തിരുവനന്തപുരം: ആ വേട്ടയാടലിന് ഒരു വര്‍ഷം കഴിഞ്ഞു. മറുനാടന്‍ മലയാളിയെ വേട്ടയാടി പൂട്ടിക്കെട്ടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിച്ച് അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഓഫിസില്‍ കയറി കംപ്യൂട്ടറുകളടക്കം സകല ഇലക്ട്രോണിക് ഉപകരണങ്ങളും എടുത്തുകൊണ്ടുപോയി അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് സുപ്രീം കോടതി തടയിട്ട ദിനമായിരുന്നു കഴിഞ്ഞ ദിവസം. വാസ്തവത്തില്‍ ഒന്നര മാസം മുമ്പ് തന്നെ ഫേസ്ബുക്ക് ആ പീഡനകാലം ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോ വൈറലാകുകയാണ്. കഴിഞ്ഞ ദിവസമാണ് വീഡിയോ പ്രസിദ്ധീകരിച്ചത്.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇട്ടുകൊണ്ട് മറുനാടനെ പൂട്ടിക്കെട്ടിക്കും എന്നു വെല്ലുവിളിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് കഴിഞ്ഞ ഒരു മാസമായി കടന്നുപോയത്. ആ ദിനങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് അതൊക്കെ വിട്ടുകളഞ്ഞതായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിക്ക് ശേഷം സങ്കടത്തിന്റെ പെരുമഴ പെയ്തു തീര്‍ന്നപ്പോള്‍ ഫെയ്സ്ബുക്കിലെത്തി ഞാന്‍ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം ഷെയര്‍ ചെയ്തിരുന്നു. ഫേസ്ബുക്ക് ഓര്‍മിപ്പിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്ന ആമുഖത്തോടെയാണ് തുടക്കം.

അതിനുമുമ്പും പിണറായിയുടെ പൊലീസ് എനിക്കെതിരെയും മറുനാടന് എതിരെയും കേസുകള്‍ എടുത്തിട്ടുണ്ടെങ്കിലും പൊലീസില്‍ നീതിബോധമുള്ളവര്‍ ബാക്കിയുള്ളതുകൊണ്ട് ഒന്നും ഒരിടെത്തും എത്തിയിരുന്നില്ല. എന്നാല്‍ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ അമേരിക്കയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് അവനെ അങ്ങ് തീര്‍ത്തേക്കു എന്ന് ഉത്തരവിട്ടിട്ട് പോയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്, എഡിജിപി അജിത് കുമാറിന്റെ മേല്‍നോട്ടത്തില്‍ മറുനാടന്‍ വേട്ട എന്ന ദൗത്യം ഏറ്റെടുത്തതോടെ അതിനുവേണ്ടി ഏതാണ്ട് നാലായിരം പൊലീസിനെ നിയോഗിച്ചതോടെ എന്റെ ദുരിത ജീവിതം തുടങ്ങുകയായിരുന്നു.

ആ ഒന്നര മാസത്തെ ഓട്ടത്തിനിടയില്‍ ഞാന്‍ പിടിക്കപ്പെടാതിരുന്നത് രണ്ടേ രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. അല്‍പ്പം പോലും ഏന്റെ മിടുക്കൊ ബുദ്ധിയോ ഇല്ല. നേരെ മറിച്ച് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മലയാളികള്‍ കണ്ണീരൊഴുക്കി സകല ദൈവങ്ങളോടും പ്രാര്‍ഥിച്ചതുകൊണ്ട്, അങ്ങനെ ദൈവം എന്നെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ആ ദിനങ്ങള്‍ ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം വേദനാജനകമാണ്. നിരാശജനകമാണ്. സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍ എത്രമാത്രം എന്നെയും മറുനാടനെയും സ്നേഹിക്കുന്നുവെന്ന് ഭരണാധികാരികളെ കാണിച്ചുകൊടുത്തത് വേട്ടയുടെ ആ ദിനങ്ങളായിരുന്നു.

കപട മതേതരത്വവും ജനാധിപത്യവും സൂക്ഷിക്കുന്ന 24 ന്യൂസ് ചാനലും മീഡിയവണ്‍ ചാനലും ലോകത്തെ ഏറ്റവും വലിയ ക്രിമിനലായി പ്രഖ്യാപിച്ചുകൊണ്ട് എന്നെ പൂട്ടിക്കെട്ടുന്നതിനുവേണ്ടി ആഘോഷപൂര്‍വം നടത്തിയ വ്യാജ റിപ്പോര്‍ട്ടിംഗുകളുടെ അന്ത്യം കൂടിയായിരുന്നു അന്നത്തെ സുപ്രീം കോടതി വിധി. പിണറായി വിജയന്‍ എന്ന സര്‍വാധികാരിയായ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഏറാന്‍ മൂളിയായ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനും രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ള എഡിജിപി അജിത് കുമാറിനുമൊക്കെ മുകളിലാണ് സര്‍വശക്തനായ ദൈവവും സത്യവുമെന്ന് തെളിഞ്ഞ ദിവസമായിരുന്നു അന്ന്. അവരൊക്കെ പൊട്ടിക്കരഞ്ഞു കാണുമെന്ന് ഉറപ്പാണ്. എന്നിട്ടും പകതീരാതെ മാസങ്ങളോളം എന്ന നിശബ്ദനാക്കാനും പൂട്ടിക്കെട്ടിക്കാനും ഈ സര്‍ക്കാരും പൊലീസും ശ്രമിച്ചു.

ആ കേസില്‍ സുപ്രീം കോടതിയില്‍ വരെ പോയി വിജയം നേടിയിട്ടും എന്റെ മേല്‍ ചുമത്തപ്പെട്ടത് രണ്ടു ഡസനിലധികം ജാമ്യമില്ലാ കേസുകളാണ്. എല്ലായിടത്തും തുണയായത് സര്‍വശക്തനായ ദൈവവും നീതി നേടിയെടുക്കുന്നതിന് വേണ്ടി സമ്മര്‍ദത്തിന് വഴങ്ങാതെ പോരാടിയ വലിയൊരു അഭിഭാഷക സംഘമുണ്ട്. എന്റെ സഹോദരന്‍ അഡ്വ. ജിജിന്‍, പൊന്‍കുന്നം കോടതിയിലെ അഡ്വ. ബിനോയ്, എറണാകുളത്തെ തോമസ് ആനങ്കല്‍, സീനിയര്‍ അഭിഭാഷകരായ എസ് രാജീവ്, വിജയഭാനു മുതല്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര വരെയുള്ള വലിയൊരു സംഘം.

തുടര്‍ വേട്ടക്കാലത്ത് എന്റെ സഹോദരനായി സകല സമര്‍ദ്ദങ്ങളെയും അതിജീവിച്ചുകൊണ്ട് കോടതികളില്‍ നിന്നും കോടതികളിലേക്ക് ഓടിനടന്ന തിരുവനന്തപുരത്തെ എന്റെ അഭിഭാഷകന്‍ ശ്യാം ശേഖറെ മരിച്ചാലും മറക്കാനാവില്ല. ആദ്യത്തെ കേസും തുടര്‍ന്നുള്ള ഒളിവ് ജീവിതവും സുപ്രീം കോടതി വരെപ്പോയി പിടികൊടുക്കാതെ നേടിയ വിജയവുമായിരുന്നു ഇതിലെ ഹൈലറ്റ്. അന്നായിരുന്നു പിണറായിയുടെ പൊലീസ് മറുനാടന്റെ ഓഫീസിലും എന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും വീടുകളില്‍ കയറി ഇറങ്ങി നരനായാട്ട് നടത്തിയത്.

അടഞ്ഞുകിടന്ന എന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചും കുത്തിത്തുറന്നുമാണ് മെഡിക്കല്‍ കോളജ് സി ഐ ആയിരുന്ന ഹരിലാല്‍ തന്റെ പക വീട്ടിയത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എനിക്ക് തുണയേകിയത് തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനമായിരുന്നു. അതുകൊണ്ടാണ് സുപ്രീം കോടതി വിധി വന്നയുടന്‍ ആ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം ഞാന്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തതും ആയിരങ്ങള്‍ അത് ഏറ്റെടുത്തതും. ഇന്ന് ആ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം അന്വര്‍ഥമായിരിക്കുന്നു.

വേടന്റെ കെണയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും സിംഹങ്ങളുടെ മുന്നില്‍ നിന്നും ദൈവം എന്നെ രക്ഷിച്ചിരിക്കുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയനും അദ്ദേഹത്തിന്റെ ശിങ്കിടികളും നേരിടുന്ന പ്രതിസന്ധിയും അവയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുമൊക്കെ ആ സങ്കീര്‍ത്തന വാചകങ്ങള്‍ ശരിയാണെന്ന് ഓര്‍മിപ്പിക്കുന്നു. ഒരിഞ്ചുപോലും പുറകോട്ട് പോകാതെ സത്യം പ്രഘോഷിക്കാനുള്ള കരുത്ത് ദൈവം എനിക്ക് നല്‍കുന്നു എന്നത് വിസ്മയകരമാണ്-ഷാജന്‍ സ്‌കറിയ വിശദീകരിക്കുന്നു.