്‍ മരവും മണ്ണും വന്നടിഞ്ഞതിനാല്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരല്‍ ദുഷ്‌കരമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുള്‍ഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കിലോമീറ്ററോളം സ്ഥലത്ത് വന്‍നാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ,ചൂരല്‍മല , പുത്തുമല പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ചൂരല്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വന്‍ മണ്ണിടിച്ചിലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചൂരല്‍ മലയിലേക്ക് പോകുന്ന റോഡില്‍ പലയിടത്തും ഗതാഗത തടസ്സം. മേഖലയില്‍ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയില്‍ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.